ദോഹ- കോവിഡ് വാക്‌സിനേഷൻ ഒന്നാം ഡോസിന്റെയും രണ്ടാം ഡോസിന്റെയും ഇടയിലുള്ള കാലപരിധി കുറക്കുന്നത് ഫലപ്രാപ്തി കുറച്ചേക്കുമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വാക്‌സിനേഷൻ വിഭാഗം മേധാവി ഡോ. സോഹ അൽ ബയാത് അഭിപ്രായപ്പെട്ടു. ഫൈസർ-ബയോൺടെക് വാക്‌സിന് ആദ്യ ഡോസിന് ശേഷം 21 ദിവസത്തെ ഇടവേളയും മോഡേണ വാക്‌സിന് 28 ദിവസത്തെ ഇടവേളയുമാണ് ഏറ്റവും മികച്ച ഫലം നൽകുകയെന്ന് ക്ലിനിക്കൽ ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനാൽ ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം ധൃതി വേണ്ടെന്നും നിർണിത ദിവസം ക്ഷമയോടെ കാത്തിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ആദ്യ ഡോസ് വാക്സിനെടുത്ത ശേഷമുള്ള ഇടവേള രണ്ടോ മൂന്നാ ആഴ്ച കൂട്ടുന്നത് ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നതെന്നും അവർ പറഞ്ഞു.






