അവിഹിതം ആരോപിച്ച് നാട്ടുകാര്‍ യുവതിയെ മര്‍ദിച്ചു മുടിമുറിച്ചു, ഭര്‍ത്താവിനെ കെട്ടിയിട്ടു

കൊല്‍ക്കത്ത- ബംഗാളിലെ ജല്‍പയ്ഗുരി ജില്ലയില്‍ അവിഹിത ബന്ധം ആരോപിച്ച് ഭര്‍തൃമതിയായ യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ചു മുടിമുറിച്ചു. ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ടാണ് യുവതിയെ മര്‍ദിച്ചത്. ഒരു യുവാവുമായി 30കാരിയായ യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവിതയെ മര്‍ദിക്കുന്ന വിഡിയോ വൈറലായതോടെയാണ് പോലീസ് സംഭവം അറിയുന്നത്.

യുവതിയുടെ അവിഹിതം ചര്‍ച്ച ചെയ്യാന്‍ നാട്ടുകാര്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇവരെ പിന്തുടര്‍ന്ന നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ മര്‍ദിക്കുകയും ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിടുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. പരാതി ലഭിച്ചയുടന്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതികളായ ഏഴു പേരെ പൊക്കിയതായും പാലീസ് പറഞ്ഞു.  ഇവര്‍ക്കെതിരെ മാനഭംഗക്കുറ്റം അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
 

Latest News