ഹൂസ്റ്റണ്‍- കോവിഡ് വാക്സിനേഷനു വേണ്ടി ജോണ്സണ് ആന്‍ഡ് ജോണ്സണ് നിര്‍മ്മിച്ച 60 ദശലക്ഷം ഡോസുകള്‍ ഉപയോഗശൂന്യമായി. വാക്സിനേഷനു വേണ്ടി കാത്തിരിക്കുന്ന നൂറുകണക്കിനു രാജ്യങ്ങള്‍ ഉള്ളപ്പോഴാണ് ഉപയോഗശൂന്യമായ നിലയില്‍ ഈ വാക്സിന് നശിപ്പിക്കേണ്ടി വരുന്നത്. പ്രശ്നബാധിതമായ ബാള്‍ട്ടിമോര്‍ ഫാക്ടറിയില്‍ ഉല്‍പാദിപ്പിച്ചതാണിത്. ഇത് ഉപയോഗിക്കാന്‍ കഴിയുമോയെന്ന പരിശോധനയിലായിരുന്നു എഫ്.ഡി.എ. എന്നാല്‍, 60 ദശലക്ഷം ഡോസ് വാക്സിനുകള്‍ക്ക് മലിനീകരണം സംഭവിച്ചുവെന്നു ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഫെഡറല്‍ റഗുലേറ്റര്‍മാരും ജോണ്സണ് ആന്‍ഡ് ജോണ്സണ് വക്താക്കളും വെളിപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്.
ഈ പായ്ക്കുകളില്നിന്നു അമേരിക്കയില്‍ ഏകദേശം 10 ദശലക്ഷം ഡോസുകള്‍ വിതരണം ചെയ്യാനോ മറ്റ് രാജ്യങ്ങളിലേക്ക് അയക്കാനോ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് പദ്ധതിയിട്ടിരുന്നു. ഇവയെല്ലാം ഇനി നശിപ്പിക്കേണ്ടി വരും. പ്ലാന്റ് പ്രവര്‍ത്തിക്കുന്ന കമ്പനിയായ എമര്‍ജന്റ് ബയോ സൊല്യൂഷന്‍സ് ശരിയായ ഉല്പാദന രീതികള്‍ പിന്തുടര്ന്നുവെങ്കിലും ഇത്രയധികം ഡോസുകള്‍ മലിനപ്പെട്ടത് വലിയ വിവാദത്തിന് വഴിതെളിച്ചേക്കും. രണ്ട് മാസമായി അടച്ചിട്ടിരിക്കുന്ന ഫാക്ടറി വീണ്ടും തുറക്കാന്‍ കഴിയുമോ എന്ന് ഏജന്‍സി ഇതുവരെ തീരുമാനിച്ചിട്ടില്ല.






