യോഗാ ഗുരു ബാബാ രാംദേവിന് എതിരെ അലോപ്പതിക്കെതിരെ  തെറ്റായ പ്രചരണം നടത്തിയതിന് പോലീസ് കേസെടുത്തു 

ന്യൂദല്‍ഹി- കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് അലോപ്പതിക്കെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന പരാതിയില്‍ യോഗാ ഗുരു ബാബാ രാംദേവിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഛത്തീസ്ഗഡ് ഘടകത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഛത്തീസ്ഗഡ് പോലീസ് രാംദേവിന് എതിരെ കേസെടുത്തിരിക്കുന്ന്. ഐപിസി 188, 269, 504 എന്നിവ പ്രകാരവും 2005ലെ ദുരന്ത നിവാരണ നിയമവും പ്രകാരമാണ് രാംദേവിന് എതിരെ കേസെടുത്തിരിക്കുന്നതെന്ന് റായ്പൂര്‍ സീനിയര്‍ പോലീസ് സപൂപ്രണ്ട് അജയ് യാദവ് വ്യക്തമാക്കി. ഐഎംഎയുടെ പരാതിയില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. രാംദേവിനെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഐഎംഎ റായ്പൂര്‍ പ്രസിഡണ്ട് ഡോക്ടര്‍ രാകേഷ് ഗുപ്ത അടക്കമുളളവര്‍ ആണ് രാംദേവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി രാംദേവ് സര്‍ക്കാരും ഐസിഎംആറും ആരോഗ്യ മേഖലയും മുന്‍നിര ആരോഗ്യ സംഘടനകളും കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ചികിത്സയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് രാംദേവിന് എതിരെയുളള പരാതിയില്‍. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ നിരവധി വീഡിയോകള്‍ രാംദേവിന്റെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഡോക്ടര്‍മാരും ഇതര ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഒരുമിച്ച് കോവിഡ് വൈറസിന് എതിരെ പൊരുതുമ്പോഴാണ് രാം ദേവ് അംഗീകരിക്കപ്പെട്ട ചികിത്സാ രീതികള്‍ക്ക് എതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.  

Latest News