Sorry, you need to enable JavaScript to visit this website.

ദീപാങ്കുരന്റെ ശിൽപ ചാരുത 

ദീപാങ്കുരൻ 
ദീപാങ്കുരൻ കുടുംബത്തോടൊപ്പം


കംപ്യൂട്ടർ ഗ്രാഫിക്‌സും ത്രിമാന ചിത്രങ്ങളുമൊക്കെ അടക്കി വാഴുന്ന ലോകത്ത് കൊത്തുപണിയിലും ശിൽപ രചനയിലും വിസ്മയം തീർക്കുന്ന കലാകാരനാണ് ഖത്തർ പ്രവാസിയായ തിരുവനന്തപുരം വർക്കല സ്വദേശി ദീപാങ്കുരൻ. വരയോ ഡിസൈനിംഗ് കലയോ എവിടെയും പോയി പഠിച്ചിട്ടില്ലാത്ത ഈ മലയാളി കലാകാരന്റെ കരവിരുതും നിർവഹണ ചാതുരിയും ഏവരേയും അൽഭുതപ്പെടുത്തും. ഖത്തറിലെ വകറ ബർവ വില്ലേജിലെ റാവിസ് ഗ്രിൽ ആന്റ് റസ്റ്റോറന്റിനെ മനോഹരമായ ഇന്റീരിയർ ഡിസൈനുകളിൽ ആകൃഷ്ടനായി അതിന് പിന്നിലെ കലാകാരനെ തേടിയപ്പോഴാണ് ദീപാങ്കുരനെ കണ്ടെത്തിയത്. ഒരു പക്ഷേ 360 ഡിഗ്രി വെർച്വൽ റിയാലിറ്റിയെപ്പോലും വെല്ലുന്ന ഇഫക്ടുകളോടെയാണ് ഈ കലാകാരൻ സൃഷ്ടികൾ നടത്തുന്നത്.
സിമന്റിലും പെയിന്റിലും മരത്തിലും കല്ലുകളിലുമൊക്കെ സുന്ദരമായ ശിൽപങ്ങൾ തീർക്കുന്ന ഈ മലയാളി കലാകാരന്റെ ഓരോ വർക്കും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. ജീവിത യാത്രയിൽ കണ്ടും കേട്ടും വായിച്ചുമറിഞ്ഞ സൗന്ദര്യ സങ്കൽപങ്ങളെ തന്റെ ഭാവനയുടെ മൂശയിൽ ചുട്ടെടുത്ത് ആകർഷകമായ കലാരൂപങ്ങളാവുമ്പോൾ ആരും വിസ്മയിച്ചുപോകും.
ഔപചാരിക വിദ്യാഭ്യാസമോ വേണ്ടത്ര ഭാഷാ പരിജ്ഞാനമോ ഇല്ലാത്ത ഈ വർക്കലക്കാരന് ദൈവം കനിഞ്ഞരുളിയ സർഗ സിദ്ധിയാണ് കല എന്നു വേണം കരുതാൻ. കലാപരമായ കഴിവ് തന്റെ അമ്മാവനിൽ നിന്ന് അന്തരമെടുത്തതാകാം എന്നാണ് അദ്ദേഹം കരുതുന്നത്. അമ്മാവൻ കലാരംഗത്ത് കഴിവുള്ളവനായിരുന്നു.


സ്‌കൂൾ കാലം മുതലേ ചിത്രങ്ങളോടും ശിൽപങ്ങളോടും കമ്പമുണ്ടായിരുന്ന ദീപാങ്കുരൻ ചെറിയ ശിൽപങ്ങളും കൊത്തു പണികളുമൊക്കെ ചെയ്യുമായിരുന്നു. സഹപാഠികളും അധ്യാപകരുമൊക്കെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്തത് കൂടുതൽ മുന്നേറാൻ ആത്മവിശ്വാസവും ഊർജവും പകർന്നു.
എസ്.എസ്.എൽ.സിക്ക് ശേഷം തുടർ പഠനത്തെക്കുറിച്ചൊന്നും ചിന്തിക്കാതെ ഒരു ആർട്ടിസ്റ്റ് കടയിൽ ജോലി നോക്കുകയാണുണ്ടായത്. ഫഌക്‌സും ഗ്രാഫിക്‌സുകളുമൊന്നും പ്രചാരത്തിലില്ലാത്ത കാലത്ത് ആർട്ടിസ്റ്റുകൾക്ക് നല്ല ഡിമാന്റായിരുന്നു. ബോർഡുകളും ബാനറുകളും ചുവരെഴുത്തുകളും ചിത്രപ്പണികളുമൊക്കെയായി സജീവമായ നാളുകൾ. ആയിടക്കാണ് കടയുടമ ഗൾഫിലേക്ക് പോയത്. അതോടെ കടയുടെ മൊത്തം ഉത്തരവാദിത്തം ദീപാങ്കുരനായി. ക്രമേണ സ്വന്തമായൊരു സ്ഥാപനമെന്ന ആശയം വരികയും അത് സാക്ഷാൽക്കരിക്കുകയും ചെയ്തു. സൃഷ്ടി തിയേറ്റേഴ്‌സിന്റെ ചില നാടകങ്ങൾക്ക് രംഗപടം ചെയ്തും ദീപാങ്കുരൻ ശ്രദ്ധേയനായിരുന്നു.

 


എന്നാൽ രാജ്യത്ത് ഫഌക്‌സുകളും ഗ്രാഫിക് ടെക്‌നോളജിയും പ്രചാരത്തിലായതോടെ ആർട്ടിസ്റ്റുകളുടെ തിരക്കൊഴിഞ്ഞു.  അങ്ങനെയാണ് ഖത്തറിലുണ്ടായിരുന്ന സഹോദരൻ അയച്ച വിസയിൽ ഖത്തറിലെത്തിയത്. ആർട്ടിസ്റ്റായി മാത്രം ജോലി ചെയ്ത് പരിചയമുള്ള അദ്ദേഹം ഖത്തർ മുനിസിപ്പാലിറ്റിയിലെ ഡ്രൈവറായാണ് പിന്നീട് ജീവിതം തള്ളി നീക്കിയത്.  തന്നിലെ ശിൽപിയും കലാകാരനുമൊക്കെ ഒതുങ്ങിക്കൂടിയ നാളുകൾ.  ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ ചില സ്റ്റുഡിയോകളിൽ പാർട്ട് ടൈം ജോലി കിട്ടിയത് വലിയ ആശ്വാസമായി. ഫോട്ടോകൾക്ക് പശ്ചാത്തലമായുള്ള സീനറികൾ വരക്കലായിരുന്നു പ്രധാന ജോലി. ഡിജിറ്റൽ ക്യാമറകളും അത്യാധുനിക ക്യാമറകളുള്ള മൊബൈൽ ഫോണുകളുമൊക്കെ സാർവത്രികമായതോടെ ആ സാധ്യതയും മങ്ങി. കലാപരമായ പ്രവർത്തനങ്ങളൊന്നുമില്ലാത്ത മുനിസിപ്പാലിറ്റി ജോലി മടുത്തപ്പോൾ രാജിവെച്ച് നാട്ടിലേക്ക് പോയി.


പ്രവാസ ലോകത്തുനിന്നും നേടിയ അനുഭവത്തിന്റേയും പരിചയത്തിന്റേയുമടിസ്ഥാനത്തിൽ ആർട്ടിസ്റ്റ് ജോലി ചെയ്ത് നാട്ടിൽ കഴിയാമെന്നാണ് കണക്കുകൂട്ടിയത്. എന്നാൽ മാന്വൽ ജോലികളുടെ സാധ്യത കുറഞ്ഞതും കംപ്യൂട്ടർ ഗ്രാഫിക്‌സുകൾ കുറഞ്ഞ ചെലവിൽ ലഭ്യമായതും ഈ സ്വപ്‌നം തകർത്തു. അങ്ങനെയാണ് ചുമരിലേക്കെറിഞ്ഞ റബർ പന്തു പോലൈ ദീപാങ്കുരൻ വീണ്ടും പ്രവാസിയായി ദോഹയിലെത്തുന്നത്. 13 വർഷം മുനിസിപ്പാലിറ്റിയിൽ ഡ്രൈവറായി ജോലി ചെയ്തതിനാൽ ഖത്തറിലെ റോഡുകളും ട്രാഫിക് നിയമങ്ങളുമൊക്കെ അദ്ദേഹത്തിന് നല്ല വശമായിരുന്നു. അങ്ങനെ ഒരു ലിമോസിൻ കമ്പനിയുടെ വിസയിൽ രണ്ടാമതായി ദോഹയിലേക്ക് വിമാനം കയറുമ്പോൾ ഊബർ ഡ്രൈവറാകണമെന്നായിരുന്നു ആഗ്രഹിച്ചത്. ഓട്ടമില്ലാത്ത സമയത്ത് തന്റെ കലാപരമായ വർക്കുകളും ചെയ്യാമെന്ന് അദ്ദേഹം കണക്കുകൂട്ടി. മനുഷ്യൻ പലതും കണക്കുകൂട്ടുന്നു. ദൈവം മറ്റു പലതും തീരുമാനിക്കുന്നു.


കൊറോണയാണ് ഈ പ്രാവശ്യം ദീപാങ്കുരന്റെ സ്വപ്‌നങ്ങൾക്ക് മുന്നിൽ വില്ലനായത്. കണിശമായ കോവിഡ് പ്രോട്ടോകോളുകളും നിയന്ത്രണങ്ങളുമുള്ളതിനാൽ ഊബർ ഡ്രൈവറാവുകയെന്ന സ്വപ്‌നം സാക്ഷാൽക്കരിക്കാനായില്ല. എങ്കിലും സാഹചര്യത്തിന്റെ സമ്മർദങ്ങളിൽ തളരാതെ തനിക്ക് ദൈവം കനിഞ്ഞരുളിയ കലാപ്രവർത്തനങ്ങളിലൂടെ ഉപജീവനം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി. വിജയിച്ചു തുടങ്ങിയതോടെ ജീവിതം പച്ചപിടിക്കാൻ തുടങ്ങി.


വീടുകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, തോട്ടങ്ങൾ, കൊട്ടാരങ്ങൾ തുടങ്ങിയവയുടെയൊക്കെ പൂർണമായ കലാഡിസൈനിംഗ്, പെയിന്റിംഗ്, ശിൽപങ്ങൾ സ്ഥാപിക്കൽ, കലാപരമായ സൃഷ്ടികളാൽ മോടി പിടിപ്പിക്കൽ തുടങ്ങി നിരവധി ജോലികളിൽ നിപുണനായ ദീപാങ്കുരൻ സ്പ്റേ ചിത്രങ്ങളിലും സിമന്റിലും മരത്തിലുമുള്ള കൊത്തുപണികളിലും വിദഗ്ധനാണ്. പ്രൊഫഷനൽ മികവോടെ ദീപാങ്കുരൻ തീർക്കുന്ന ശിൽപങ്ങളും കലാസൃഷ്ടികളും ഇതിനകം തന്നെ സ്വദേശികളുടേയും വിദേശികളുടേയും ശ്രദ്ധ നേടിക്കഴിഞ്ഞു. 
ഇന്റീരിയർ ഡിസൈനിംഗ് പോലെ തന്നെ ഫൈബർ ഗഌസ്, തെർമോകോൾ, ജിപ്‌സം എന്നിവിയിലും പെയിന്റിംഗുകളും ശിൽപങ്ങളും സൃഷ്ടിക്കുവാൻ ദീപാങ്കുരന് അധികനേരം വേണ്ട. 77467740, 55272081 എന്നീ നമ്പറുകളിൽ ദീപാങ്കുരനെ ബന്ധപ്പെടാം. സോജയാണ് ഭാര്യ. ദേവിക, ദേവൻ എന്നിവർ മക്കളാണ്. മക്കളും പെയിന്റിംഗിലും ചിത്രപ്പണികളിലും വൈഭവമുളളവരാണ്.

Latest News