Sorry, you need to enable JavaScript to visit this website.

യൂറോ തന്ത്രം ആക്രമണമോ പ്രതിരോധമോ?

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്‌റോൺ ഫ്രാൻസിന്റെ യൂറോ കപ്പ് ക്യാമ്പ് സന്ദർശിച്ചപ്പോൾ. കോച്ച് ദീദിയർ ദെഷോമും ക്യാപ്റ്റൻ ഹ്യൂഗൊ ലോറീസുമാണ് സമീപം 
കീലിയൻ എംബാപ്പെയുൾപ്പെടുന്ന ഫ്രഞ്ച് ടീം കരുത്തും യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങിയതാണ്.

യൂറോ കപ്പിൽ ടീമുകൾ ഏത് ശൈലിയാവും സ്വീകരിക്കുക? നിരന്തരം ആക്രമണമെന്ന സിദ്ധാന്തം ആരാധകർക്ക് സന്തോഷം പകരുമായിരിക്കും. എന്നാൽ ടീമുകൾ ആ ശൈലി ഉപേക്ഷിക്കുകയാണ്. പ്രതിരോധം ഭദ്രമാക്കുന്നതാണ് പുതിയ രീതി. ഏറ്റവും നല്ല തന്ത്രം ഏതു ടീമിന്റേതാണ്? വ്യത്യസ്ത ടീമുകൾ സ്വീകരിച്ചേക്കാവുന്ന തന്ത്രങ്ങളെക്കുറിച്ച്...

കൊറോണ മഹാമാരിക്കു ശേഷം ലോകം വേദിയൊരുക്കുന്ന ആദ്യത്തെ പ്രധാന ടൂർണമെന്റാണ് യൂറോ കപ്പ് ഫുട്‌ബോൾ. ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ സീസണിനൊടുവിലാണ് ഈ ചാമ്പ്യൻഷിപ് അരങ്ങേറുന്നത്. മിക്ക കളിക്കാരും തളർന്നവശരാണ്. പരിക്കുകൾ മുമ്പെന്നത്തേക്കാളും ഭീഷണിയാണ്. ദേശീയ ടീമുകൾക്ക് തന്തങ്ങൾ ആവിഷ്‌കരിക്കാനും പരീക്ഷിക്കാനും വളരെ കുറച്ച് സമയമേ ലഭിച്ചിട്ടുള്ളൂ. മത്സര ഷെഡ്യൂളുകൾ പലപ്പോഴും അവസാന സമയം വരെ അനിശ്ചിതത്വത്തിലായിരുന്നു. യാത്രാ നിയന്ത്രണങ്ങൾ ടീമുകളുടെ ഒരുക്കങ്ങളെ അലങ്കോലമാക്കി. എന്നും തലക്കു മുകളിൽ പോസിറ്റിവ് റിപ്പോർട്ടിന്റെ ഭീതി തൂങ്ങിക്കിടക്കുന്നുണ്ട്. 


ക്ലബ് ഫുട്‌ബോളും രാജ്യാന്തര ഫുട്‌ബോളും തമ്മിൽ നാൽപത് വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന വിവാഹ മോചനമെന്ന പ്രക്രിയക്ക് കോവിഡ് വേഗം കൂട്ടിയിട്ടുണ്ടെന്ന് ഫുട്‌ബോൾ ചരിത്രകാരൻ ജോനാഥൻ വിൽസൻ പറയുന്നു. ഇൻവേർടിംഗ് ദ പിരമിഡ്: ദ ഹിസ്റ്ററി ഓഫ് ഫുട്‌ബോൾ ടാക്റ്റിക്‌സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് വിൽസൻ. 
ക്ലബ് ഫുട്‌ബോൾ അതിന്റെ ഉന്നതങ്ങളിൽ അവിശ്വസനീയമാവാം വിധം തന്ത്രപ്രധാനമാണ്. തന്ത്രങ്ങളും സൂത്രങ്ങളും ദിനേനയെന്നോണം പഠിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന മേഖലയാണ് അത്. രാജ്യാന്തര ഫുട്‌ബോളിൽ അതു സാധ്യമല്ല. അതിനാൽ രാജ്യാന്തര ഫുട്‌ബോൾ ക്ലബ് ഫുട്‌ബോളിനേക്കാൾ ലളിതമല്ല. ആവശ്യമായതുകൊണ്ടു മാത്രം നടക്കുന്നതാണ് രാജ്യാന്തര ഫുട്‌ബോൾ -അദ്ദേഹം പറയുന്നു. 


ലളിതമായ ഫുട്‌ബോൾ ശൈലിയിൽ താരതമ്യേന അഗ്രഗണ്യർ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ആണെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. മൂന്നു വർഷം മുമ്പ് റഷ്യയിൽ നടന്ന ലോകകപ്പിൽ ഫ്രാൻസിന് 48 ശതമാനമേ പന്തിന്റെ പൊസഷനുണ്ടായിരുന്നു. പെനാൽട്ടി ഏരിയയിൽ ആക്രമണമെത്തിച്ചതു കണക്കിലെടുക്കുമ്പോൾ 32 ടീമുകൾ അവരുടെ സ്ഥാനം ഇരുപത്തഞ്ചാമതായിരുന്നു. ക്രോസുകളുടെ എണ്ണത്തിൽ നാലു ടീമുകളേ അവർക്ക് പിന്നിലുണ്ടായിരുന്നുള്ളൂ. ഏറ്റവും കൂടുതൽ ഓടിയ കാര്യത്തിലും അവസാനത്തു നിന്ന് അവർ അഞ്ചാമതായിരുന്നു. മത്സരത്തിൽ ശരാശരി ആറു ഷോട്ടുകൾ മാത്രമാണ് അവർക്ക് ഗോളിലേക്ക് തൊടുത്തുവിടാനായത്. ഇക്കാര്യത്തിൽ ഒരു ടീം മാത്രമേ അവർക്ക് പിന്നിലുണ്ടായിരുന്നുള്ളൂ. ലളിതമായി പറഞ്ഞാൽ, പ്രതിരോധത്തിലാണ് ഫ്രാൻസ് പ്രധാനമായും ശ്രദ്ധിച്ചത്. പഴുതില്ലാത്ത വിധം അവർ ചെറുത്തുനിന്നു. തന്ത്രപൂർവം പ്രത്യാക്രമണം നടത്തി. ഫിനിഷിംഗിൽ പിഴച്ചില്ല. സെറ്റ്പീസുകൾ ഫലപ്രദമായി ഉപയോഗിച്ചു. സെന്റർ ബാക്കുകളുടെ ഹെഡർ ഗോളുകൾ നിർണായക വിജയങ്ങൾ സമ്മാനിച്ചു. പ്രത്യേകിച്ചും ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും. 


തന്ത്രപരമായി നോക്കിയാൽ അവർ കളിച്ച ഫുട്‌ബോൾ ഉജ്വലമായിരുന്നുവെന്ന് 2018 ലെ ലോകകപ്പിൽ ദർശിച്ച തന്ത്രങ്ങളുടെ റിപ്പോർട്ട് ഫിഫക്കു വേണ്ടി തയാറാക്കിയ സംഘത്തിന്റെ തലവൻ സ്വോനിമീർ ബോബാൻ പറയുന്നു. മുൻ ക്രൊയേഷ്യൻ താരമാണ് ബോബാൻ. 
തന്റെ കീഴിലുള്ള കളിക്കാരെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന കാര്യത്തിൽ തന്ത്രജ്ഞനാണ് ഫ്രഞ്ച് കോച്ച് ദീദിയർ ദെഷോം. ഏറ്റവും കെട്ടുറപ്പുള്ളതും എന്താണ് വേണ്ടതെന്നതിനെക്കുറിച്ച ധാരണയുള്ളതും ഫ്രാൻസിനായിരുന്നു. 


പ്രായോഗികതയും ഫലപ്രാപ്തിയുമാണ് ഫ്രാൻസിന്റെ മുഖമുദ്ര. അതു നടപ്പാക്കാൻ കഴിയുന്ന ഗുണനിലവാരമുള്ള കളിക്കാരും അവർക്കുണ്ടായിരന്നു. കീലിയൻ എംബാപ്പെയെയും എൻഗോലെ കാണ്ടെയെയും എടുത്തു പറയണം. ലോകകപ്പിനു ശേഷമുള്ള 15 മാസം കോവിഡ് കൊണ്ടുപോയ സാഹചര്യത്തിൽ രാജ്യാന്തര ഫുട്‌ബോൾ ടീമുകളുടെ ശൈലിയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അതിനാൽ തന്നെ യൂറോ കപ്പിൽ ഫ്രാൻസിനെ പിടിച്ചുകെട്ടുക വലിയ വെല്ലുവിളിയായിരിക്കും. 


ഡെന്മാർക്കും ഇറ്റലിയുമാണ് ഇക്കാര്യത്തിൽ ഫ്രാൻസിന് തൊട്ടുപിന്നിൽ. പക്ഷേ സമീപകാലത്ത് ഈ ടീമുകൾക്ക് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാനായിട്ടില്ല. എങ്കിലും ഈ യൂറോ കപ്പിന് ഈ രണ്ടു ടീമുകളും യോഗ്യത നേടിയത് ഉറച്ച പ്രതിരോധമുള്ള ശൈലിയിലൂടെയായിരുന്നു. റോബർടൊ മാഞ്ചീനിയുടെ കീഴിൽ കഴിഞ്ഞ 26 കളികളിൽ അജയ്യരാണെന്ന റെക്കോർഡുമായാണ് ഇറ്റലി യൂറോ കപ്പിനെത്തുന്നത്. യോഗ്യതാ റൗണ്ടിൽ അവർ വഴങ്ങിയത് വെറും നാലു ഗോളാണ്. ആക്രമണ ഫുട്‌ബോൾ കളിച്ച് ആരും ഇന്റർനാഷനൽ കിരീടങ്ങൾ നേടിയിട്ടില്ലെന്ന് വിൽസൻ ഓർമിപ്പിക്കുന്നു. ചെറുത്തുനിൽപാണ് പ്രധാനം, അതാണ് വിജയത്തിന്റെ അടിത്തറ -അദ്ദേഹം വിലയിരുത്തുന്നു. 


ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിലും ഇതാണ് കഥ. ടൂർണമെന്റിലെ മികച്ച പ്രതിരോധ റെക്കോർഡുള്ള രണ്ടു ടീമുകളാണ് ഫൈനലിലെത്തിയത് -ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും. തന്ത്രങ്ങൾ പരീക്ഷിക്കുന്നവരായിരുന്നു രണ്ടു ടീമിന്റെയും കോച്ചുമാർ. മഹാമാരിയുടെ കാലത്ത് സൂക്ഷ്മത പാലിച്ചവരായിരുന്നു ഇരുവരും. വിശ്രമമില്ലാത്ത മത്സരങ്ങളുടെ കാലത്ത് നിരന്തരമായ ആക്രമണമെന്ന രീതി ടീമുകൾ ഉപേക്ഷിച്ചു. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും നില വിട്ടുള്ള ആക്രമണം കാണാൻ സാധ്യത കുറവാണ്. തളർന്നവശരായ കളിക്കാരെ വെച്ച് ടൂർണമെന്റ് വിജയിക്കാനുള്ള തന്ത്രങ്ങളായിരിക്കും കോച്ചുമാരുടെ മനസ്സിൽ. 


ബോൾ പ്ലേയിംഗ് ഗോൾകീപ്പർമാർ ഇപ്പോൾ എല്ലാ ടീമുകളുടെയും മുഖമുദ്രയാണ്. അറ്റാക്കിംഗ് ഫുൾബാക്കുകൾ എല്ലാ ടീമിലുമുണ്ട്. അവർ കയറിക്കളിക്കുമ്പോൾ ഡിഫൻസിവ് മിഡ്ഫീൽഡർമാർ പിന്നിലേക്കിറങ്ങും. ഇംഗ്ലണ്ട് നാല് റൈറ്റ് ബാക്കുകളെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന ടീമുകളൊന്നും പ്രത്യേക ശൈലി പിന്തുടരുന്നില്ല. ബെൽജിയവും ഇംഗ്ലണ്ടും മിക്കവാറും മൂന്നംഗ പ്രതിരോധ നിരയുമായാണ് ഇറങ്ങുക. സ്‌പെയിനിന് പരമ്പരാഗതമായി 4-2-3-1 ശൈലിയാണ് ഇഷ്ടം. ഫ്രാൻസിന്റേത് ഡയമണ്ട് ഫോർമേഷനാണ് 4-4-2. പ്രത്യേകിച്ചും കരീം ബെൻസീമ ടീമിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ. ഇറ്റലിയും നെതർലാന്റ്‌സും നിലവിലെ ചാമ്പ്യന്മാരായ പോർചുഗലും 4-3-3 ശൈലിയിൽ കളിക്കാൻ താൽപര്യം കാണിക്കുന്നവരാണ്. 


സാധാരണ ഒരു ടീമിൽ പരമാവധി 23 കളിക്കാരാണ് ഉണ്ടാവാറ്. കോവിഡ് സാഹചര്യത്തിൽ അത് ഇരുപത്താറാക്കിയിട്ടുണ്ട്. തിരക്കേറിയ ക്ലബ് ഫുട്‌ബോൾ സീസണിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നടപടി. ഈ നീക്കം കൂടുതൽ മികച്ച കളിക്കാരുള്ള ടീമുകൾക്കാണ് ഗുണം ചെയ്യുക. ഇംഗ്ലണ്ടിനും ഫ്രാൻസിനുമൊക്കെ. എല്ലാ പൊസിഷനിലും ആവശ്യത്തിലേറെ മികച്ച കളിക്കാരുണ്ട് ഈ ടീമുകൾക്ക്. മഹാമാരിയുടെ കാലത്തെ മാറ്റങ്ങളുടെ ഗുണം ഏറ്റവുമധികം ലഭിക്കുക ഫ്രാൻസിനാണ്. 


 

Latest News