തൃശൂര്‍- വാട്‌സാപ് സ്റ്റാറ്റസിനു കമന്റിട്ടതിനു 12 അംഗ സംഘം വീടുകള്‍ തകര്‍ത്തു. ഗുണ്ടാപട്ടികയിലുള്ള അഞ്ചേരി ജി.ടി. നഗറില്‍ മേനാച്ചേരി മിഥുന്റെ വീട്ടിലാണ് ആദ്യം അക്രമം. ജനലുകളുടെയും കാറിന്റെയും 2 ഓട്ടോറിക്ഷകളുടെയും ചില്ലുകള്‍ തകര്‍ത്തു. വാതിലുകളില്‍ വാള്‍ കൊണ്ട് വെട്ടി.
മിഥുന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പുറത്തിറങ്ങിയില്ല. 5 വര്‍ഷമായി കേസുകളിലൊന്നും പെടാതെ കഴിയുന്ന മിഥുന്‍ 3 വര്‍ഷമായി കൂട്ടുപ്രതികളുമായി ചങ്ങാത്തത്തിലുമല്ല. കൂട്ടുപ്രതികളില്‍ ചിലര്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതിനു മിഥുന്‍ ഇട്ട കമന്റ് ഇഷ്ടപ്പെടാതിരുന്ന പ്രതികള്‍ ഫോണിലൂടെ വാക്കേറ്റം നടത്തി. തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അക്രമം. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് സി.പി.എം അഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പട്ടീലത്തൊടി സുഭാഷിന്റെയും സഹോദരന്‍ ബാബുവിന്റെയും വീടുകള്‍ തകര്‍ത്തു.
ജനല്‍ ചില്ലുകളും 2 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും തല്ലിത്തകര്‍ത്തു. പോലീസിനും എതിര്‍ ഗുണ്ടാസംഘത്തിനും വിവരം കൈമാറിയെന്നാരോപിച്ചായിരുന്നു അക്രമം. സംഭവവുമായി ബന്ധപ്പെട്ട് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ദേവന്‍, അരുണ്‍, വിഷ്ണു, രമേഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.