പുഴുവരിച്ച ഭാര്യയുടെ മൃതദേഹത്തിനരികെ മനോരോഗിയായ ഭര്‍ത്താവ് അഞ്ച് ദിവസം

തൃശൂര്‍ - ഭാര്യയുടെ മൃതദേഹം ചീഞ്ഞളിഞ്ഞ് പുഴുവരിച്ചിട്ടും വിവരമറിയാതെ മനോരോഗിയായ ഭര്‍ത്താവ് മൃതദേഹത്തോടൊപ്പം കഴിഞ്ഞത് അഞ്ച് രാവും പകലും. അരിമ്പൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ താമസിക്കുന്ന മഠത്തിപറമ്പില്‍ സരോജിനി (64) യാണ് മരിച്ചത്. ഭര്‍ത്താവ് രാമകൃഷ്ണന്‍ ഈ വിവരമറിയാതെ വീട്ടില്‍ അഞ്ച് ദിവസം കഴിച്ചുകൂട്ടി. പ്രദേശം കോവിഡ് ക്ലസ്റ്റര്‍ ആയതിനാല്‍ അയല്‍വാസികള്‍ക്കൊന്നും ദിവസങ്ങളായി പരസ്പരം ബന്ധമുണ്ടായിരുന്നില്ല.
ആശാരിപണിക്കാരനായ മകന്‍ ദിനേശന്‍ തൃശൂരില്‍ ജോലിക്ക് പോയാല്‍ ആഴ്ചയില്‍ ഒരിക്കലാണ് വീട്ടില്‍ വരാറുള്ളത്.  
60 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതിന്റെ കാര്യം പറയുന്നതിനും ഇവരില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി സമീപത്തെ അംഗന്‍വാടി ടീച്ചര്‍ ഗീത ജയരാജ് സരോജിനിയുടെ  വീട്ടില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അന്തിക്കാട് എസ്.എച്ച്.ഒ സുരേഷ് കുമാര്‍, എസ്.ഐ.സുധീഷ് കുമാര്‍, തൃശൂരില്‍ നിന്ന് എത്തിയ വിരലടയാള വിദഗ്ധര്‍, വനിത പോലിസ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹപരിശോധന നടത്തി.
പി.പി.ഇ കിറ്റ് ധരിച്ച് എത്തിയ ഡി.വൈ.എഫ്.ഐ ഏ.കെ.ജി യൂണിറ്റ് പ്രവര്‍ത്തകര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

 

 

 

Latest News