Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പരപ്പനങ്ങാടി ഹാർബർ വേഗത്തിൽ യാഥാർഥ്യമാക്കും - മന്ത്രി സജി ചെറിയാൻ 

പരപ്പനങ്ങാടി- മത്സ്യത്തൊഴിലാളികളുടെ ചിരകാലാഭിലാഷമായ പരപ്പനങ്ങാടി ഹാർബർ എത്രയും വേഗം യാഥാർഥ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പദ്ധതി പ്രദേശം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തിയ മന്ത്രി നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. പ്രതികൂല കാലാവസ്ഥയായിട്ടും ഇന്നലെ  മന്ത്രി പരപ്പനങ്ങാടി ചാപ്പപ്പടിയിലെ ഹാർബർ പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു. തീരദേശത്തെ പ്രവൃത്തി വിലയിരുത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിയാലോചനയും നടത്തി. പുലിമുട്ടിന്റെ ഉയരം കൂട്ടാനും കടലാക്രമണ പ്രദേശങ്ങളിൽ കടൽഭിത്തി നിർമിക്കാനും തകർന്ന മേഖലകളിൽ പുനർനിർമിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനങ്ങളും മന്ത്രി സ്വീകരിച്ചു.
പരപ്പനങ്ങാടി ഹാർബറിന്റെ 20 ശതമാനം പ്രവൃത്തിയാണ് ഇതിനകം പൂർത്തിയായത്. തെക്കെ പുലിമുട്ടിന്റെ പ്രവൃത്തി 570 മീറ്ററും വടക്കേ പുലിമുട്ടിന്റെ പ്രവൃത്തി 530 മീറ്ററും പൂർത്തിയായിട്ടുണ്ട്. പരപ്പനങ്ങാടി  ചാപ്പപ്പടി - ചെട്ടിപ്പടി അങ്ങാടി കടപ്പുറങ്ങൾക്കിടയിലായി 600 മീറ്റർ നീളത്തിൽ ഇരുവശത്തും ലേലപ്പുരയും ബോട്ട് ജെട്ടിയുമുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഹാർബറാണ് നിർമിക്കുന്നത്.  ലേലപ്പുര, ലോക്കർ റൂം, ടോയ്ലറ്റുകൾ, കാന്റീൻ, വിശ്രമകേന്ദ്രം, ശുദ്ധജല വിതരണ സംവിധാനം എന്നീ സൗകര്യങ്ങളും ഹാർബറിലുണ്ടാകും.  സംസ്ഥാന സർക്കാർ കിഫ്.ബി മുഖേന അനുവദിച്ച 112.35 കോടി രൂപ വിനിയോഗിച്ചാണ് ഫിഷിംഗ് ഹാർബർ യാഥാർഥ്യമാക്കുന്നത്.
കെ.പി.എ മജീദ് എം.എൽ.എ, ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ, പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ, വൈസ് ചെയർപേഴ്‌സൺ കെ.ഷഹർബാനു, സ്ഥിരം സമിതി ചെയർമാൻമാരായ പി.വി മുസ്തഫ, പി.പി ഷാഹുൽ ഹമീദ്, സി.നിസാർ അഹമ്മദ്, സി.സീനത്ത് ആലിബാപ്പു, കൗൺസിലർമാരായ കെ.കാർത്തികേയൻ, മെറീന, ഗിരീഷ് ചാലേരി, തലക്കകത്ത് റസാഖ്, ടി.ആർ റസാഖ്, ജുബൈരിയ്യ, ഫൗസിയ, ഉമ്മുകുത്സു, ഹാജിയാരകത്ത് കോയ, ഷാഹിദ,  പി.കെ അബ്ദുറബ്, തീരദേശവികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഷെയ്ക്ക് പരീത്, തീരദേശവികസന കോർപ്പറേഷൻ ചീഫ് എൻജിനീയർ മുഹമ്മദ് അൻസാരി, ഹാർബർ എൻജിനീയറിംഗ് ചീഫ് എൻജിനീയർ ജോമോൻ, ഹാർബർ എൻജിനീയർ വകുപ്പ് നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ കുഞ്ഞിമമ്മു പറവത്ത്, മലപ്പുറം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ രാജീവ്, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം കൂട്ടായി ബഷീർ, ആഭരണത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി സോമസുന്ദരൻ, പട്ടികജാതി വികസന വകുപ്പ് അപ്പക്‌സ് സഹകരണ സംഘം ചെയർമാൻ പാലക്കണ്ടി വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.

Latest News