Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വനിയമം: കേന്ദ്രത്തിന് ലക്ഷ്യം പലത്, മുസ്ലീം ലീഗ് നീക്കം നിർണായകം

ന്യൂദൽഹി- അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിലേക്ക്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് എത്തിയവർക്ക് പൗരത്വം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വെല്ലുവിളിച്ച് സുപ്രീം കോടതിയിൽ എത്തിയ ലീഗ് നടപടിക്ക് വിവിധ കോണുകളിൽനിന്ന് പ്രശംസ. വളഞ്ഞ വഴിയിലൂടെ പൗരത്വനിയമം നടപ്പാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനാലാണ് പതിമൂന്ന് ജില്ലകളിലെ കലക്ടർമാർക്ക് പൗരത്വം നൽകാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ നീക്കം നടത്തിയത്. ഇതിനെതിരെ സുപ്രീം കോടതിയെ ലീഗ് സമീപിച്ചതോടെ കേന്ദ്രത്തിന് നിലപാട് വ്യക്തമാക്കേണ്ടി വന്നു. ഒരു എതിർപ്പുമില്ലാതെ അജണ്ട നടപ്പാക്കാനാകും എന്ന് കരുതിയിരുന്ന കേന്ദ്രത്തിന് ശക്തമായ തിരിച്ചടിയാണ് ലീഗ് നേതൃത്വം നൽകിയത് എന്നാണ് വിലയിരുത്തൽ. കേസ് സംബന്ധിച്ച് സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിച്ചാലും ഈ വിഷയത്തിൽ ലീഗ് നടത്തിയ നീക്കം ബുദ്ധിപൂർവ്വകമായിരുന്നു. പതിമൂന്ന് ജില്ലകളിൽനിന്നുള്ളവർക്ക് പൗരത്വം നൽകുന്നതിൽ ആർക്കും എതിർപ്പ് ഉണ്ടാകുന്നില്ലെങ്കിൽ രാജ്യവ്യാപകമായി ഇത് നടപ്പാക്കാനായിരുന്നു കേന്ദ്ര നീക്കം. മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ രംഗത്തിറക്കിയാണ് ലീഗ് പോരാട്ടം നടത്തുന്നത്.

മുസ്‌ലീം ഒഴികെയുള്ള അഭയാർഥികളിൽ നിന്നു പൗരത്വത്തിനു അപേക്ഷ ക്ഷണിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തിനു 2019ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ലെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. വിജ്ഞാപനം റദ്ദാക്കണമെന്ന മുസ്‌ലീം ലീഗിന്റെ ഹർജി തള്ളണമെന്നും കേന്ദ്രം നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. 
മുസ്‌ലീം ലീഗ് നൽകിയ ഹർജി ഏതാനും നിമിഷത്തിനകം സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജിയിൽ ആരോപിക്കുന്നതു പോലെ ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരമുള്ള തുല്യത അവകാശത്തിന്റെ ലംഘനം ഉണ്ടായിട്ടില്ല. നിയമപരമായി ഇന്ത്യയിലെത്തിയവർക്കും ഇന്ത്യൻ വീസ ഉള്ളവർക്കും മാത്രമേ പൗരത്വം ലഭിക്കുകയുള്ളു. 
1955ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെയും പൗരത്വത്തിനായി അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പൗരത്വത്തിനായുള്ള അപേക്ഷകളിൽ തീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് നൽകുന്നതിനാണ് പുതിയ വിജ്ഞാപനത്തിലൂടെ ലക്ഷ്യമാക്കിയത്. ഇതിലൂടെ നിലവിലുള്ള ഏതെങ്കിലും നിയമത്തിൽ ഭേദഗതി വരുത്തിയിട്ടില്ല. എല്ലാ മത വിഭാഗത്തിൽ പെട്ട വിദേശീയർക്കും പൗരത്വത്തിന് അപേക്ഷ നൽകാൻ എപ്പോഴും അവസരമുണ്ട്. ഈ അപേക്ഷകൾ എല്ലാം കേന്ദ്ര സർക്കാർ നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. 
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ നിന്നു പൗരത്വം നൽകുന്നതിനായി മേയ് 29നാണ് കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. ഹിന്ദു, സിക്ക്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം എന്നായിരുന്നു നിർദേശം. മുസ്‌ലീം മത വിഭാഗക്കാരെ ഒഴിവാക്കി വിജ്ഞാപനം ചെയ്തതു ചൂണ്ടിക്കാട്ടി മുസ്‌ലീം ലീഗിനു വേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയതാണെന്നും ഈ ഉറപ്പ് ലംഘിച്ചു കൊണ്ടാണ് 2019-ലെ നിയമത്തിലെ വ്യവസ്ഥകൾ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ഹർജിയിൽ ലീഗ് ചൂണ്ടിക്കാട്ടുന്നു. 
സുപ്രീം കോടതിയിൽ പൗരത്വനിയമം സംബന്ധിച്ച് കേസ് നിലനിൽക്കുന്നതിനാൽ നിയമം നടപ്പാക്കുന്നതിൽ സർക്കാറിന് തടസമുണ്ട്. ഇത് മറികടന്ന് തീരുമാനം നടപ്പാക്കാനായിരുന്നു കേന്ദ്ര നീക്കം. ഇതിനെയാണ് ലീഗ് താൽക്കാലികമായെങ്കിലും തടയിട്ടത്. ലീഗ് നൽകിയ പരാതിയിൽ സുപ്രീം കോടതി നടപടിക്ക് കാത്തിരിക്കുകയാണ് ഇന്ത്യ. 


 

Latest News