Sorry, you need to enable JavaScript to visit this website.

മുല്ലപ്പെരിയാർ ജലം നേരത്തെ എത്തി; മനം നിറഞ്ഞ് തമിഴകം

മുല്ലപ്പെരിയാർ ജലസമൃദ്ധമാക്കിയ പാടം കൃഷിക്കൊരുക്കുന്ന തമിഴ്‌നാട്ടിലെ കർഷകർ 

ഇടുക്കി- നേരത്തേ എത്തിയ കാലവർഷം മുല്ലപ്പെരിയാർ അണക്കെട്ടിനെ ജലസമൃദ്ധമാക്കിയതിൽ മനം നിറഞ്ഞ് തമിഴകം. 
ഇക്കാലത്ത് പതിവായി വരണ്ട് കിടക്കാറുള്ള തമിഴ് മണ്ണിലേക്ക് മുല്ലപ്പെരിയാർ വെള്ളം എത്തിയതോടെ തമിഴ്മക്കൾ വിത്തും കൈക്കോട്ടുമായി പാടത്തിറങ്ങി. സാധാരണ ഓഗസ്റ്റിന് ശേഷം മാത്രം മെച്ചപ്പെടാറുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലെ നീരൊഴുക്ക് ഇത്തവണ മെയ് അവസാനം തന്നെ ശക്തിപ്പെട്ടു. വർഷങ്ങൾക്ക് ശേഷമാണ് ജൂൺ ഒന്നാം തീയതി തന്നെ അണക്കെട്ടിൽനിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നു വിടുന്നത്. ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് 131 അടിയാണ്. സെക്കന്റിൽ 900 ഘന അടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്. 
തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളുടെ ജലദാഹമാണ് മുല്ലപ്പെരിയാർ തീർക്കുന്നത്. തെക്കൻ തമിഴ്‌നാട്ടിലെ കമ്പം മേഖലയിലെ 14,707 ഏക്കർ സ്ഥലത്തെ നെൽകൃഷിക്ക് നിലം ഒരുക്കുന്ന ജോലികളാണ് തകൃതിയായി നടന്നു വരുന്നത്. പരമ്പരാഗത രീതിയിൽ കാളയും കലപ്പയും ഉപയോഗിച്ച് ചെറുകിട കർഷകരും ട്രാക്ടർ സഹായത്തോടെ വൻകിട കർഷകരും നെൽകൃഷിക്കായുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചു. ഇക്കാലത്ത് പതിവില്ലാതെ തമിഴ്‌നാട്ടിൽ ചെറിയ രീതിയിൽ മഴ ലഭിച്ചതോടെ നെല്ലുവിത്തു പാകി ഞാറു വളർത്തിയെടുക്കുന്നതിന് ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് ഞാറ്റടികൾ കർഷകർ തയാറാക്കിക്കഴിഞ്ഞു. 

Latest News