ജോധ്പുര്‍-ജാമ്യത്തിലിറങ്ങി ബലാത്സംഗ കേസിലെ ഇരയെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ സിറോഹിയിലാണ് സംഭവം.
ജാമ്യത്തിലിറങ്ങിയതു മുതല്‍ കേസ് പിന്‍വലിക്കാന്‍ ഇയാള്‍ യുവതിയില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് നഗാനി ഗ്രാമത്തിലെ വീട്ടിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് എ.ഡി.ജി രവി പ്രകാശ് മെഹ്റാഡ പറഞ്ഞു. പ്രതി നേത്രാമിനെ കഴിഞ്ഞ ദിവസം രാവിലെയാണ് അറസ്റ്റ് ചെയ്തത്.
2020 നവംബറിലാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ആറു മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലായിരുന്നു.
വിധവയും അംഗന്‍വാടി ടീച്ചറുമായ യുവതിയാണ് അയല്‍വാസിയുടെ പീഡനത്തിരയായത്. ഭര്‍ത്താവിന്റെ മരണശേഷം സഹായം നല്‍കാനെന്ന വ്യാജേനയാണ് യുവതിയെ വശീകരിച്ചിരുന്നത്.
ഏപ്രിലില്‍ ജാമ്യത്തിലിറങ്ങിയതുമുതല് നേത്രാം യുവതിയുടെ പിന്നാലെ ആയിരുന്നു. കേസ് പിന്‍വലിക്കാന്‍ തയാറാകാതിരുന്ന യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് ഉറങ്ങുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിന്നു.






