Sorry, you need to enable JavaScript to visit this website.

ഇനി ശാന്തിപർവം

കണ്ണുകളിൽ സ്ഥായിയായ വിഷാദ ഭാവവും ചുണ്ടിൽ നനുത്ത പുഞ്ചിരിയുമായി നാടകം തന്നെ ജീവിതമായി കരുതിയ ഒരു പാവം മനുഷ്യൻ. ശാന്തകുമാറിന്റെ ജീവിതയാത്ര ഇവിടെ അവസാനിക്കുകയാണ്. കോഴിക്കോടൻ നാടകവേദിയിലെ തിളക്കമാർന്ന ഒരു കണ്ണി കൂടി മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു.
കോവിഡ് മഹാമാരി ഈ ഭൂമിയിൽനിന്നും തുടച്ചുമാറ്റപ്പെട്ട ഒട്ടേറെ ജീവിതങ്ങളുടെ കൂട്ടത്തിൽ ഈ നാടകകൃത്തും. ദീർഘകാലമായി രക്താർബുദത്തിന്റെ കരാള ഹസ്തങ്ങൾ ആ ശരീരത്തെ വലിച്ചുമുറുക്കിയിരുന്നു. ഇടയ്ക്ക് രോഗം ഭേദമായിരുന്നെങ്കിലും ഈയിടെ വീണ്ടും വില്ലനായെത്തി ആ പ്രതിഭയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അരങ്ങിൽ നിരവധി പരീക്ഷണങ്ങൾ നടത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു അദ്ദേഹം.
''അഞ്ചു വർഷങ്ങൾക്കു ശേഷം കള്ളനെപ്പോൽ അവൻ പതുങ്ങിവന്നു. വീണ്ടും ലൂക്കേമിയയുടെ പിടിയിൽ... ഹെമറ്റോളജി വാർഡിൽ അഞ്ചാം ദിവസമാണിന്ന്. അന്തിമ വിധി എന്തായാലും നാടകക്കാരനായിത്തന്നെ പുനർജനിക്കണം....''- ഇക്കഴിഞ്ഞ ജൂൺ ആറിന് തന്റെ മുഖപുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടു. ഒരുപക്ഷേ, മരണം മുന്നിൽ കണ്ടായിരുന്നോ അദ്ദേഹം ഇങ്ങനെ എഴുതിയത്.
നഗരത്തിൽനിന്നും ഏറെ അകലെയല്ലാത്ത പറമ്പിൽ ബസാറിൽ ജനിച്ചുവളർന്ന ശാന്തകുമാർ ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽനിന്നാണ് മലയാള സാഹിത്യത്തിൽ ബിരുദം നേടിയത്. പഠനകാലത്തുതന്നെ അരങ്ങിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്ന അദ്ദേഹം പഠനശേഷം മുഴുവൻ സമയം നാടകരംഗത്ത് തുടർന്നു. ഒട്ടേറെ കലാസമിതികൾ പൂത്തുതഴച്ചുനിന്നിരുന്ന ആ നാട്ടിൻപുറത്ത് ഒരു നാടകകൃത്തെന്ന നിലയിൽ ശാന്തകുമാർ ജ്വലിച്ചുനിൽക്കുകയായിരുന്നു. കെ.ടിക്കും താജിനും ശേഷം കോഴിക്കോട്ടെ നാടക അരങ്ങുകളെ ഭ്രമിപ്പിച്ച നാടകകൃത്തായിരുന്നു അദ്ദേഹം.
കലാലയ നാടകരംഗത്തും ഈ നാടകകൃത്തിനെ മാറ്റിനിർത്താനാവുമായിരുന്നില്ല. രചനയും സംവിധാനവും നിർവഹിച്ച ഒട്ടേറെ നാടകങ്ങൾ യൂനിവേഴ്‌സിറ്റി കലോത്സവങ്ങളിൽ നിരവധി തവണ ഒന്നാംസ്ഥാനം അലങ്കരിച്ചു.
സംഗീത നാടക അക്കാദമി അവാർഡ് നേടിയ പെരുംകൊല്ലൻ, സുഖനിദ്രയിലേയ്ക്ക്, പതിമൂന്നാം വയസ്സ്, ന്റെ പുള്ളിപ്പയ്യ് കരയ്യാണ്, ദാഹം, കർക്കടകം, സ്വപ്നവേട്ട, രാച്ചിയമ്മ, കറുത്ത വിധവ, കുരുടൻ പൂച്ച, ജയിൽ ഡയറി തുടങ്ങി ഒട്ടേറെ നാടകങ്ങൾ അദ്ദേഹത്തിന്റെ തൂലികയിലൂടെ പിറവി കൊണ്ടു.
ലൈംഗിക തൊഴിലാളികൾക്കു വേണ്ടി രചിച്ച ഒറ്റ രാത്രിയുടെ കാമുകിമാർ, അവസാന ചുംബനം എന്നീ നാടകങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വീഴ്ചയിൽ അരയ്ക്കു താഴെ തളർന്നുപോയ അജയൻ എന്ന നാടകനടനു വേണ്ടി രചനയും സംവിധാനവും നിർവഹിച്ച മരം പെയ്യുന്നു എന്ന നാടകവും ശ്രദ്ധേയമായിരുന്നു. അജയനും ഇന്ന് ജീവിച്ചിരിപ്പില്ല.
കേരള സംഗീത നാടക അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അംഗീകാരങ്ങൾ ഒന്നിലേറെ തവണ കരസ്ഥമാക്കിയ ശാന്തകുമാറിന് മറ്റു ചില അവാർഡുകളും ലഭിച്ചിട്ടുണ്ട്. ചിരുത ചിലതൊക്കെ മറന്നുപോയി എന്ന നാടകത്തിന് തോപ്പിൽ ഭാസി അവാർഡും ബാലൻ കെ.നായർ അവാർഡും ലഭിച്ചിട്ടുണ്ട്. കൂടാതെ നിലമ്പൂർ ബാലൻ പുരസ്‌കാരം, കൈരളി ടി.വി അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നിവയും ലഭിച്ചു.
ശാന്തകുമാർ രചിച്ച ഒരു ദേശം നുണ പറയുന്നു എന്ന നാടകം ഇതിവൃത്തമാക്കി ഷൈജു അന്തിക്കാട് ഒരുക്കിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്കും ചുവടുവെച്ചിരുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ശാന്തകുമാർ തന്നെയായിരുന്നു നിർവഹിച്ചത്.
സായാഹ്നങ്ങളിൽ ടൗൺഹാളിന്റെ വഴികളിലും ആർട്ട് ഗാലറിയുടെ മുറ്റത്തും വലിയൊരു സൗഹൃദ വലയത്തിനു നടുവിൽ സംസാരിച്ചുകൊണ്ടുനിൽക്കുന്ന ആ രൂപം ഇനിയുണ്ടാവില്ല. അതുപോലെ കോവിഡ് നിശ്ചലമാക്കിയ അരങ്ങുകൾ വീണ്ടുമുണരുമ്പോൾ പുതിയ ചലനങ്ങളുണ്ടാക്കാൻ ഈ പ്രതിഭയുടെ അസാന്നിധ്യം അസ്വസ്ഥമാക്കും. അശാന്തമായ കാലത്തോട് ഒട്ടും ശാന്തനല്ലാതെ കലഹിക്കാൻ ഇനി ശാന്തനില്ല. എങ്കിലും അദ്ദേഹം അരങ്ങിലേയ്ക്കു ചേർത്തുവെച്ച അക്ഷരങ്ങൾ കനൽ ജ്വലനങ്ങളായി കത്തിപ്പടർന്നുകൊണ്ടേയിരിക്കും. 

Latest News