Sorry, you need to enable JavaScript to visit this website.

10 കോടി നഷ്ടപരിഹാരം കെട്ടിവെച്ചു, ഇറ്റലിക്കാര്‍ പ്രതിയായ കടല്‍ക്കൊലക്കേസ് അവസാനിക്കുന്നു

ന്യൂദല്‍ഹി-  കടല്‍ക്കൊല കേസിലെ നടപടികള്‍ മൂന്നു ദിവസത്തിനകം അവസാനിപ്പിച്ചേക്കും.  കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തില്‍ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവ് ഇറക്കും. കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ തങ്ങളുടെ രാജ്യത്ത് നിയമപരമായ നടപടികള്‍ തുടരുമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു. ഇറ്റലി കെട്ടിവച്ച തുക വിതരണം ചെയ്യാന്‍ ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.

കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം 10 കോടി രൂപ ഇറ്റലി കൈമാറിയതായി സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ തുക സുപ്രീം കോടതി രജിസ്ട്രിയുടെ യുകോ ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവ് ഇറക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇറ്റലിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സുഹൈല്‍ ദത്തയും ഇതേ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിച്ചു.

ഇറ്റലി കൈമാറിയ നഷ്ടപരിഹാരത്തുകയുടെ വിതരണം എങ്ങനെ ആയിരിക്കണമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം.ആര്‍. ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആരാഞ്ഞു. 10 കോടി രൂപ ആദ്യം സ്ഥിരം നിക്ഷേപമായി സൂക്ഷിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ഥിരം നിക്ഷേപത്തിന്റെ പലിശ ഇരകള്‍ക്ക് പിന്‍വലിക്കാം. പിന്നീട് മുഴുവന്‍ തുകയും ഇരകള്‍ക്ക് ലഭ്യമാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്നാല്‍ നഷ്ടപരിഹാര വിതരണം ഹൈക്കോടതിയെ ചുമതലപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചൊവ്വാഴ്ച ഇറക്കുന്ന ഉത്തരവില്‍ ഇത് സംബന്ധിച്ച് വ്യക്തത കോടതി വരുത്തും.

 

Latest News