Sorry, you need to enable JavaScript to visit this website.

മന്ത്രിസഭാ അഴിച്ചുപണി അഭ്യൂഹത്തിനിടെ അമിത് ഷായും നഡ്ഡയും പ്രധാനമന്ത്രി മോഡിയെ കണ്ടു

ന്യൂദല്‍ഹി- കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കാനുള്ള സാധ്യതയുണ്ടെന്ന സൂചനകള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും ചര്‍ച്ച നടത്തി. ഏതാനും മന്ത്രാലയങ്ങളുടേയും കേന്ദ്ര മന്ത്രിമാരുടേയും പ്രകടനങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന നിരവധി യോഗങ്ങളില്‍ ഇന്ന് മോഡി പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് മൂന്ന് ഉന്നതരുടെ കൂടിക്കാഴ്ച. മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി മന്ത്രിസഭയില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടുണ്ട്. ആറു മാസത്തിനകം ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ഇതു കൂടി മുന്നില്‍ കണ്ട് വൈകാതെ വലിയ പദ്ധതി പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം ഏഴു കേന്ദ്ര മന്ത്രിമാരുമായി അഞ്ചു മണിക്കൂറാണ് മോഡി ചെലവിട്ടത്. അവരുടെ പ്രകടനം വിലയിരുത്തുകയായിരുന്നു. ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, ഹര്‍ദീപ് പുരി തുടങ്ങിയവരും കൂട്ടത്തിലുണ്ടായിരുന്നു. വൈകീട്ട് അഞ്ചിന് ആരംഭിച്ച കൂടിക്കാഴ്ച രാത്രി 10 വരെ നീണ്ടു. സാധാരണ മാസത്തിലൊരിക്കലാണ് മന്ത്രിസഭാ യോഗം ചേരുക. 

വാക്‌സിനേഷന്‍ പദ്ധതിയുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് തിരികെ ഏറ്റെടുത്ത് ജൂണ്‍ 21 മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട ചില നീക്കങ്ങള്‍ ആരംഭിച്ചത്.

Latest News