റിയാദ് - മധ്യാഹ്ന വിശ്രമ നിയമം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവിലുണ്ടാവുക. ഉച്ചയ്ക്ക് പന്ത്രണ്ടു മുതല്‍ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസം വിലക്കുണ്ടാകും.
തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി മധ്യാഹ്ന വിശ്രമ നിയമം പാലിക്കണമെന്ന് തൊഴിലുടമകളോട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. ഉച്ച വിശ്രമ നിയമം എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ ഫീല്‍ഡ് പരിശോധനകള്‍ നടത്തും. മധ്യാഹ്ന വിശ്രമ നിയമലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച ആപ്പ് വഴിയോ ഏകീകൃത നമ്പറായ 19911 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ എല്ലാവരും അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികള്‍ക്ക് വെയിലില്‍നിന്ന് സംരക്ഷണം നല്കാന് ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് മൂവായിരം റിയാല്‍ തോതില്‍ പിഴ ചുമത്താന്‍ നിയമം അനുശാസിക്കുന്നു. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.






