മുറിയിലെ ക്ലോക്കില്‍ രഹസ്യ ക്യാമറ; പരാതി നല്‍കി കുവൈത്ത്  യുവതി

കുവൈത്ത് സിറ്റി- ഒഴിവുകാലം ചെലവഴിക്കുന്നതിനായി താന്‍ വാടകയ്‌ക്കെടുത്ത വീട്ടിലെ മുറികളില്‍ രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ചതായി കണ്ടെത്തിയെന്ന പരാതിയുമായി കുവൈറ്റ് യുവതി പോലീസില്‍ പരാതി നല്‍കി. അന്താരാഷ്ട്ര മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കിടപ്പുമുറികളിലാണ് രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തിയതെന്ന് യുവതി പോലീസിനെ അറിയിച്ചു. അതേസമയം, ആഴ്ചകളോളം താമസിച്ച ശേഷമാണ് മുറിയില്‍ രഹസ്യ കാമറ സ്ഥാപിച്ച കാര്യം സ്വദേശി യുവതി തിരിച്ചറിയുന്നത്. ചുമരില്‍ സ്ഥാപിച്ച ക്ലോക്കിനകത്ത് ഘടിപ്പിച്ച രീതിയിലായിരുന്നു ക്യാമറയുടെ ലെന്‍സ്. സംശയം തോന്നിയ അവര്‍ ക്ലോക്ക് അഴിച്ച് പരിശോധിച്ചപ്പോള്‍ രഹസ്യ ക്യാമറയാണിതെന്ന് ബോധ്യമായി. ഉടന്‍ തന്നെ മറ്റൊരു മുറിയിലേക്ക് മാറിയെങ്കിലും അവിടെയും ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയതായി യുവതി പറഞ്ഞു. രണ്ടാമത്തെ മുറിയിലും ക്ലോക്കിനകത്ത് തന്നെയായിരുന്നു സ്‌പൈ ക്യാമറ ഘടിപ്പിച്ചിരുന്നത്. യുവതി സംഭവം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടന്ന പരിശോധനയിലും മുറികളില്‍ ക്യാമറകള്‍ സ്ഥാപിച്ചതായി കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി കെട്ടിട ഉമടയെയും യുവതിക്ക് സ്ഥാപനം വാടകയ്ക്ക് നല്‍കിയ വ്യക്തിയെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
 

Latest News