നടി ആരായാലെന്ത്?  ജനം നോക്കുന്നത് ഉള്ളടക്കം മാത്രം- തമന്ന 

ചെന്നൈ- തെന്നിന്ത്യന്‍ നായികയായി തിളങ്ങി നില്‍ക്കുന്ന താരമാണ് തമന്ന. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ അഭിനയിച്ച നടി കന്നടയിലും ബോളിവുഡിലും മികച്ച റോളുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലും സീരിസുകളിലും കൂടി തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ് തമന്ന. തമന്നയുടെ ദ ഇലവന്‍ത് അവര്‍, നവംബര്‍ സ്‌റ്റോറി എന്നീ വെബ് സീരിസുകള്‍ അടുത്ത കാലത്തായി റിലീസ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ മാറുന്ന സിനിമാസംസ്‌കാരത്തെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും താരപദവിയെ കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് നടി. വാര്‍ത്താ ഏജന്‍സിക്ക്  നല്‍കിയ അഭിമുഖത്തിലാണ് മാറ്റത്തിന്റെ സമയമാണ് കടന്നുപോകുന്നതെന്ന് തമന്ന പറഞ്ഞത്. സിനിമയോ വെബ് സീരിസോ, തിയേറ്ററോ ഒ.ടി.ടിയോ എന്ന തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് തമന്ന പറയുന്നു. തന്റെ കാര്യത്തില്‍ രണ്ട് സ്‌പേസുകളിലും അവസരം ലഭിച്ചുവെന്നും തമന്ന കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന പോലെ, ഇന്നത്തെ തലമുറയ്ക്ക് ആരാധകരെ നേടിയെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച്, മഹാമാരിയെ തുടര്‍ന്ന് സിനിമയോടുള്ള ആളുകളുടെ വികാരവും കാഴ്ചപ്പാടുകളുമെല്ലാം മാറിയിരിക്കുന്ന ഈ സാഹചര്യത്തില്‍. സിനിമയെ കാണുന്ന രീതി തന്നെ മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ 'സ്റ്റാര്‍' എന്ന പദവിയും മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെയും സീരിസുകളിലെയുമെല്ലാം കണ്ടന്റാണ് ആളുകള്‍ നോക്കുന്നത്. അല്ലാതെ, ഒരു നടനെയോ നടിയെയോ കാണാനായി ഇന്ന് ആരും സിനിമ കാണില്ല, തമന്ന പറഞ്ഞു.

Latest News