പശുവിനെ നോക്കാന്‍ പോയ വീട്ടമ്മ അപ്രത്യക്ഷയായി, തിരച്ചില്‍ തുടരുന്നു

ഇടുക്കി-പെരിയാര്‍വാലി സ്വദേശിനിയായ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കണ്ണന്‍കരയില്‍ കോമളന്റെ ഭാര്യ ഷീല (52) യെയാണ് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ കാണാതായത്.
കീരിത്തോട് പകുതി പാലത്ത് നിന്നും പെരിയാര്‍വാലിക്ക് പോകുന്ന വഴിയില്‍ ചപ്പാത്തിന് സമീപത്തായി റോഡിന് മുകള്‍ ഭാഗത്താണ് ഇവര്‍ താമസിച്ചിരുന്നത്. പ്രസവത്തോടെ തളര്‍ന്ന് പോയ പശുവിനെ ഒരാഴ്ച ആയി കോമളനും ഭാര്യയും മാറി മാറി ശുശ്രൂഷിച്ച് വരികയായിരുന്നു  റോഡിന് താഴ്ഭാഗത്തായി പെരിയാറിന് സമീപത്താണ് കന്നുകാലി തൊഴുത്ത്.
ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ ഷീല സമീപത്തുള്ള ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് പശുവിനെ ശുശ്രൂഷിക്കുവാന്‍ തൊഴുത്തില്‍ പോയതായി പറയുന്നു. പുലര്‍ച്ചെ തൊഴുത്തില്‍ ചെന്ന കോമളന്‍ ഭാര്യയെ കാണാതെ നാട്ടുകാരെ കൂട്ടി അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്നും ഡോഗ് സ്‌ക്വാഡെത്തി നടത്തിയ അന്വേഷണത്തില്‍ പെരിയാറിന്റെ കരയില്‍ നിന്നു ചെരുപ്പുകള്‍ കണ്ടെടുത്തു. വൈകുന്നേരത്തോടെ പെരിയാറിന്റെ മറുകരയില്‍ നിന്നും ഇവര്‍ ഉപയോഗിച്ചിരുന്നു ടോര്‍ച്ചും കണ്ടെത്തി. രാത്രി വൈകിയും പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുകയാണ്. മുങ്ങല്‍ വിദഗ്ധരും എത്തി.

 

 

Latest News