നന്ത്യാര്‍ വട്ടം നമ്പ്യാര്‍ വട്ടമായി, ജുവല്‍ മേരി പുലിവാല്‍ പിടിച്ചു 

കൊടുങ്ങല്ലൂര്‍- തന്റെ ഫോട്ടോയ്ക്ക്  ക്യാപ്ഷനായി നല്‍കിയ വാചകം ഇത്ര വലിയ പുലിവാല്‍ ആകുമെന്ന്  നടിയും അവതാരകയുമായ ജുവല്‍ മേരി സ്വപ്നത്തില്‍  പോലും  വിചാരിച്ചിട്ടുണ്ടാവില്ല. ക്യാപ്ഷനില്‍ പൂവിന്റെ പേര് തെറ്റിപ്പോയതാണ്  കമന്റ്  സെക്ഷനില്‍ പൊട്ടിച്ചിരിപ്പിക്കുന്ന  ചര്‍ച്ചയ്ക്ക് വഴിവെച്ചത്. കഴിഞ്ഞ ദിവസമാണ്  ജുവല്‍ മേരി ഫേസ്ബുക്കില്‍ തന്റെ ഒരു ഫോട്ടോ പോസ്റ്റ്  ചെയ്ത്, ഒപ്പം നല്‍കിയ ക്യാപ്ഷനില്‍  'നമ്പ്യാര്‍വട്ടപൂവ്' എന്ന് പറഞ്ഞിരുന്നു.  ഇതാണ് രസകരമായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. 'നമ്പ്യാര്‍വട്ടപൂവു പോലെ ആണു സ്‌നേഹിക്കപ്പെടുന്ന സ്ത്രീ, അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും' എന്നായിരുന്നു ക്യാപ്ഷന്‍.  മാധവിക്കുട്ടിയുടെ വരികള്‍ കടമെടുക്കുകയായിരുന്നുവെങ്കിലും   പൂവിന്റെ പേര് തെറ്റിപ്പോയി.!! പിന്നീട് കമന്റ്  സെക്ഷനില്‍ പൂവിന്റെ   പേര് നമ്പ്യാര്‍വട്ടമല്ല, നന്ത്യാര്‍വട്ടമാണെന്ന് പറഞ്ഞുകൊണ്ട് ആളുകളെത്തുകയായിരുന്നു.   പൂവിന്റെ പേര്   ശരിയായി ഉപയോഗിക്കണമെന്നും മാധവിക്കുട്ടിയുടെ വരികള്‍ പറയുമ്പോള്‍ അവര്‍ എഴുതിയത് തന്നെ വെക്കണമെന്നും ഉപദേശിച്ചവര്‍ ഏറെഎന്നാല്‍, രസകരമായ   കമന്റുകളായിരുന്നു ഏറെയും.  നമ്പ്യാരും നന്ത്യാരുമല്ല,  ഇത് നായര്‍വട്ടമാണെന്നായിരുന്നു ഒരു കമന്റ്. പിന്നീട് കമന്റുകളുടെ പെരുമഴയായിരുന്നു.  ക്രിസ്ത്യന്‍വട്ടം, മുസ്‌ലിം വട്ടം, ചാക്യാര്‍വട്ടം, മാപ്പിളവട്ടം എന്നിങ്ങനെ പല വട്ടങ്ങളുണ്ടെന്നും ആളുകള്‍ പറഞ്ഞു.. എന്നാല്‍, ഞങ്ങള്‍ നട്ടതുകൊണ്ടാണ് നമ്പ്യാര്‍വട്ടമെന്ന് പേര് വന്നതെന്ന് പേരില്‍ നമ്പ്യാരുള്ള ഒരു പ്രൊഫൈല്‍ കമന്റ്   ചെയ്തു. 
കമന്റ്  സെക്ഷന്‍ കത്തിക്കയറുമ്പോള്‍ ചര്‍ച്ചകള്‍ക്കും തിരുത്തലുകള്‍ക്കും മറുപടിയുമായി ജുവല്‍ മേരി എത്തി.
'കമന്റുകള്‍ വായിച്ചു ഞാനും എന്റെ വീട്ടുകാരും ചിരിച്ചു ചിരിച്ചു ഒരു വഴിയായി. ആ പൂവിന് പല നാട്ടില്‍ പല പേരാണ് വിളിക്കുന്നത്. ഞങ്ങളുടെ നാട്ടില്‍ നമ്പ്യാര്‍വട്ടം എന്നും നന്ത്യാര്‍വട്ടം എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഏതായാലും ഒരു പൂവിന്റെ പേര് ചൊല്ലി ഇത്ര രസകരമായ ഒരു ചര്‍ച്ച നടക്കുമെന്ന് കരുതിയില്ല', ജുവല്‍ മേരി കുറിച്ചു.
 

Latest News