തൃശൂര്‍- ബൈക്കില്‍ കറങ്ങി മാല പൊട്ടിച്ചിരുന്ന കമിതാക്കള്‍ പണം നിക്ഷേപിച്ചിരുന്നത് ഓഹരി വിപണിയില്‍. സ്ത്രീകളുടെ മാല കവര്‍ന്നിരുന്ന കുറിച്ചിക്കര മാറ്റാംപുറം മുളയ്ക്കല്‍ നിജിന്‍ (28), അരിമ്പൂര്‍ പരയ്ക്കാട് മുറ്റിശ്ശേരി ജ്യോതിഷ (32) എന്നിവരെയാണ് ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതരായി കുടുംബത്തോടൊപ്പം ജീവിക്കുന്ന ഇരുവരും പ്രണയത്തിലായതിന് പിന്നാലെയാണ് കവര്‍ച്ചയിലേക്ക് കടന്നത്. പണം സമ്പാദിച്ച് ആരുമറിയാതെ ഒരുമിച്ച് മറ്റൊരു ജീവിതം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു.
അമ്മാടത്ത് വൃദ്ധയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പാലക്കാട് കണ്ണബ്രം എന്ന സ്ഥലത്ത് വീട്ടില്‍ കുടിവെള്ളം ചോദിച്ചുചെന്ന് മാല പൊട്ടിച്ച് പോകുന്നതിനിടെ നാട്ടുകാര്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു.
പീച്ചി പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ മാലപൊട്ടിക്കല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും ബൈക്കിന്റെ നമ്പര്‍ വ്യക്തമാകാത്തതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ചേര്‍പ്പ് പോലീസിലെ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കവര്‍ന്ന മാലകള്‍ ചേര്‍പ്പിലും പരിസരങ്ങളിലുള്ള ജ്വല്ലറികളില്‍നിന്ന് പോലീസ് കണ്ടെടുത്തു.
പീച്ചി, മണ്ണുത്തി, മെഡിക്കല്‍ കോളേജ്, വിയ്യൂര്‍, ഒല്ലൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസുകളുണ്ട്.