Sorry, you need to enable JavaScript to visit this website.

ആരവങ്ങളിലേക്ക് യൂറോ

യൂറോ കപ്പിന് പന്തുരുണ്ടു തുടങ്ങി... ആവേശക്കാഴ്ചകളിലേക്ക് വൻകര ഉണർന്നു. ടീമുകളെയും ഗ്രൂപ്പുകളെയും കുറിച്ച്.. 


യൂറോപ്പിൽ കാൽപന്ത് കളിയുടെ വസന്തത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷത്തിന്റെ പകുതിയിൽ ഇറ്റലിയിൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പാണ് കോവിഡ് പ്രതിസന്ധി കാരണം ജൂലൈ 12 വരെ യൂറോപ്പിലെ വിവിധ നഗരങ്ങളിലായി അരങ്ങേറുന്നത്. ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഏറ്റു മുട്ടുന്നത്.
ഗ്രൂപ്പ് എ-യിൽ ഇറ്റലി, തുർക്കി, വെയ്ൽസ്, സ്വിറ്റ്‌സർലന്റ് ടീമുകളാണ് മത്സരിക്കുന്നത്. 1968 ലെ ചാമ്പ്യന്മാരാണ് ഇറ്റലി. തുർക്കിയുടെ ഇത് വരെയുള്ള മികച്ച യൂറോ കപ്പ് പ്രകടനം 2008 ലെ സെമിഫൈനലാണ്. മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം റയാൻ ഗിഗ്‌സ് പരിശീലിപ്പിക്കുന്ന വെയ്ൽസും ഫുട്‌ബോളിൽ ഇത് വരെ വലിയ നേട്ടങ്ങളൊന്നും ഇല്ലാത്ത സ്വിറ്റ്‌സർലന്റുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഗാർഹിക പീഡന ആരോപണത്തെത്തുടർന്ന് ഗിഗ്‌സ് യൂറോ കപ്പിൽ ടീമിനൊപ്പമില്ല. ക്യാപ്റ്റൻ ഗാരത് ബെയ്‌ലിന്റെ അനുഭവ സമ്പത്ത് വെയ്ൽസിന് വലിയ മുതൽകൂട്ടായേക്കും.


ഡെന്മാർക്കും ഫിൻലന്റും ബെൽജിയവും റഷ്യയും ഉൾപ്പെട്ടതാണ് ഗ്രൂപ്പ് ബി. ഫിഫ റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന ബെൽജിയത്തെ പരിശീലിപ്പിക്കുന്നത് റോബർട്ടോ മാർട്ടിനസാണ്. 
വർത്തമാന ഫുട്‌ബോളിലെ മിന്നും താരങ്ങളായ റൊമേലു ലുകാകുവും എഡൻ ഹസാർഡും കെവിൻ ഡിബ്രൂയ്‌നെയും അടങ്ങുന്ന ഈ സംഘത്തെ പിടിച്ചു കെട്ടാൻ മറ്റു ടീമുകൾ നല്ല പോലെ വിയർക്കും. ബെൽജിയത്തിനൊപ്പം മുൻ ചാമ്പ്യന്മാരായ ഡെന്മാർക്കിനാണ് ഫുട്‌ബോൾ ആരാധകർ മുന്നോട്ടുള്ള സാധ്യതകൾ കാണുന്നത്. ഈ കരുത്തന്മാർക്ക് റഷ്യയും ഫിൻലന്റും എത്ര മാത്രം വെല്ലുവിളി ഉയർത്തുമെന്ന് കണ്ടറിയണം. ഗ്രൂപ്പ് സി-യിൽ നെതർലന്റ്‌സും ഉക്രെയ്‌നും ഓസ്ട്രിയയും ആദ്യ യൂറോ കപ്പിനെത്തുന്ന നോർത്ത് മാസിഡോണിയയുമാണ്. മുൻ ദേശീയ താരം ഫ്രാങ്ക് ഡിബോർ തന്ത്രം മെനയുന്ന ഓറഞ്ച് പടയാണ് ഗ്രൂപ്പിലെ ഗ്ലാമർ ടീം. പക്ഷേ കഴിഞ്ഞ യൂറോ കപ്പിലെയും ലോക കപ്പിലെയും നഷ്ടമായിരുന്നു യോഗ്യത നേടാതിരുന്ന നെതർലാന്റ്‌സ്. ആ പേരുദോഷം ഇത്തവണ 1988 ലെ ചാമ്പ്യന്മാർ മാറ്റുമെന്ന് പ്രതീക്ഷിക്കാം.

രാജ്യത്തിനും ക്ലബിനും വേണ്ടി ഗോളുകൾ അടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്ന മെംഫിസ് ഡിപായ് എന്ന യുവ താരത്തിലാണ് ഡിബോർ പ്രതീക്ഷ വെക്കുന്നത്. പക്ഷേ ലോകത്തിലെ മികച്ച സ്‌റ്റോപ്പർ ബാക്ക് എന്ന വിശേഷണമുള്ള വിർജിൽ വാൻഡെയ്ക്ക് പരിക്കിലകപ്പെട്ടത് തെല്ലൊന്നുമല്ല ഡിബോറെ ആശങ്കയിലാക്കുന്നത്. എങ്കിലും ഓറഞ്ച്പട മുന്നോട്ട് കുതിക്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. ഓസ്ട്രിയയും നോർത്ത് മാസിഡോണിയയും വലിയ മുന്നേറ്റങ്ങളൊന്നും നടത്താൻ സാധ്യതയില്ലാത്ത ഗ്രൂപ്പിൽ നെതർലന്റ്‌സിനൊപ്പം മുൻ ഇതിഹാസ താരം ആന്ദ്രേ ഷെവ്‌ചെങ്കോ പരിശീലിപ്പിക്കുന്ന ഉക്രെയ്‌നാണ് അട്ടിമറികൾക്ക് സാധ്യതയുള്ള ടീം. അറ്റ്‌ലാന്റയുടെ മിഡ്ഫീൽഡ് ജനറൽ റസ്ലാൻ മലിനോവ്‌സ്‌കിയിലാണ് ഷെവയുടെ പ്രതീക്ഷ.


ഗ്രൂപ്പ് ഡി കടുപ്പമാണ്. ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, സ്‌കോട്ട്‌ലന്റ് എന്നീ കരുത്തരാണ് ഡി-യിൽ. കാൽപന്ത് കളിയുടെ ഈറ്റില്ലമായി അറിയപ്പെടുന്ന ഇംഗ്ലണ്ട് ഇത് വരെ വൻകരയിലെ ചാമ്പ്യന്മാരായിട്ടില്ല എന്നത് അത്ഭുതമുളവാക്കുന്ന കാര്യമാണ്. യൂറോ കപ്പിൽ ഫൈനലിൽ പോലും കടന്നിട്ടില്ലാത്ത പന്തുകളിയുടെ തറവാട്ടുകാർ പതിവു പോലെ വലിയ പ്രതീക്ഷയോടെയാണ് എത്തുന്നത്. സൂപ്പർ താരം ഹാരി കെയ്ൻ, യുവ താരങ്ങളായ റഹിം സ്റ്റർലിങ്, മാർകസ് റാഷ്‌ഫോർഡ്, മേസൺ മൗണ്ട് എന്നിവരിലാണ് കോച്ച് ഗാരെത് സൗത്ത്‌ഗെയ്റ്റിന്റെ പ്രതീക്ഷകൾ.  കഴിഞ്ഞ ലോകകപ്പ് സെമിയിൽ തങ്ങളെ പുറത്താക്കിയ ക്രൊയേഷ്യ ഗ്രൂപ്പിൽ ഉണ്ടെന്നത് ഇംഗ്ലീഷ് സംഘത്തിന്റെ ഉറക്കം കെടുത്തുന്നുണ്ടാകണം.  


കഴിഞ്ഞ ലോകകപ്പിൽ ക്രോട്ടുകളെ ഫൈനലിൽ എത്തിച്ചതിൽ വലിയ പങ്ക് വഹിച്ച 35 കാരൻ ലൂക മോഡ്രിച്ച് തന്നെയാണ് ക്രൊയേഷ്യൻ പരിശീലകൻ സ്ലാറ്റ്‌കോ ഡാലിചിന്റെ തുറുപ്പുചീട്ട്. നിലവിലെ ലോകകപ്പ് റണ്ണേഴ്‌സപ്പ് കൂടിയായ ക്രൊയേഷ്യ മറ്റു ടീമുകൾക്ക് വലിയ തലവേദനയാകും. പവൽ നെദ്‌വദിനും പീറ്റർ ചെക്കിനും ശേഷം മത്സരത്തിന്റെ ഗതി മാറ്റാൻ ശേഷിയുള്ള ഒരു താരം 1976 ലെ ചാമ്പ്യന്മാരായ ചെക് റിപ്പബ്ലക്കിന് ഇല്ല. സ്റ്റീവ് ക്ലാർക്ക് പരിശീലിപ്പിക്കുന്ന സ്‌കോട്ട്‌ലന്റ് മറ്റു ടീമുകളുടെ അന്നം മുടക്കുമോ എന്നു കാത്തിരിക്കാം. സ്‌പെയിനും സ്വീഡനും പോളണ്ടും സ്ലോവാക്യയും ഉൾപ്പെട്ടതാണ് ഗ്രൂപ്പ് ഇ. മൂന്ന് തവണ ചാമ്പ്യന്മാരായ സ്‌പെയിൻ തന്നെയാണ് ഗ്രൂപ്പിലെ കരുത്തും ഗ്ലാമറുമുള്ള ടീം. 


ജെറാഡ് മോറിനോയും അൽവാരോ മൊറാട്ടയും പെഡ്രിയുമടങ്ങുന്ന യുവത്വം കോച്ച് ലൂയീസ് എൻറിക്വെക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും ലോകോത്തര ഡിഫന്ററും നായകനുമായ സെർജിയോ റാമോസിന്റെ അഭാവം അദ്ദേഹത്തെ അസ്വസ്ഥമാക്കുന്നുണ്ടാവും. പോളണ്ടിന് റോബർട്ട് ലെവൻറേഡോവ്‌സ്‌കി എന്ന ഒറ്റയാന്റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും കാര്യങ്ങൾ. പോളണ്ടിന്റെ എക്കാലത്തെയും ടോപ് സ്‌കോററും ഈ സീസണിൽ യൂറോപ്പിൽ ഏറ്റവുമധികം ഗോളുകൾ അടിച്ചു കൂട്ടിയ താരവുമാണ് ലെവൻറേഡോവ്‌സ്‌കി. സ്വീഡനും സ്ലോവാക്യയും വലിയ അട്ടിമറികൾ നടത്തുമോ എന്ന് കാത്തിരിക്കാം. ഗ്രൂപ്പ് എഫ് ആയിരിക്കും ഏറ്റവും കടുപ്പം. ജർമനി, ഫ്രാൻസ്, പോർച്ചുഗൽ, ഹങ്കറി  ടീമുകളാണ് എഫിൽ. 


ഹംഗറി ഇപ്പോൾ ദുർബലമാണെങ്കിലും നാലു ടീമുകളും വലിയ പാരമ്പര്യവും ചരിത്രവുമുള്ളവരാണ്. മൂന്നു തവണ ചാമ്പ്യന്മാരായ ജർമനി, രണ്ടു തവണ കിരീടം നേടിയ ഫ്രാൻസ്, നിലവിലെ ജേതാക്കളായ പോർച്ചുഗൽ. ഏതെല്ലാം ടീമുകൾ മുന്നോട്ട് പോകുമെന്ന് കാത്തിരുന്ന് കാണാം. പോർച്ചുഗൽ ഇതിഹാസം റൊണോൾഡോയും ഫ്രാൻസിന്റെ അതിവേഗക്കാരൻ എംബാപ്പെയും ജർമൻ താരങ്ങളുമൊക്കെ എന്തെല്ലാം വിസ്മയങ്ങൾ കരുതി വെച്ചിട്ടുണ്ടെന്ന് അക്ഷമയോടെ കാത്തിരിക്കാം.ആരവങ്ങളിലേക്ക് യൂറോറോബർടൊ മാഞ്ചീനിയുടെ കോച്ചിംഗിൽ ഇറ്റലി ഉയിർത്തെഴുന്നേൽപിന്റെ പാതയിലാണ്. 

 

 

Latest News