Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇരുളും മെല്ലെ വെളിച്ചമായ് വരാം.....

കോവിഡ് കാലത്ത് ഇന്ത്യയിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന  ദുഃഖഭരിതമായ വാർത്തകൾ അനവധിയാണ്. പ്രിയപ്പെട്ടവരെ  നഷ്ടപ്പെട്ടവരുടെ ദീനരോദനങ്ങൾ,  ഒത്തിരി പിടിപാടും  ആൾബലവും ഉണ്ടായിട്ടും ഒരൽപം ഓക്‌സിജൻ പകർന്നുകൊടുക്കാൻ  കഴിയാത്തതിലുള്ള നിരാശകൾ. ഒടുവിൽ പിരിയാൻ നേരത്ത് പ്രിയപ്പെട്ടവർ പറഞ്ഞിട്ട് പോയ ആത്മസ്പർശിയായ വാക്കുകൾ, രോഗികളുടെ വിവിധ ഭാവങ്ങൾ, പ്രതികരണങ്ങൾ തുടങ്ങിയവ  സോഷ്യൽ മീഡിയയിലിപ്പോൾ നിറഞ്ഞു കവിയുകയാണ്.
മഹാമാരികൾ കവർന്നെടുത്ത വിലപ്പെട്ട  ജീവിതങ്ങൾ പകർന്നു തന്ന ഒരുപാട് പാഠങ്ങളുണ്ട്. സ്‌നേഹിക്കാനും കരുണ കാട്ടാനും വൈകിക്കരുതെന്നാണ് അതിൽ ഏറെ പ്രസക്തവും  പ്രാധാന്യമുള്ളതും. വിട്ടുവീഴ്ചയും പൊറുത്തു കൊടുക്കലും എത്രയോ വിശിഷ്ടമായ ഗുണമാണെന്നും ഈ  കാലം പ്രത്യേകിച്ചും നമ്മെ പഠിപ്പിക്കുന്നുണ്ട്. 


പല ഘട്ടത്തിലും ത്യാഗത്തിന്റെ വില പല തരത്തിൽ പലരും ഉൾക്കൊണ്ടു കൊണ്ടിരിക്കുന്നു.  'ത്യാഗിക്ക് ദുഃഖമുണ്ടാക്കുന്ന ത്യാഗം ത്യാഗമല്ല. യഥാർത്ഥ ത്യാഗം ത്യാഗിയുടെ മനസ്സിന് വെളിച്ചമേകി സന്തോഷവും സമാധാനവും പകരുന്നു'  മഹാത്മജിയുടെ ഈ വാക്കുകൾ ഏറെ ഉൾക്കാഴ്ച  പ്രദാനം ചെയ്യുന്നുണ്ട്. പ്രിയപ്പെട്ടവരുടെ വിയോഗം, ധനനഷ്ടം, വിഭവ നഷ്ടം തുടങ്ങിയവ മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്നും അപ്പോഴെല്ലാം ക്ഷമ അവലംബിക്കുന്നവർക്ക് സന്തോഷ വാർത്ത അറിയിക്കണമെന്നും വേദഗ്രന്ഥം അരുൾ ചെയ്യുന്നുണ്ട്.
ക്ഷേമത്തിൽ  അമിതമായ ആഹ്ലാദവും ക്ലേശത്തിൽ അമിതമായ ദുഃഖവും നല്ല ലക്ഷണമല്ലെന്നും വേദം ഉണർത്തുന്നുണ്ട്. സുഖദുഃഖങ്ങളെ സമചിത്തതയോടെ നേരിടാനുള്ള കഴിവ് നേടൽ അത്ര എളുപ്പമല്ല. വേദ വാകൃങ്ങൾ പകരുന്ന  ഉൾവെളിച്ചത്തിൽ മാത്രമേ അത് പലപ്പോഴും സാധ്യമാവുകയുള്ളൂ. മഹാമാരി കാലത്ത് കഷ്ടതകളിലൂടെയും പ്രതിബന്ധങ്ങളിലൂടെയും ലോകം കടന്നു പോവുമ്പോൾ അവയിൽ നിന്നെല്ലാം ചെറുതല്ലാത്ത പാഠങ്ങൾ പഠിച്ചെടുക്കുന്നവർ ക്ഷമാശീലർ, ഭാഗ്യവാൻമാർ.


അവർ പ്രത്യക്ഷങ്ങളുടെ സങ്കീർണതകളിലും അവ്യക്തതകളിലും കാലിടറി വീണുപോവില്ല. പരോക്ഷങ്ങളുടെ തെളിമയിൽ ആത്മധൈര്യം കൈവിടാതെ വഴി നടക്കുന്നവരായിരിക്കും അവർ.  'ഒരു വേള പഴക്കമേറിയാലിരുളും മെല്ലെ വെളിച്ചമായ് വരാം,  ശരിയായ് മധുരിച്ചിടാം സ്വയം പരിശീലിപ്പൊരു കയ്പ് താനുമേ ' എന്ന് കുമാരനാശാൻ ഉണർത്തിയത് ഈ തരുണത്തിലും ഏറെ പ്രസക്തമാണ്. 
പ്രയാസങ്ങൾ കുറഞ്ഞും, പ്രതിബന്ധങ്ങൾ അയഞ്ഞും ജനജീവിതം കൂടുതൽ എളുപ്പമാവുന്ന നാളുകൾ അകലെയല്ലെന്ന് നമുക്ക് പ്രത്യാശിക്കാം. ക്ഷമ കൈവിടാതെ ഈ ഇരുൾനിലങ്ങളെ തികഞ്ഞ  ജാഗ്രതയോടു കൂടിയും  പ്രാർത്ഥനാനിരതമായും മറികടക്കാം.

Latest News