ന്യൂദൽഹി- ഭീകരരേയും അവരുടെ സംഘടനകളേയും പിന്താങ്ങുന്ന പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ നിലപാടിൽ മാറ്റമില്ലെന്നാരാപിച്ച് സാമ്പത്തിക സഹായം നിർത്തിയ യു.എസിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ച് പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തി. പാക്കിസ്ഥാന്റെ സൈനിക ക്യാമ്പുകൾ ഉപയോഗിച്ച് യു.എസ് 57,800 തവണയാണ് യു.എസ് അഫ്ഗാനിസ്ഥാനെ ആക്രമിച്ചതെന്നും എന്നിട്ടും ഞങ്ങളെന്താണ് ചെയ്തതെന്നാണ് യു.എസ് ചോദിക്കുന്നതെന്നും വികാരനിർഭരമായ ഒരു ട്വീറ്റിൽ മന്ത്രി ആസിഫ് പറയുന്നു. പാക്കിസ്ഥാൻ വഞ്ചിക്കുകയാണെന്നും കള്ളംപറയുകയാണെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയോട ട്വിറ്ററിൽ ട്വീറ്റുകളുടെ ഒരു പരമ്പരയിലൂടെയാണ് ആസിഫ് പ്രതികരിച്ചത്.
'ഞങ്ങളുടെ സൈന്യം ഒരു അസാധാരണ യുദ്ധമാണ് നടത്തുന്നത്. ബലികളുടെ കഥകൾക്ക് അവസാനമില്ല. ഇപ്പോൾ ചരിത്രം ഞങ്ങളെ പഠിപ്പിക്കുന്നത് യു.എസിനെ കണ്ണടച്ച് വിശ്വസിക്കരുതെന്നാണ്. അവർ തൃപ്തരല്ലെന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. എന്തായാലും ഇനി ഞങ്ങളുടെ അന്തസ് വിട്ടുള്ള വിട്ടുവീഴ്ചയ്ക്കില്ല,' ആസിഫ് പറഞ്ഞു.
മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ആസിഫിന്റെ ട്വീറ്റുകളുടെ തുടക്കം. 'ഒറ്റ ഫോൺവിളിയിൽ ഒരു ഭരണാധികാരി രാജ്യത്തെ അടിയറവച്ചതോടെ നാം കടന്നു പോയത് ഏറ്റവും രൂക്ഷമായ രക്തച്ചൊരിച്ചിലുകളിലൂടെയാണ്,' എന്നായിരുന്നു സൈനിക ഏകാധിപതിയായിരുന്ന മുഷർറഫിനെ പരാമർശിച്ചു കൊണ്ടുള്ള പാക് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
യുഎസിന്റെ യുദ്ധങ്ങളിൽ കൂടെകൂടിയതാണ് പാക്കിസ്ഥാനു പിണഞ്ഞ വിഢ്ഡിത്തമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ അമേരിക്കയെ വിഡ്ഢിയാക്കുകയാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ' ഞങ്ങൾ നിങ്ങൾക്കൊപ്പം നിന്നു. നിങ്ങളുടെ ശത്രു ഞങ്ങളുടേയും ശത്രുവാണെന്ന് പരിഗണിച്ചു. ഗോണ്ടാനാമോ ബെ ജയിൽ നിറച്ചു,' അദ്ദേഹം ട്വീറ്റ് ചെയ്തു.
മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷ് പ്രഖ്യാപിച്ച ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ നിരവധി ഭീകരരെ പിടികൂടാൻ യുഎസിന് പാക്കിസ്ഥാൻ നൽകിയ സഹായങ്ങളെ സൂചിപ്പിച്ചു കൊണ്ടായിരുന്നു ആസിഫിന്റെ ഈ പ്രതികരണം.