പള്ളിയിലേക്കിറങ്ങിയ മുസ്‌ലിം വയോധികനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് താടി മുറിച്ചു

ഗാസിയാബാദ്- നമസ്‌ക്കരിക്കാന്‍ പള്ളിയിലേക്കു പോയ വയോധികനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു താടിമുറിച്ചു. ദല്‍ഹിക്കടുത്തുള്ള യുപി ജില്ലയായ ഗാസിയാബാദിലെ ലോണിയിലാ സംഭവം. അബ്ദുല്‍ സമദ് എന്ന വൃദ്ധനാണ് ജൂണ്‍ അഞ്ചിന് വിദ്വേഷ ആക്രമണത്തിന് ഇരയായത്. ഓട്ടോയില്‍ കയറ്റി അക്രമികള്‍ സമദിനെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വനമേഖലയിലെ ഒരു കുടിലില്‍ ബന്ധിയാക്കി ക്രൂരമായി മര്‍ദിച്ചുവെന്നാണ് ആരോപണം. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ വൈറലായതിനു പിന്നാലെ അക്രമി സംഘത്തിലെ പ്രവേശ് ഗുജ്ജാര്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

പള്ളിയിലേക്കു പോകുന്നതിനിടെ ഒരു ഓട്ടോ വന്ന് അടുത്ത് നിര്‍ത്തി പോകാനുള്ളിടത്ത് ഇറക്കാമെന്ന് പറഞ്ഞ് ഇടം നല്‍കി. അതില്‍ കയറിയതിനു പിന്നാലെ മറ്റു രണ്ടു യുവാക്കളും കൂടെ കയറി. പിന്നീട് ഇവര്‍ ഒരു മുറിയില്‍ അടച്ചുപൂട്ടി മര്‍ദിക്കുകയായിരുന്നു. ഇതിനിടെ തന്റെ മൊബൈലും ആക്രമികള്‍ തട്ടിയെടുത്തുവെന്ന് സമദ് പറയുന്നു. തന്നെ അടിച്ചും തൊഴിച്ചും മര്‍ദിച്ച യുവാക്കള്‍ ജയ് ശ്രീറാം, വന്ദേ മാതരം മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചെന്നും സമദ് പറയുന്നു. തന്നെ പാക്കിസ്ഥാനെ ചാരനെന്ന് വിളിച്ചതായും അദ്ദേഹം ആരോപിച്ചു. കൂട്ടത്തില്‍ ഒരു യുവാവ് കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും അതുപയോഗിച്ച് തന്റെ താടി മുറിച്ചു കളഞ്ഞെന്നും സമദ് കണ്ണീരോട് പറഞ്ഞു. മുസ്‌ലിംകളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ച് തങ്ങള്‍ കുറെ മുസ്‌ലിംകളെ കൊന്നിട്ടുണ്ടെന്ന് അക്രമികള്‍ അവകാശപ്പെട്ടുവെന്നും സമദ് പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തിവരികയാണ്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഓഫീസര്‍ അതുല്‍ കുമാര്‍ സോന പറഞ്ഞു. 


 

Latest News