മലപ്പുറം- വിദേശത്തേക്ക് പോകാൻ രണ്ടു ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർക്ക് മുന്നിൽ പുതിയ പ്രശ്‌നം. കേരള സർക്കാർ നൽകുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ കോവിഡ് സ്വീകരിച്ച തിയതിയും വാക്‌സിന്റെ ബാച്ച് നമ്പറും ഇല്ലാത്തത് നൂറുകണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു.
കേരള സര്‍ക്കാര്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
തിയതിയും ബാച്ച് നമ്പറും ഉണ്ടെങ്കിൽ മാത്രമേ, സൗദിയിൽ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ ഒഴിവായി കിട്ടുന്നതിനുള്ള സൈറ്റിൽ വാക്‌സിനേഷൻ വിവരങ്ങൾ അപ്്‌ലോഡ് ചെയ്യാനാകൂ. വാക്‌സീൻ തീയതിയും ബാച്ച് നമ്പറും കൃത്യമായി രേഖപ്പെടുത്തണം എന്ന് സൗദി അടക്കമുള്ള വിദേശ രാജ്യങ്ങൾ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
വിദേശത്തു പോകുന്നവർക്ക് 2 ഡോസ് വാക്‌സീന് ഇടയ്ക്കുള്ള ഇടവേള കുറച്ച് സംസ്ഥാന സർക്കാർ പ്രൊവിഷനൽ സർട്ടിഫിക്കറ്റ് നൽകാൻ ആരംഭിച്ചത് കഴിഞ്ഞ മാസമാണ്. കോവിഷീൽഡ് വാക്‌സീന്റെ വിദേശത്തെ പേരായ അസ്ട്രാസെനക എന്നത് സർട്ടിഫിക്കറ്റിൽ ഇല്ലാത്തതായിരുന്നു വിദേശത്തേക്കു പോകാനിരിക്കുന്നവർ ആദ്യം ചൂണ്ടിക്കാട്ടിയ പ്രശ്‌നം. ഈ പേരു ചേർത്ത് സംസ്ഥാനം കൊടുക്കുന്ന പ്രൊവിഷനൽ സർട്ടിഫിക്കറ്റിൽ വാക്‌സീനെടുത്ത തീയതി ഇല്ല.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
അതേസമയം, കേന്ദ്ര സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ ഈ വിവരങ്ങളെല്ലാമുണ്ട്. നേരത്തെ നൽകിയ സർട്ടിഫിക്കറ്റിൽ നൽകിയ വിവരങ്ങൾ തിരുത്താനും കേന്ദ്ര സർക്കാറിന്റെ കോവിൻ സൈറ്റിൽ അവസരമുണ്ട്. പേര്, ജനനവർഷം, ആധാർ നമ്പർ, ലിംഗം എന്നിവ തിരുത്താനാണ് അവസരം. ഒരു പ്രാവശ്യം മാത്രമേ ഇത്തരത്തിൽ തിരുത്തൽ അനുവദിക്കൂ. എന്നാൽ നേരത്തെ തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് നൽകിയവർക്ക് പാസ്‌പോർട്ട് നമ്പർ രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റില്‍ തിരുത്താനുള്ള സൌകര്യം