Sorry, you need to enable JavaScript to visit this website.

കോവിഡിന്റെ മൂന്നാം തരംഗം നേരിടാൻ കേരളം സജ്ജം-മുഖ്യമന്ത്രി

തിരുവനന്തപുരം- കോവിഡിന്റെ മൂന്നാം തരംഗം വന്നാലും നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഒരുക്കങ്ങളും കേരളം പൂർത്തിയാക്കിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. കൂടുതൽ രോഗികൾ ഉള്ള തദ്ദേശസ്ഥാപനങ്ങളിൽ ഈ ഘട്ടത്തിൽ കൂടുതൽ ഗൗരവത്തോടെ ഇടപെടണമെന്നും ടി.പി.ആർ കൂടിയ ജില്ലകളിൽ പരിശോധനയുടെ എണ്ണം വർധിപ്പിക്കാൻ നിർദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
ജൂൺ 16  കഴിഞ്ഞാൽ  സെക്രട്ടേറിയറ്റിലും മറ്റും സ്വാഭാവികമായി കൂടുതൽ ജീവനക്കാർ എത്തെണ്ടിവരും. അതുകൊണ്ട് അവരുടെ വാക്‌സിനേഷൻ ഉറപ്പാക്കും. മന്ത്രിമാരുടെ സ്റ്റാഫംഗങ്ങൾക്കും സെക്രട്ടറിയേറ്റിലെ മുഴുവൻ ജീവനക്കാർക്കും വാക്‌സിനേഷന് മുൻഗണ നൽകും. നാളെയും മറ്റന്നാളും സമ്പൂർണ്ണ ലോക്ക്ഡൗണാണ്. അത് പൂർണ്ണ അർത്ഥത്തിൽ നടപ്പാക്കാൻ എല്ലാവരും സഹകരിക്കണം. 
രണ്ടാമത്തെ തരംഗത്തിനും മൂന്നാമത്തെ തരംഗത്തിനുമിടയിലെ ഇടവേളയുടെ ദൈർഘ്യം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പല രാജ്യങ്ങളിലും പല ദൈർഘ്യങ്ങളാണ് ഈ ഇടവേളകൾക്കുണ്ടായിരുന്നത്. ബ്രിട്ടണിൽ ഉണ്ടായത്  2 മാസത്തെ ഇടവേളയായിരുന്നു. ഇറ്റലിയിൽ 17 ആഴ്ചയും അമേരിക്കയിൽ 23 ആഴ്ചയുമായിരുന്നു അത്. കേരളത്തിൽ മൂന്നാമത്തെ തരംഗത്തിനു മുൻപുള്ള ഇടവേള പരമാവധി ദീർഘിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. പെട്ടെന്നു തന്നെ അടുത്ത തരംഗമുണ്ടാവുകയും അത്  ഉച്ചസ്ഥായിയിൽ എത്തുകയും ചെയ്താൽ  മരണങ്ങൾ കൂടുതലായി സംഭവിക്കാം.  അതുകൊണ്ട് ലോക്ഡൗൺ ഇളവുകൾ ശ്രദ്ധാപൂർവം മാത്രം നടപ്പിലാക്കാനും  ലോക്ഡൗൺ കഴിഞ്ഞാലും കോവിഡ് മാനദണ്ഡങ്ങൾ തുടരാനും   ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്തിനുള്ളിൽ ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ ശാക്തികരിക്കാനുള്ള നടപടികൾ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകും. 

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് വാക്‌സിൻ ഇതുവരെ നൽകിയിട്ടുണ്ട്. 
ആവശ്യത്തിന് വാക്‌സിൻ   കേന്ദ്രം തരുമെന്ന  പ്രതീക്ഷയിൽ നടപടികൾ നീക്കുകയാണ്. വാക്‌സിൻ   സ്‌റ്റോക്ക് വെക്കാതെ കൊടുത്ത് തീർക്കാൻ നിർദേശം നൽകിയിട്ടുണ്ട്.  രണ്ടു ഡോസ്  വാക്‌സിൻ എടുത്തവർക്ക് യാത്ര ചെയ്യുമ്പോൾ സർട്ടിഫക്കറ്റ് നിർബന്ധിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News