കൊച്ചി- തൃപ്പൂണിത്തുറ മണ്ഡലത്തിൽ കെ. ബാബു വിജയിച്ചത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എതിർസ്ഥാനാർത്ഥിയായിരുന്ന എം.സ്വരാജ് ഹൈക്കോടതിയിൽ ഹർജി നൽകി. അയപ്പന്റെ പേരിൽ വോട്ട് ചോദിച്ചുവെന്ന് എം. സ്വരാജ് ഹർജിയിൽ ആരോപിച്ചു. അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് ബാബു വിജയിച്ചത്. അയ്യനെ കെട്ടിക്കാൻ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തിൽ ചുമരെഴുത്തുകൾ വരെയുണ്ടായി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകൾ വിതരണം ചെയ്തു. ഇതിൽ ബാബുവിന്റെ പേരു ചിഹ്നവുമുണ്ടായിരുന്നു. മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സ്ഥാനാർത്ഥി നേരിട്ടെത്തി അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനം നടത്തിയ ബാബൂവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം.