വ്യോമയാന മേഖലയുടെ തകര്‍ച്ച: എമിറേറ്റ്‌സിന് 550 കോടി ഡോളര്‍ നഷ്ടം

ദുബായ് - മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എമിറേറ്റ്‌സ് ഗ്രൂപ്പിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 550 കോടി ഡോളര്‍ (2,030 കോടി ദിര്‍ഹം) നേരിട്ടു. മൂന്നര ദശകത്തിനു ശേഷം ആദ്യമായാണ് കമ്പനിക്ക് നഷ്ടം നേരിടുന്നത്. വ്യോമയാന മേഖലയെ കൊറോണ മഹാമാരി ഗുരുതരമായി ബാധിച്ചതാണ് എമിറേറ്റ്‌സ് ഗ്രൂപ്പിന് ബില്യണ്‍ കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കിയത്. കൊറോണ മഹാമാരി കാരണം വിമാന സര്‍വീസുകള്‍ക്കും യാത്രകള്‍ക്കും തുടരുന്ന നിയന്ത്രണങ്ങളാണ് ഭീമമായ നഷ്ടം നേരിടാന്‍ കാരണമെന്ന് കമ്പനി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിദിനം 5.56 കോടി ദിര്‍ഹം തോതില്‍ കമ്പനിക്ക് നഷ്ടം നേരിട്ടു. ഇതിനു തൊട്ടു മുമ്പ് ഏറ്റവും ഒടുവില്‍, പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് 1987-1988 സാമ്പത്തിക വര്‍ഷത്തിലാണ് എമിറേറ്റ്‌സിന് നഷ്ടം നേരിട്ടത്. കൊറോണ മഹാമാരിമൂലം എമിറേറ്റ്‌സ് വിമാന സര്‍വീസുകള്‍ വലിയ തോതില്‍ വെട്ടിക്കുറക്കുകയും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ടൂറിസ്റ്റുകള്‍ക്കു മുന്നില്‍ ദുബായുടെ കവാടങ്ങള്‍ തുറന്നതോടെ ഈ വര്‍ഷം മധ്യത്തോടെ എമിറേറ്റ്‌സ് സര്‍വീസുകള്‍ വീണ്ടും വര്‍ധിപ്പിച്ചു. കൊറോണ വ്യാപനത്തിനു മുമ്പ് പ്രതിവര്‍ഷം കോടിക്കണക്കിന് യാത്രക്കാരെ എമിറേറ്റ്‌സ് ദുബായിലേക്കും തിരിച്ചും നീക്കം ചെയ്തിരുന്നു. 2019 ല്‍ 16.7 ദശലക്ഷം ടൂറിസ്റ്റുകളെ ദുബായ് സ്വീകരിച്ചിരുന്നു. നിലവില്‍ 157 സെക്ടറുകളിലേക്ക് എമിറേറ്റ്‌സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 66 ലക്ഷം പേരാണ് എമിറേറ്റ്‌സ് സര്‍വീസുകളില്‍ യാത്ര ചെയ്തത്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എമിറേറ്റ്‌സ് യാത്രക്കാരുടെ എണ്ണം കഴിഞ്ഞ കൊല്ലം 88 ശതമാനം തോതില്‍ കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം 66 ശതമാനം തോതില്‍ കുറഞ്ഞ് 840 കോടി ഡോളറിലെത്തി. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ കമ്പനിക്ക് ദുബായ് ഗവണ്‍മെന്റ് ബില്യണ്‍ കണക്കിന് ദിര്‍ഹമിന്റെ സഹായം നല്‍കിയിരുന്നു.

 

 

Latest News