Sorry, you need to enable JavaScript to visit this website.

പി.കെ. വാര്യർ ചൊരിഞ്ഞ വാൽസല്യം

പദ്മഭൂഷൺ പി.കെ വാര്യർ
കോട്ടക്കൽ ആര്യവൈദ്യശാല
പദ്മഭൂഷൺ പി.കെ വാര്യരോടൊപ്പം ലേഖകൻ (ഫയൽ)

മലപ്പുറം കോട്ടക്കൽ ഗ്രാമത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ വിശ്വപൗരൻ പദ്മഭൂഷൺ പി.കെ വാര്യർ. നൂറിന്റെ നിറവിലെത്തിയ ആയുർവേദത്തിന്റെ പരമാചാര്യൻ. അദ്ദേഹത്തിന്റെ ആത്മസുഹൃത്തും നാട്ടുകാരനുമായിരുന്ന മുൻമന്ത്രി യു.എ. ബീരാന്റെ മകനായ ലേഖകൻ പങ്കുവെക്കുന്ന ഗൃഹാതുര ചിന്ത. 


ഭാരതത്തിലെ പ്രാചീന ചികിത്സാ സമ്പ്രദായമായ ആയുർവേദത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചതു വഴി കോട്ടക്കലിന്റെ പ്രശസ്തി വാനോളം ഉയർത്തിയ, കോട്ടക്കൽക്കാരുടെ സ്വകാര്യ അഹങ്കാരം കൂടിയായ പത്മഭൂഷൺ പി.കെ വാര്യർ എന്ന കുട്ടിമ്മാന് എല്ലാ ആശംസകളും.
ചരിത്രത്തിലെ ഇതിഹാസമായി വേറിട്ടു നിൽക്കുന്ന കോട്ടക്കൽ ആര്യ വൈദ്യശാല എന്ന സ്ഥാപനത്തിന്റെ പതിറ്റാണ്ടുകളായി മാനേജിങ് ട്രസ്റ്റി എന്ന പദവിയിൽ ആയുർവേദത്തെ ഇന്ത്യക്കകത്തും പുറത്തും ലോകമാസകലം എത്തിച്ചതിന്റെ ഖ്യാതി പി.കെ വാര്യർക്ക് സ്വന്തമാണ്. പണ്ഡിത ശ്രേഷ്ടനായ വാര്യരെ  ഒരു നോക്ക് കാണാൻ, ചികിത്സാ രീതികളെ കുറിച്ച് ചോദിച്ചറിയാൻ ലോകത്തിലെ വിവിധ ഭരണാധികാരികൾ തൊട്ട് പ്രശസ്തരും അപ്രശസ്തരുമായിട്ടുള്ള ആയിരക്കണക്കിനാളുകൾ ക്യൂ നിൽക്കുന്ന സമയത്തും ഈ മഹാപണ്ഡിതൻ വിനയത്തിന്റെയും ലാളിത്യത്തിന്റെയും എളിമയുടെയും, ചിട്ടയായ ജീവിതക്രമത്തിന്റെയും പര്യായമായി നിറഞ്ഞു നിൽക്കുകയാണ്. ജീവിത ചിട്ടയും ഭക്ഷണക്രമവും തന്നെയാണ് തന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പിന്നിലെ രഹസ്യം എന്ന് സ്വന്തം ജീവിതം കൊണ്ട് ലോകത്തിന് മുമ്പിൽ സാക്ഷ്യം വഹിച്ച് നമ്മുടെ മുൻപിൽ നിൽക്കുമ്പോൾ ഈ അവസരം ആയുർവേദത്തെയും കോട്ടക്കലിനെയും ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും സന്തോഷിക്കാൻ വകയുള്ള നിമിഷമാണ്.

മഹാനായ വൈദ്യരത്‌നം പി.എസ് വാര്യർ സ്ഥാപിച്ച കോട്ടക്കൽ ആര്യ വൈദ്യശാല ഏറെ സവിശേഷതകളും പ്രത്യേകതകളും ഉള്ള ഈ കാലഘട്ടത്തിൽ ഏതൊരു സ്ഥാപനത്തിനും മാതൃകയായ രീതിയിലുള്ള വസ്തുനിഷ്ഠമായ ബോധ്യത്തോട് കൂടി സാമൂഹ്യ സേവനവും ഒപ്പം ആയുർവേദത്തിന്റെയും കലകളുടെയും ആചാരങ്ങളുടെയും ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മഹൽ സ്ഥാപനമാണ്. അതുകൊണ്ട് തന്നെയാണ് ജാതി-മത ലിംഗഭേദ വർഗ വ്യത്യാസങ്ങളില്ലാതെ ലോകമാസകലമുള്ള ആളുകൾ അവസാന കൈ എന്ന നിലക്ക് ആയുർവേദത്തെ പുൽക്കാൻ വന്നുകൊണ്ടിരിക്കുന്ന അപൂർവമായ കാഴ്ച. 1921 ലെ മലബാർ സമരത്തിൽ ചില സ്ഥലങ്ങളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായപ്പോൾ കോട്ടക്കലിന്റെ പേരും പ്രശസ്തിയും കാത്തുസൂക്ഷിക്കുന്നതിൽ അന്നത്തെ നായകൻ പി.എസ് വാര്യർക്കുള്ള സാമർത്ഥ്യം ഇന്നും ചരിത്രത്തിന്റെ തങ്കലിപികളിൽ മങ്ങാതെ കിടക്കുകയാണ്. അതുപോലെ ഒട്ടനേകം സവിശേഷതകളും പ്രാധാന്യങ്ങളുമുള്ള ഈ മഹൽ സ്ഥാപനം ആധുനിക രീതിയിൽ പരിവർത്തിച്ചെടുക്കുന്നതിലും പരിപാലിക്കുന്നതിലും പി.കെ വാര്യർക്കുള്ള കഴിവ് അപാരം തന്നെ. അതുകൊണ്ടു തന്നെയാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീയും തുടർന്ന് പത്മഭൂഷണും നൽകി ആദരിച്ചത്.
എന്നെ സംബന്ധിച്ച് അദ്ദേഹം എന്റെ പിതാവുമായി (യു.എ ബീരാൻ സാഹിബ്) സഹോദര തുല്യമായ സ്‌നേഹബന്ധവും വാൽസല്യവും ചെറുപ്പം മുതലേ അനുഭവിച്ചറിഞ്ഞതുകൊണ്ടു തന്നെ കൈലാസ മന്ദിരത്തിലെ മറ്റു കുട്ടികൾ വിളിക്കുന്നതു പോലെ കുട്ടിമ്മാൻ എന്ന ഓമനപ്പേരിലാണ് പൊതു വേദികളിലൊഴികെ ഞങ്ങളും വിളിച്ചിരുന്നത്. പൊതുപ്രവർത്തനത്തിന്റെ തുടക്ക കാലമാണ്. 80 കളിലാണെന്നാണോർമ. കോട്ടക്കൽ രാജാസ് ഹൈസ്‌കൂളിലാണ് അത്തവണ ജില്ലാ യുവജനോത്സവം നടക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തവും സാമ്പത്തിക ചെലവും ഏറെ വേണ്ടിവരുന്ന പ്രോഗ്രാമിന്റെ പ്രമുഖ ഭാരവാഹിയായി പി.കെ വാര്യർ സദസ്സിൽ വെച്ച് എന്റെ പേര് നിർദേശിച്ചപ്പോൾ തെല്ല് ജാള്യത്തോടെ എഴുന്നേറ്റ് നിന്ന് വേറെ ആരെയെങ്കിലും ഏൽപിക്കാൻ അപേക്ഷിച്ചപ്പോൾ ഉചിതമായ ആളെ തന്നെയാണത് ഏൽപിച്ചിട്ടുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


ഒരിക്കൽ പി.കെ വാര്യർക്ക് ഒരു അവാർഡ് ലഭിച്ചപ്പോൾ  കോട്ടക്കൽ പൂരം നടക്കുന്ന പാടത്ത് വെച്ച് നടന്ന അനുമോദന യോഗത്തിൽ മുഖ്യ സംഘാടകനായി പ്രവർത്തിക്കാൻ സാധിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി ഇന്നും കാത്തു സൂക്ഷിക്കുകയാണ്. 1978 ൽ സി.എച്ച് മുഹമ്മദ് കോയ ഒരു തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് രാജിവെച്ചപ്പോൾ പകരക്കാരനായി എന്റെ പിതാവ് യു.എ ബീരാൻ സാഹിബിനെയായിരുന്നു വിദ്യാഭ്യാസം, ടൂറിസം മന്ത്രിയായി നിയമിച്ചത്. അന്ന് വലിയ ആഘോഷസമേതം കോട്ടക്കൽ പുതിയ ബസ് സ്റ്റാന്റ് ഉദ്ഘാടനം തീരുമാനിച്ച ദിവസം രാവിലെ ബീരാൻ സാഹിബിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. പകരം അധ്യക്ഷ പദവി മഹാനായ സി.എച്ച് തന്നെ ഏറ്റെടുക്കുകയും സി.എച്ചും പി.കെ വാര്യരും എല്ലാം ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ സ്വന്തം ആരോഗ്യം നോക്കാതെ പൊതുപ്രവർത്തനം നടത്തിയാലുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് പൊതുയോഗത്തിൽ ഉദ്ഘാടക ഗവർണർ ജ്യോതി വെങ്കടാചലത്തിന്റെ സാന്നിധ്യത്തിൽ പിതാവിന്റെ അഭാവത്തിൽ ശാസനാരൂപത്തിൽ പറഞ്ഞത് ഇന്നും കാതുകളിൽ മുഴങ്ങുകയാണ്. ഇതുപോലെ എത്രയെത്ര അനുഭവങ്ങൾ ഓർമിക്കാനുണ്ട്. 
ചെറുപ്പകാലത്ത് ഒരു അബദ്ധം പറ്റിയപ്പോൾ സ്‌നേഹരൂപത്തിൽ വിളിച്ച് ഉപദേശിച്ചത് ഇപ്പോഴും മറന്നിട്ടില്ല. ഏറ്റവും അവസാനമായി കോവിഡിന് തൊട്ട് മുമ്പ് പോയി കണ്ടപ്പോൾ എന്റെ ഓപറേഷൻ കഴിഞ്ഞുള്ള തുടർചികിത്സയെ കുറിച്ചും അമേരിക്കയിലെ ചില വിശേഷങ്ങളെക്കുറിച്ചുമെല്ലാം താൽപര്യപൂർവം ചോദിച്ചറിഞ്ഞു. കൂടെ കുറെ ഉപദേശ-നിർദേശങ്ങൾ നൽകിക്കൊണ്ട് പറഞ്ഞു, നിങ്ങളൊന്നും ദീനം പിടിച്ചു കിടക്കേണ്ട കുട്ടികളല്ല എന്ന്. പി.കെ വാര്യരുമായി സംസാരിച്ചു പിരിയുമ്പോൾ പതിവില്ലാത്ത വിധം ഒരു ഊർജവും ആത്മവിശ്വാസവും പകർന്ന് കിട്ടിയിരുന്നു. രോഗികൾക്ക് മാത്രമല്ല, ആർക്കും എപ്പോഴും അദ്ദേഹത്തോട് സംസാരിച്ച് കഴിഞ്ഞാൽ ആത്മവിശ്വാസവും ഉണർവും ലഭിക്കുന്നത് ഈ വൃക്തിയുടെ സവിശേഷതയാണ്. ഇപ്പോൾ ഏഴാം കടലിനപ്പുറത്തിരുന്നുകൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടിമാന്റെ ആയുരാരോഗ്യ സൗഖ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു -'സർവേ സന്തു നിരാമയാ'. 

 

Latest News