ന്യൂദല്‍ഹി- കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് എല്ലാവര്ക്കും വേഗത്തില്‍ ലഭിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചുവ്യക്തമാക്കി. കോവിഷീല്‍ഡ് ഒന്നും രണ്ടും ഡോസിനിടയില്‍ 84 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണം.
ജോലി, വിദ്യാഭ്യാസം, കായിക മത്സരങ്ങള്‍ എന്നിവക്കായി വിദേശത്തു പോകുന്നവര്‍ക്ക് മാത്രമാണ് ഇടവേള 28 ദിവസമായി കുറച്ചിരിക്കുന്നത്.
ആദ്യ ഡോസ് എടുത്ത് വിദേശ യാത്ര നടത്തുന്നതിന് 84 ദിവസം കാത്തുനില്ക്കാന് സാധിക്കാത്തവര്‍ മാത്രമേ രണ്ടാം ഡോസ് വേഗം എടുക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
പ്രവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ, ടോക്കിയോ ഒളിംപിക്സിനു പോകുന്നവരെയാണ് ഇളവു നല്കി പരിഗണിക്കുന്നത്. ഈ വിഭാഗത്തില്‍ പെടുന്നവരായാലും 28 ദിവസത്തിനുശേഷം മാത്രമേ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ പാടുള്ളൂ.
കുത്തിവെപ്പ് നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കര്‍ശനമായി പരിശോധിക്കണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.