ചെന്നൈ- മധ്യ പൗരസ്ത്യ ദേശം ലോക നാഗരികതയുടേയും വൈജ്ഞാനിക വിപ്ലവത്തിന്റെയും സുപ്രധാന കേന്ദ്രങ്ങളാണെന്നും ശാസ്ത്ര സാങ്കേതിക താത്വിക മേഖലയിലെ നവോത്ഥാന നായകന്മാര്‍ അറബികളായിരുന്നുവെന്നും പ്രമുഖ ചരിത്രഗവേഷകനും അമേരിക്കയിലെ കിംഗ്‌സ് യൂനിവേഴ്സിറ്റി പ്രസിഡണ്ടുമായ ഡോ. ശെല്‍വിന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
സി.ബി. എസ്. ഇ ഒമ്പത്, പത്ത് ക്ലാസുകളില്‍ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് ഗ്രന്ഥകാരനും ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ മുന്‍ അറബി വകുപ്പ് മേധാവിയുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ സി.ബി. എസ്. ഇ. അറബി ഗ്രാമര്‍ ആന്റ് കോംപോസിഷന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോക സാംസ്‌കാരിക ഭൂപടത്തില്‍ മധ്യപൗരസ്ത്യ ദേശത്തെ അടയാളപ്പെടുത്തുന്നത് വൈജ്ഞാനിക മേഖലയുടെ വളര്‍ച്ചാവികാസത്തിന്റെ ഈറ്റില്ലമായാണ്. ലോകത്തിന് തന്നെ വെളിച്ചം നല്‍കിയ നവോത്ഥാനത്തിന് കാരണമായ മധ്യ പൗരസ്ത്യ ദേശങ്ങളുടെ സംഭാവനകളെ കുറച്ച് കാണാനാവില്ല. ഈ വിപ്ലവത്തിന് കരുത്തേകിയ അറബി ഭാഷയും സാഹിത്യവും ലോകത്തെ വിസ്മയിപ്പിക്കുന്നവയാണ്.
ചരിത്രത്തില്‍ തുല്യതയില്ലാത്ത ഗവേഷണങ്ങളും പഠനങ്ങളുമാണ് മധ്യ പൗരസ്ത്യ രാജ്യങ്ങള്‍ ലോകനാഗരികതക്ക് സമ്മാനിച്ചത്. യൂറോപ്പിന്റെ മാത്രമല്ല, മുഴുവന്‍ ലോകത്തിന്റേയും പുരോഗതിയിലേക്കുള്ള പാത സജ്ജമാക്കുന്നതില്‍ മധ്യ പൗരസ്ത്യ രാജ്യങ്ങളുടെ സംഭാവന നിസ്തുലമാണ്- അദ്ദേഹം പറഞ്ഞു. മധ്യ പൗരസ്ത്യ ലോകത്തെ വൈജ്ഞാനിക കലവറയായിരുന്ന പല ഗ്രന്ഥശേഖരങ്ങളും നഷ്ടപ്പെട്ടത് ലോക നാഗരികതക്കേറ്റ വന്‍ ദുരന്തമായി മാത്രമേ കാണാനാകൂ. നവോത്ഥാനത്തിന്റേയും സംസ്‌കാരത്തിന്റേയും ദീപശിഖയുമായി അറബി ഭാഷ ഉത്തരോത്തരം പ്രചാരം നേടുന്നുവെന്നതും ഏറെ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
റിയാദിലെ അല്‍ യാസ്മീന്‍ ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. റഹ്മത്തുല്ല പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. അറബി ഭാഷയുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുമ്പോള്‍ അറബി ഭാഷ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനയാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സക്‌സസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സയ്യിദ് എന്‍ മസൂദ്, ഡോ. അഷ്‌റഫ് താമരശ്ശേരി, ഡോ. ഷാജു കാരയില്‍, ഡോ. റിയാസ് ചാവക്കാട്, ഡോ. സേവ്യര്‍ നായകം, ഉബൈദ് എടവണ്ണ എന്നിവര്‍ സംസാരിച്ചു.
ഒമ്പത്, പത്ത് ക്ലാസുകളിലേക്ക് സി.ബി.എസ്.ഇ നിര്‍ദേശിച്ച മുഴുവന്‍ ഗ്രാമര്‍ പാഠങ്ങളും ഉള്‍പ്പെടുത്തിയതിന് പുറമേ മാതൃകാ കോംപോസിഷനുകളും കത്തുകളും കഴിഞ്ഞ പത്ത് വര്‍ഷത്തെ സി.ബി. എസ്. ഇ. ചോദ്യ പേപ്പറുകളും ഉള്‍കൊള്ളുന്ന പുസ്തകം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ സഹായകരമാകുമെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പഠനം അനായാസമാക്കാനും കൂടുതല്‍ മാര്‍ക്ക് നേടുവാനും കഴിയുന്ന രൂപത്തിലാണ് പുസ്തകം സംവിധാനിച്ചിരിക്കുന്നത്. ഡോ. അമാനുല്ല വടക്കാങ്ങരയുടെ 52 -ാമത് പുസ്തകമാണിത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡ്യൂമാര്‍ട്ടാ്ണ് പുസ്തകത്തിന്റെ പ്രസാധകര്‍.