കുവൈത്ത് സിറ്റി- ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ദുരുപയോഗം ചെയ്യുന്ന ഏജന്‍സികള്‍ക്ക് എതിരെ ഇന്ത്യയിലും കുവൈത്തിലും നിയമ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തില്‍ ഇതിനു വ്യവസ്ഥയുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അറിയിച്ചു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ധാരണാപത്രം സംബന്ധിച്ച് ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹം വിശദീകരിച്ചു.
റിക്രൂട്ട്‌മെന്റിന് ചാര്‍ജ് ഈടാക്കാന്‍ പാടില്ല. റിക്രൂട്ട്‌മെന്റ് ഫീസ് എന്നപേരില്‍ തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് വിഹിതം പിടിച്ചെടുക്കുന്ന രീതി അനുവദിക്കില്ല. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ തൊഴില്‍ കരാറുണ്ടാക്കണം. സര്‍ക്കാരുകളുടെയും അംഗീകാരത്തോട് കൂടിയുള്ളതാകണം കരാര്‍.
തൊഴിലാളിയുടെ പേരില്‍ തൊഴിലുടമ ബാങ്ക് അക്കൗണ്ട് ഉറപ്പാക്കി പ്രതിമാസം ശമ്പളം നിക്ഷേപിക്കണം. ഗാര്‍ഹിക തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കാന്‍ കുവൈത്ത് അധികൃതര്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനം ഉണ്ടാക്കും. ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടൂള്ള സംവിധാനത്തിന് പുറമെയാണ് അത്.
തൊഴിലാളിയുടെ പേരില്‍ തൊഴിലുടമ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം. അപകടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണം.
ഗാര്‍ഹിക തൊഴിലാളികള്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ തര്‍ക്കങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ജുഡീഷ്യല്‍ ചെലവ് നല്‍കേണ്ടതില്ല. തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ പിടിച്ചുവയ്ക്കരുത്.
ഗാര്‍ഹിക തൊഴിലാളി പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സംയുക്ത സമിതി ഉണ്ടാകും. ഗാര്‍ഹിക തൊഴിലാളിക്ക് 100 ദിനാര്‍ കുറഞ്ഞ കൂലി ഉറപ്പാക്കും. റിക്രൂട്ട് ചെയ്ത് എത്തുന്നവരെ സ്വീകരിക്കാനും തൊഴില്‍ ഒഴിവാക്കി പോകുന്നവരെ യാത്രയയക്കാനും വിമാനത്താവളത്തില്‍ സംവിധാനം ഉണ്ടാക്കും. പാചകക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തോട്ടക്കാര്‍, കുട്ടികളെയും വയോജനങ്ങളെയും രോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവര്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് ഗാര്‍ഹിക തൊഴിലാളികള്‍ എന്ന നിര്‍വചനത്തില്‍ വരുന്നത്.