Sorry, you need to enable JavaScript to visit this website.

അപഖ്യാതി ഒഴിവാക്കാൻ കാമ്പയിനുമായി വാട്‌സ്ആപ് 

നിബന്ധനകളിലും വ്യവസ്ഥകളിലും ഈ വർഷാദ്യം പ്രഖ്യാപിച്ച മാറ്റങ്ങളെ തുടർന്ന് തിരിച്ചടി നേരിട്ട വാട്‌സ്ആപ് സ്വകാര്യത കേന്ദ്രീകരിച്ചുള്ള പരസ്യ കാമ്പയിൻ തുടങ്ങി. യു.കെയിൽ ആരംഭിച്ചിരിക്കുന്ന പ്രചാരണം ഉടൻ തന്നെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. പുതിയ വർഷത്തിൽ പ്രഖ്യാപിച്ച  മാറ്റങ്ങളിൽ ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് കനത്ത തിരിച്ചടിയാണ് കമ്പനി നേരിട്ടതെന്ന് വിലയിരുത്തപ്പെടുന്നു. 
സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്യുന്ന രീതിയിൽ വിട്ടുവീഴ്ച ചെയ്യാൻ യു.കെ ഉൾപ്പെടെയുള്ള സർക്കാരുകളുടെ സമ്മർദത്തിനെതിരെ തങ്ങൾ ഉറച്ചുനിൽക്കുകയാണെന്ന് വാട്‌സ്ആപ് അവകാശപ്പെടുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു പകരം സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സുരക്ഷ ആവശ്യപ്പെടുകയാണ് സർക്കാരുകൾ വേണ്ടതെന്ന് വാട്‌സ്ആപ് മേധാവി വിൽ കാത്കാർട്ട് പറയുന്നു.
ആളുകൾ സുരക്ഷിതമാകുന്നതിന് ആദ്യ പടിയായി വേണ്ടത് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ്. സുരക്ഷ ദുർബലമാക്കാൻ  സർക്കാരുകൾ ടെക് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാധ്യമായ ഏറ്റവും ശക്തമായ സുരക്ഷ വാഗ്ദാനം ചെയ്യാനാണ് കമ്പനികളെ പ്രോത്സാഹിപ്പിക്കേണ്ടത്. ഇതിനായി നിയമപരമായി  നിർബന്ധിക്കാനും സർക്കാരുകൾ ശ്രമിക്കണം. 
യു.കെയിലും ജർമനിയിലും ആരംഭിച്ച മാർക്കറ്റിംഗ്, പരസ്യ കാമ്പയിൻഅന്താരാഷ്ട്ര തലത്തിൽ വ്യാപിപ്പിക്കാനാണ് വാട്‌സ്ആപ് ഒരുങ്ങുന്നത്. അയക്കുന്ന ഉപകരണത്തിലും സ്വീകരിക്കുന്ന ഉപകരണത്തിലും മാത്രമേ സന്ദേശങ്ങൾ വായിക്കാൻ കഴിയൂ എന്ന എൻഡ്ടുഎൻഡ് എൻക്രിപ്ഷനിൽ ഊന്നിയാണ് വാട്‌സ്ആപ്പിന്റെ പ്രചാരണം. വാട്‌സ്ആപ്പിന് തന്നെയോ അതിന്റെ മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കിനോ  അവ കാണാനോ തടസ്സപ്പെടുത്താനോ കഴിയില്ലെന്നും കമ്പനി അവകാശപ്പെടുന്നു. നിയമപാലകർക്കും ഇവ പരിശോധിക്കാൻ കഴിയില്ലെന്ന് വാട്‌സ്ആപ് ചൂണ്ടിക്കാണിക്കുന്നു. സന്ദേശങ്ങളുടെ ഉറവിടം അധികൃതർ ആവശ്യപ്പെട്ടാൽ വെളിപ്പെടുത്തണമെന്നാണ് വിവിധ രാജ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ സർക്കാരുകൾ തുടരുന്ന സമ്മർദം.
നിയമവിരുദ്ധമായ ഉള്ളടക്കം പങ്കിടുന്നതിനെതിരായ പോരാട്ടത്തിൽ എൻഡ്ടുഎൻഡ് എൻക്രിപ്ഷൻ പരിഗണിക്കാൻ കഴിയില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.പൊതു സരക്ഷക്കും കുട്ടികളുടെ സുരക്ഷക്കും അനുസൃതമായ രീതിയിൽ വേണം  ഇത് ഉപയോഗിക്കാനെന്ന് അവർ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും  എങ്ങനെ പ്രവർത്തികമാക്കുമെന്ന് വിശദീകരിച്ചിട്ടില്ല.
വാട്‌സ്ആപ്പിനു പുറമെ, മറ്റു സേവനങ്ങളിലുടനീളം എൻക്രിപ്ഷൻ കൂടുതൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.
ചൈനയിൽ വാട്‌സ്ആപ്പ് ഉപയോഗം ഇതിനകം തന്നെ തടഞ്ഞിട്ടുണ്ട്. ഇന്ത്യയിലാകട്ടെ,  പുതിയ ഡിജിറ്റൽ നിയമങ്ങളെക്കുറിച്ച് സർക്കാരിനെതിരെ വാട്‌സ്ആപ് കേസ് നൽകിയിരിക്കയാണ്. സ്വകാര്യത പരിരക്ഷിക്കാൻ ഏർപ്പെടുത്തിയ സംവിധാനം ലംഘിക്കാൻ ഇന്ത്യയിലെ പുതിയ നിയമങ്ങൾ വാട്‌സ്ആപ്പിനെ നിർബന്ധിതമാക്കുകയും ചെയ്യും. ആഗോളതലത്തിൽ വാട്‌സ്ആപ് ഉപയോഗിക്കുന്ന 200 കോടി  ഉപയോക്താക്കളിൽ 40 കോടി പേർ ഇന്ത്യയിലാണ്.
ലോകമെമ്പാടും സാങ്കേതിക മേഖലയിലെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനാൽ കൂടുതൽ രാജ്യങ്ങൾ വാട്‌സ്ആപ് തടയാൻ സാധ്യതയുണ്ടെന്ന യാഥാർഥ്യം മുന്നിൽ കാണുന്നുണ്ടെന്ന് കമ്പനി മേധാവി കാത്കാർട്ട് പറഞ്ഞു.സന്ദേശങ്ങളുടെ ഉള്ളടക്കം കാണാൻ വാട്‌സ്ആപ്പിന് കഴിയില്ലെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങളും തെറ്റായ വിവരങ്ങളും പങ്കിടുന്നത് തടയാൻ സഹായിക്കുന്ന സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.പ്രതിമാസം 20 ലക്ഷം അക്കൗണ്ടുകൾ വാട്‌സ്ആപ് നിരോധിക്കുന്നുണ്ട്. 2020 ൽ 3,00,000 ചിത്രങ്ങളെ കുറിച്ച്  നാഷണൽ സെന്റർ ഫോർ മിസ്സിംഗ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രനിൽ റിപ്പോർട്ട് ചെയ്തതായും കാത്കാർട്ട് പറഞ്ഞു.
സന്ദേശ സ്വീകർത്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ സംയോജനവും വാട്്‌സ്ആപ്പിന് കാണാൻ കഴിയുന്ന എൻക്രിപ്റ്റ് ചെയ്യാത്ത ഡാറ്റയും  മെഷീൻ ലേണിംഗും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.  ഒരു അക്കൗണ്ടിൽനിന്ന് അയക്കുന്ന സന്ദേശങ്ങളുടെയും ഗ്രൂപ്പുകളുടെയും എണ്ണം അടിസ്ഥാനമാക്കിയാണ് സംശയാസ്പദ അക്കൗണ്ടുകൾ കണ്ടെത്തുന്നത്. മുമ്പ് നിരവധി തവണ  സന്ദേശങ്ങൾ കൈമാറാൻ അവസരമുണ്ടായിരുന്നെങ്കിലും ഇപ്പോൾ സന്ദേശങ്ങൾ കൈമാറുന്നതിന് പരിധികളുണ്ട്.
നിബന്ധനകളിലും വ്യവസ്ഥകളിലും  മാറ്റങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ജനുവരിയിൽ ആയിരക്കണക്കിന് ഉപയോക്താക്കൾ വാട്‌സ്ആപ് ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വ്യക്തിഗത സന്ദേശങ്ങളുടെ സ്വകാര്യത മാറാൻ പോകുന്നുവെന്ന ആശങ്കയെ തുടർന്ന് പരിഭ്രാന്തരായ ആയിരക്കണക്കിന് ആളുകൾ സിഗ്‌നൽ, ടെലിഗ്രാം പോലുള്ള  സേവനങ്ങളിലേക്ക് ഒഴുകി.വാട്‌സ്ആപ് വഴി പേയ്‌മെന്റുകൾ സ്വീകരിക്കാൻ കമ്പനികളെ പ്രാപ്തമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാസ്തവത്തിൽ മാറ്റങ്ങളെന്നും പ്രഖ്യാപനം സൃഷ്ടിച്ച ആശയക്കുഴപ്പത്തിന്റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുത്തിട്ടുണ്ടെന്നും വാട്‌സ്ആപ് മേധാവി വിൽ കാത്കാർട്ട് പറഞ്ഞു. കമ്പനി വരുത്തിയ അപ്‌ഡേറ്റിൽ ആളുകളുടെ സ്വകാര്യ സംഭാഷണങ്ങളുടെ സ്വകാര്യതയെക്കുറിച്ച് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
 

Latest News