കൊച്ചി- ലക്ഷദ്വീപിൽ ബി.ജെ.പിക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി ദ്വീപുവാസികൾ. കടയിൽ നിന്നും ബി.ജെ.പിക്കാർക്ക് സാധനങ്ങൾ നൽകില്ലെന്ന നോട്ടീസ് പതിച്ചാണ് ലക്ഷദ്വീപിലെ കച്ചവടക്കാരൻ പ്രതിഷേധിച്ചത്. ഈ കടയിൽ നിന്നും ബിജെപിക്കാർക്ക് ഒരു സാധനവും നൽകില്ല എന്ന് കാർഡ്‌ബോർഡിൽ എഴുതി കടക്ക് മുന്നിൽ സ്ഥാപിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ നിയോഗിച്ച പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ നീക്കം. അതിനിടെ, നിരവധി പേർ ബി.ജെ.പിയിൽനിന്ന് രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തി. ലക്ഷദ്വീപ് ജനതയോട് ബിജെപി നേതാക്കൾ കാണിക്കുന്ന ക്രൂരമായ അവഗണനയിലും സിനിമ പ്രവർത്തക ആയിഷ സുൽത്താനക്ക് നേരെയുള്ള നിയമനടപടികളിലും പ്രതിഷേധിച്ചാണ് രാജി.






