വെറുതെ നടന്നുപോകുന്നതിനിടെയാകും ഒരു നേർത്ത സംഗീതം നിങ്ങളെ വന്നു തൊട്ടുനിൽക്കുന്നത്. വന്നു പൊതിഞ്ഞുനിൽക്കുന്നോരനുഭവം എവിടെനിന്ന് വരുന്നുവെന്നറിയാതെ ഒരടി പോലും മുന്നോട്ട് പോകാനാകില്ല. മുന്നിലൊരു കോണി കാണുന്നുണ്ടാകും. പഴയ കെട്ടിടത്തിന്റെ മൂലയിലൂടെ അതിലും പഴയൊരു കോണി. അറിയാതെ തന്നെ ആ കോണി മാടി വിളിക്കും. തൂക്കിയിട്ട കയറിൽ പിടിച്ച് കോണിയേറും. പാതി ചാരിയ വാതിലിനിടയിലൂടെ അരിച്ചരിച്ചെത്തുന്ന സംഗീതത്തിന്റെ പിറവിയെയും നോക്കി നിൽക്കും. അകത്താരൊക്കെയോ ചേർന്ന് പാടുന്നു. തബലയും ഹാർമോണിയവുമുണ്ട്. ആരും ക്ഷണിക്കാതെ തന്നെ മുറിയിലേക്ക് കടന്നിരിക്കുകയായി. പതുക്കെ ഹാർമോണിയത്തിൽ തൊടുന്നു. പിന്നെപ്പിനെ തബലയിൽ മുട്ടുന്നു. ഇടയ്‌ക്കൊന്ന് പാട്ടുപാടി നോക്കുന്നു...അങ്ങനെയങ്ങിനെ നിങ്ങളുമാരൊക്കെയോ ആകുന്നു..
കോഴിക്കോടൻ സംഗീത പാരമ്പര്യം പോലെ തന്നെയാണ് കണ്ണൂരിന്റെയും പാട്ടുവഴികൾ. പാട്ടിന്റെ പട്ടുറുമാലും ചുറ്റി പാട്ടുകൂട്ടവുമായി കുറെ മനുഷ്യർ. ഈ പാട്ടുകൂട്ടത്തിലൊരാളായാണ് റാസയും സംഗീത ലോകത്ത് ഇടം കണ്ടെത്തുന്നത്. വേറിട്ട ശബ്ദത്തിലൂടെ സംഗീതത്തിന്റെ ആകാശത്തിലേക്ക് പുതിയ പടവുകൾ കെട്ടുകയാണ് റാസയും റസയുടെ ജീവിതത്തിലെ കൂട്ട് ഇംതിയാസും. സംഗീതവും ജീവിതവും കൂട്ടിക്കെട്ടിയുള്ള ശ്രുതിമധുരമായ ജീവിതം.

ഉമ്മയായിരുന്നു റാസയുടെ ചുണ്ട് പാട്ടിനൊപ്പം ചലിപ്പിച്ചത്. മനോഹരമായ പാട്ടുകളുമായി ഉമ്മ സുബൈദ റാസയെ പാട്ടിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എൽ.പി ക്ലാസ് മുതൽ സ്‌കൂൾ പരിപാടികളിൽ പങ്കെടുത്തു. വാദിഹുദ യു.പി സ്‌കൂളിലെത്തിയതോടെ കൂടുതൽ അവസരങ്ങളും ലഭിച്ചു.കണ്ണൂർ കുറുവ സ്വദേശിയായ റാസയുടെ സംഗീതത്തിലെ താൽപര്യം കണ്ടാണ് റാസയെ ഉപ്പ കെ.കെ ബഷീർ തന്റെ കൂട്ടുകാരൻ കൂടിയായ മഹമ്മൂദിന്റെ അടുത്തേക്ക് പറഞ്ഞയച്ചത്. സംഗീതത്തെ ജീവനോളം സ്‌നേഹിച്ച ഒരാളായിരുന്നു മഹമ്മൂദ്. ഹാർമോണിയത്തിൽ റാസയുടെ വിരലുകൾ തൊടുവിച്ചത് മഹമ്മൂദായിരുന്നു.
മഹമ്മൂദായിരുന്നു ആദ്യ ഗുരു. പിന്നീട് പാപ്പിനിശേരിയിലെ മൊയ്തു ഉസ്താദിന്റെ അടുത്തേക്കായി യാത്ര. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കാനുള്ള ശ്രമത്തിൽ വിജയിച്ചോ എന്ന ചോദ്യത്തിന് തന്റെ സ്വതഃസിദ്ധമായ വിനയം ചാലിച്ച ചിരിയുമായി റാസ ഹാർമോണിയത്തിൽ വിരലുകളോടിക്കും.
ഏതായാലും അടുക്കും ചിട്ടയോടും കൂടിയ ഗീത പഠനമായിരുന്നു അവിടെനിന്ന്. രാത്രി കുറെയാളുകൾ വരും. അവിടെയിരുന്നു പാടും. ചിലർ ഹാർമോണിയം വായിക്കും. ചിലർ തബലയിൽ വിരലോടിക്കും. കുറച്ചാളുകൾ മാത്രം. രാവേറും വരെ നീണ്ടുനിർക്കുന്ന മെഹ്ഫിലുകൾ. വീട്ടിൽനിന്ന് 24 കിലോമീറ്ററിലധികം ദൂരമുണ്ടായിരുന്നു അവിടേക്ക്. അതുകൊണ്ടു തന്നെ സ്ഥിരം യാത്ര നടക്കാതായി. അതോടെ ആ പഠനവും അലിഞ്ഞലിഞ്ഞില്ലാതായി.
കണ്ണൂർ സിറ്റിയിൽ തന്നെയുള്ള കണ്ണൂർ സിറ്റിയിലെ അബൂബക്കർ മെമ്മോറിയൽ മ്യൂസിക് അക്കാദമിയിലെ സ്ഥിരം അംഗമായി. പങ്കജ് ഉദാസ്, ജഗ്ജിത് സിംഗ് തുടങ്ങിയവരുടെ പാട്ടും ഗസലുകളുമെല്ലാം ചേർന്ന് നല്ല മേളമായിരുന്നു.
ഓമലാളെ നിന്നെയോർത്ത് എന്ന പാട്ടിലൂടെയാണ് റസയെ ആളുകളറിയുന്നത്. റസയുടെ ബാല്യകാല സുഹൃത്തും എൽ.പി സ്‌കൂളിലെ സഹപാഠിയുമായിരുന്ന യൂനുസാണ് ഓമലാളെ എന്ന പാട്ട് എഴുതിയത്. ഈ പാട്ടിന്റെ ആദ്യനാലു വരികൾ യൂനുസ് തന്നെ ഏകദേശം ചിട്ടപ്പെടുത്തി റസക്ക് അയച്ചുകൊടുത്തു. പിന്നീട് പൂർണമായും റസ തന്നെ സംഗീത സംവിധാനം നിർവഹിച്ച് പാടുകയും ചെയ്തു. മൂന്നു കൊല്ലത്തോളം ഈ പാട്ടിനൊപ്പം തന്നെയായിരുന്നു റസയും ഇംതിയാസും. അവരത് പിന്നെയുംപിന്നെയും കേൾക്കുകയും മാറ്റിപ്പണിയുകയും ചെയ്തു. അതുംകഴിഞ്ഞ് മകൾ സൈനബുൽ യുസ്‌റക്കടുത്തിരുന്ന് ഈ പാട്ട് പാടുന്നത് ഇംതിയാസ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് റാസയെന്ന ഇപ്പോഴത്തെ യുവഗായകൻ സംഗീത ലോകത്തിന് മുന്നിൽ ആശ്ചര്യമായത്.

സംഗീത വഴിയിലാണ് ഇംതിയാസും റാസയും കണ്ടുമുട്ടിയത്. തിരുവനന്തപുരം ആറ്റിങ്ങൽ ഇളമ്പയിലാണ് ഇംതിയാസിന്റെ വീട്. കണ്ണൂർ വളപ്പട്ടണത്തിലെ വെസ്റ്റേൺ പ്ലൈവുഡ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു ഉപ്പ ബുഖാരി. ഉമ്മ ഷംഷാദ് ബീഗത്തിന് കണ്ണൂരിലെ സെയിൽസ് ടാക്‌സ് ഓഫീസിലായിരുന്നു ജോലി. ചെറുപ്പം മുതലേ പാട്ടിനോടൊപ്പമായിരുന്നു ഇംതിയാസിന്റെ ചങ്ങാത്തം. ഇത് കണ്ട അയൽവാസികളാണ് ഉപ്പയോട് ഇംതിയാസിനെ സംഗീതം പഠിപ്പിക്കണമെന്ന് പറഞ്ഞത്. ഇംതിയാസിന്റെ സംഗീത പഠനം തുടങ്ങുന്നത് ഡോ. ഓമനക്കുട്ടി ടീച്ചറുടെ സംഗീത ഭാരതിയിലൂടെയാണ്. അത് പിന്നീട് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കാഞ്ഞങ്ങാട്ടെ സ്വാതി തിരുനാൾ കലാകേന്ദ്രത്തിൽ വരെയെത്തി. ശ്രീനിവാസൻ സാറായിരുന്നു ഗുരു. പത്താം ക്ലാസിന് ശേഷം പഠനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി സംഗീത പഠനത്തിന് ഇടവേള കൊടുക്കുകയായിരുന്നു.

ഇംതിയാസ് ബീഗത്തിന്റെ ഉപ്പ കണ്ണൂർ സിറ്റി മ്യൂസിക് ക്ലബ്ബിലെത്താറുണ്ടായിരുന്നു. അവിടെ വെച്ചാണ് ഇംതിയാസിന്റെ സംഗീത താൽപര്യത്തെ പറ്റി റാസയോട് ഉപ്പ പറയുന്നത്. പിന്നീട് പലപ്പോഴും സംഗീത വേദികളിൽ അവർ കണ്ടുമുട്ടി. അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു. ശ്രുതി മധുരമേറും ജീവിതത്തിൽ സൈനബുൽ യുസ്‌റ എന്ന മോളുമുണ്ട്. ആയുർവേദ നഴ്‌സ് കൂടിയായ ഇംതിയാസ് സംഗീത വേദികളിൽ റാസക്കൊപ്പം സജീവമാണ്. ദുബായിയിൽ ഗ്രാഫിക് ഡിസൈനറാണ് റാസ.
കേരളത്തിനകത്തും പുറത്തും നിരവധി സ്ഥലങ്ങളിൽ റാസയും ഇംതിയാസും ഗസൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ജിദ്ദയിൽ നടത്തിയ പരിപാടിയും ഏറെ പേരെ ആകർഷിച്ചു. പ്രശസ്ത സംഗീതജ്ഞൻ മലപ്പുറം അസീസ് ഭായിയുടെ മകനാണ് മുജീബ് മലപ്പുറം. ജിദ്ദയിലെ ജി.കെ ഗ്രൂപ്പായിരുന്നു പരിപാടിയുടെ സംഘാടകർ. നിരവധി കലാകാരൻമാരെ ഇതോടകം ജിദ്ദയിലെത്തിച്ച് ജി.കെ ഗ്രൂപ്പ് പരിപാടികൾ നടത്തിയിട്ടുണ്ട്.
ഇനിയും പെയ്തുതീരാത്ത മനോഹരമായ മഴ പോലൊരു രാവൊരുക്കിയാണ് റാസ റസാഖും ഇംതിയാസും തബലയിൽ മുജീബ് മലപ്പുറവും ജിദ്ദയിൽനിന്ന് മടങ്ങിയത്.
ഗസലുകൾ കേൾക്കാം:






