വിദ്യാര്‍ഥികളുടെ ജാമ്യം റദ്ദാക്കിയില്ല, ഹൈക്കോടതി വിധി മറ്റു കേസുകള്‍ക്ക് ബാധകമാക്കരുത്

ന്യൂദല്‍ഹി- ദല്‍ഹി കലാപക്കേസില്‍ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹരജികളില്‍ സുപ്രീം കോടതി മൂന്ന് വിദ്യാര്‍ഥി നേതാക്കള്‍ക്ക് നോട്ടീസ് അയച്ചു. ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. എന്നാല്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവ് മറ്റ് കേസുകള്‍ക്ക് കീഴ്‌വഴക്കം ആകരുത് എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ജാമ്യം അനുവദിച്ചതിന് എതിരെ ദല്‍ഹി പോലീസ് നല്‍കിയ ഹരജിയില്‍ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തല്‍ഹ എന്നിവര്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നാല് ആഴ്ചത്തെ സമയം വിദ്യാര്‍ഥി നേതാക്കള്‍ക്ക് കോടതി അനുവദിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ ജാമ്യത്തില്‍ ഇറങ്ങിയതിനാല്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി വിസ്സമ്മതിച്ചു.

ജാമ്യ അപേക്ഷയില്‍ യു എ പി എ നിയമത്തിന്റെ സാധുത പരിശോധിച്ച ഹൈക്കോടതി നടപടിയില്‍ കോടതി അത്ഭുതം രേഖപ്പെടുത്തി. രാജ്യത്ത് ആകമാനം ഉള്ള യുഎപിഎ കേസുകളില്‍ ഈ ഉത്തരവ് സ്വാധീനം ചെലുത്തുമെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ദല്‍ഹി ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകളില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ മറ്റ് കേസുകള്‍ക്ക് ഈ ഉത്തരവ് ബാധകമാക്കരുത് എന്ന് കോടതി നിര്‍ദേശിച്ചത്.

ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍നിന്ന് ഉണ്ടായതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാന്‍ ഉള്ള അവകാശം എന്നത് ബോംബ് സ്‌ഫോടനം നടത്താനും കലാപം ഉണ്ടാക്കാനും ഉള്ള സ്വാതന്ത്ര്യം അല്ലെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.

 

 

Latest News