Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെനിയൻ യുവതി ദമാമിലെ നടുറോഡിൽ പ്രസവിച്ചു; മലയാളി ഡോക്ടർമാരുടെ ഇടപെടൽ ജീവൻ രക്ഷിച്ചു

ദമാം- കെനിയൻ യുവതി ദമാം അൽ റാബിയയിലെ നടു റോഡിൽ പ്രസവിച്ചു. ദമാം ബദർ മെഡിക്കൽ സെന്ററിലെ ഡോക്ടർമാരുടെ ഇടപെടലിലൂടെ യുവതിയുടെ ജീവൻ രക്ഷിക്കാനായി. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ 23 വയസ്സ് പ്രായമുള്ള കെനിയൻ യുവതി മൈമൂന ഹമീസി ബംഗ്ലാദേശി പൗരൻ മുസാഫിറുമൊത്ത് ടാക്‌സിയിൽ ബദർ മെഡിക്കൽ സെന്ററിലേക്ക് വന്നതായിരുന്നു. കടുത്ത വേദനയുമായെത്തിയ യുവതി കാറിൽ നിന്നിറങ്ങിയ ഉടനെ റോഡിൽ തന്നെ കിടക്കുകയും തൽക്ഷണം പ്രസവിക്കുകയും ചെയ്തു. ജോലി സമയം കഴിഞ്ഞു മടങ്ങാനായി പുറത്തിറങ്ങിയ ബദർ ആശുപത്രിയിലെ ഡോ. ഇഫ്രയും നഴ്‌സ് നവ്യ തോമസ്സും ആശുപത്രിയിലെ മറ്റു ജീവനക്കാരും നിലവിളി കേട്ട് റോഡിൽ ഓടിയെത്തി രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയേയും യുവതിയെയും റോഡിൽ വെച്ച് തന്നെ പൊക്കിൾകൊടി മുറിച്ചു അമ്മയെയും കുഞ്ഞിനേയും വേർപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി ജോലി സമയം കഴിഞ്ഞു അടച്ചിരുന്നെങ്കിലും ആശുപത്രിക്കടുത്തു തന്നെ താമസിക്കുന്ന മറ്റു ഡോക്ടർമാരായ ഡോ. ആയിഷ അന്ജൂം (ഗൈനക്കോളജിസ്റ്റ്), ഡോ. അജി വർഗീസ് (ശിശുരോഗ വിദഗ്ധന്‍) ഡോ. ബിജു വർഗീസ് (ഇന്റേണിസ്റ്റ്) എന്നിവർ വിവരമറിഞ്ഞ് ഉടനെത്തി വിദഗ്ധ ചികിത്സ നൽകി. 

രക്തക്കട്ടകളും മറുപിള്ളയെയും ഗർഭപാത്രത്തിൽ നിന്നും നീക്കം ചെയ്‌തെങ്കിലും അമിത രക്തസ്രാവം കാരണം ചികിത്സ ഏറെ സങ്കീർണമായിരുന്നതായും വളരെയേറെ ശ്രമത്തിനൊടുവിൽ നിയന്ത്രിക്കാനായതിലൂടെ ജീവൻ നിലനിർത്താൻ കഴിഞ്ഞതായി ഡോ. ആയിഷ അന്ജൂം പറഞ്ഞു. കുട്ടി പ്രസവത്തിനു മുമ്പേ ഗർഭപാത്രത്തിൽ തന്നെ മരണപ്പെട്ടിരുന്നതായും ജന്മ വൈകല്യങ്ങളോടെയാണ് കുട്ടിയുടെ ജനനമെന്നും ഗർഭാവസ്ഥയിൽ ശരിയായ പരിചരണവും ചികിത്സയും ലഭിക്കാത്തതാണ് ഇതിനു കാരണമെന്നും ശിശുരോഗ വിദഗ്ദൻ ഡോ. അജി വർഗീസ് അഭിപ്രായപ്പെട്ടു.
   
യുവതിയുടെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടതോടെ കൂടെ വന്ന ബംഗാളി യുവാവിനോട് യുവതിയുടെ വിശദവിവരങ്ങൾ അന്വേഷിച്ചപ്പോൾ യുവതിയുടെ ഭർത്താവ് അത്യാവശ്യമായി കെനിയയിലേക്ക് പോയതാണെന്നും വൈകുന്നേരം പ്രസവ വേദന വന്നയുടനെ തന്റെ സുഹൃത്തായ ഭർത്താവ് വിളിച്ചു പറഞ്ഞത് കൊണ്ടാണ് താൻ ഈ യുവതിയെയും കൂട്ടി ആശുപത്രിയിലേക്ക് ഇറങ്ങിയതെന്നും അൽ കോബാർ മുതൽ ദമാം വരെ നിരവധി ആശുപത്രികൾ കയറിയിറങ്ങിയതായും ബംഗാളി യുവാവ് മുസാഫിർ പറഞ്ഞു. ഒടുവിൽ ടാക്‌സി ഡ്രൈവർ പറഞ്ഞതനുസരിച്ചാണ് ദമാം ബദറിലേക്ക് പുറപ്പെട്ടതെന്നും മുസാഫിർ പറഞ്ഞു.  

സാമൂഹിക പ്രവർത്തകനും ആശുപത്രി ജീവനക്കാരനുമായ നാസ് വക്കം കുട്ടിയുടെ മരണവും യുവതിയുടെ വിദഗ്ധ ചികിത്സക്കുമായി പോലീസിനെയും റെഡ് ക്രസന്റ് ആംബുലൻസും വിളിച്ചു വരുത്തുകയായിരുന്നു. ആംബുലൻസ് അധികൃതർ ആശുപത്രിയിൽ നിന്ന് വിളിച്ചത് കാരണം വരാൻ മടി കാണിച്ചതോടെ നാസ് വക്കം നിരന്തരമായി പോലീസിനെ വിളിക്കുകയും അവരുടെ സമ്മർദ്ദം  മൂലം അവർ എത്തുകയായിരുന്നു. ആംബുലൻസ് അധികൃതരാവട്ടെ യുവതിയെ വിദഗ്ദ ചികിത്സക്കായി ദമാം മെഡിക്കൽ കോംപ്ലക്‌സിലേക്ക് കൊണ്ട് പോകാൻ വിസമ്മതിച്ചു. കാരണമായി പറയുന്നത് ആശുപത്രിക്കകത്ത് ആയതിനാൽ കൊണ്ട് പോകാൻ കഴിയില്ലെന്നും റോഡിലാണെങ്കിൽ മാത്രമേ കൊണ്ട് പോകാൻ കഴിയുവെന്നും അവർ അറിയിച്ചു. മനുഷ്യത്വപരമായ സമീപനം കൊണ്ടാണ് റോഡിൽ നിന്നും ആശുപത്രി അടച്ചിട്ടു പോലും അകത്തേക്ക് കൊണ്ട് പോയി ചികിത്സിച്ചതെന്നും നിലവിൽ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും നാസ് വക്കം ആവശ്യപ്പെട്ടു. അതവർ നിരസിച്ചപ്പോൾ വീണ്ടും 999 നമ്പറിൽ പോലീസിനെ വിളിച്ചു അവർ കൂടി  അഭ്യർത്ഥിച്ചിട്ടും ആംബുലൻസ് അധികൃതർ ചെവി കൊണ്ടില്ല.  സ്വകാര്യ ക്ലിനിക്ക് ആയതിനാൽ ഇവിടെയുള്ള ആംബുലൻസ്  രോഗികളുമായി അനുമതിയില്ലാതെ വിദഗ്ദ ചികിത്സക്കുള്ള ആശുപത്രികൾ സ്വീകരിക്കില്ല എന്നത് ഏറെ പ്രയാസകരമാണെന്ന് കൂടി ബദർ ക്ലിനിക്ക് ഫ്രന്റ് ഓഫീസർ താരിഖ് മുഹമ്മദ് അബുലൻസ് അധികൃതരെ അറിയിച്ചെങ്കിലും അതും ചെവി കൊള്ളാൻ അവർ തയ്യാറായില്ല. ഈ സാഹചര്യത്തിൽ നാസ് വക്കം ദമാം പോലീസ് സറ്റേഷനിൽ എത്തി പോലീസ് മേധാവിയെ ബന്ധപ്പെടുകയും യുവതിയെയും ബംഗാളി യുവാവിനെയും സ്റ്റേഷനിൽ എത്തിക്കാനും കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനുള്ള അനുമതിയും ലഭിച്ചു. സ്റ്റേഷനിൽ എത്തിയ ഇവരെ വിശദമായ ചോദ്യം ചെയ്യലിൽ യുവതിയെ സ്വദേശിയുടെ വീട്ടിൽ നിന്നും ചാടിച്ചതാണെന്നും തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും കുട്ടി ബംഗാളി യുവാവിൽ പിറന്നതാണെന്നും തങ്ങൾ തന്നെ സ്വന്തമായി ദൈവത്തെ സാക്ഷിയാക്കി വിവാഹിതരാണെന്നും സമ്മതിച്ചു. ഇതിനു നിയമ സാധ്യത ഇല്ലാത്തതിനാൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയും കേസെടുത്തതിന് ശേഷം യുവതിക്ക് പോലീസിന്റെ നേതൃത്വത്തിൽ തന്നെ വിദഗ്ദ ചികിത്സ ലഭിക്കുകയും ചെയ്തു. മരണപ്പെട്ട കുട്ടിയെ നാസ്  വക്കം ദമാം മോർച്ചറിയിൽ എത്തിക്കുകയും ചെയ്തു.  


 

Latest News