ദുബായ്- ആഫ്രിക്കക്കാരനെ കൊലപ്പെടുത്തിയ പ്രതിയെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞനേരം കൊണ്ട് ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളുടെ കൂട്ടുകാരന്‍ തന്നെയായിരുന്നു പ്രതി.
ഞായറാഴ്ച വൈകിട്ട് ഹൂര്‍ അല്‍ അന്‍സിലാണ് സംഭവം. ആഫ്രിക്കക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു കിടക്കുന്നതായി വിവരം ലഭിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. മൃതദേഹം ഫോറന്‍സിക് ലാബിലേയ്ക്ക് മാറ്റി. പരിശോധനയില്‍ യുവാവ് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ആദ്യം കണ്ടെത്തിയത്.
കൊല ചെയ്യപ്പെട്ടതാണെന്നതിന് യാതൊരു തെളിവും ലഭിച്ചില്ല. എന്നാല്‍, ദുബായ് പോലീസിന്റെ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് യുവാവ് ആക്രമിക്കപ്പെട്ടതാണോ, എങ്കില്‍ ഏത് ആയുധമുപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നീ കാര്യങ്ങള്‍ കണ്ടെത്താന്‍ രക്തക്കറ പരിശോധന നടത്തുകയായിരുന്നു.
യുവാവ് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും ആയുധമുപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും തെളിഞ്ഞു. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയുമെല്ലാം സി.ഐ.ഡി ചോദ്യം ചെയ്തു. ഇതില്‍ ഒരാളുടെ മൊഴിയിലെ വൈരുധ്യമാണ് പ്രതിയെ അറസ്റ്റ് ചെയ്യിക്കാന്‍ വഴിയൊരുക്കിയതെന്ന് ക്രൈം സീന്‍ ഡയറക്ടര്‍ കേണല്‍ മക്കി സല്‍മാന്‍ അഹമദ് സല്‍മാന്‍ പറഞ്ഞു.
പണമിടപാടു സംബന്ധിച്ച തര്‍ക്കമാണ് കൊലക്ക് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.