Sorry, you need to enable JavaScript to visit this website.

മരക്കാറും ഒ.ടി.ടി. റിലീസിലേക്കോ? തീരുമാനം വ്യക്തമാക്കി പ്രിയദര്‍ശന്‍

കോ്ട്ടക്കല്‍- ലോക്ഡൗണിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അനിശ്ചിതമായി അടച്ചുകിടക്കുന്ന സാഹചര്യത്തില്‍ ഫഹദ് ഫാസിലിന്റെ മാലികും പൃഥ്വിരാജ് ചിത്രമായ കോള്‍ഡ് കേസും ഒ.ടി.ടി. റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ മരക്കാര്‍: അറബിക്കടലിന്റെ സിംഹവും ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന നിലയില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇപ്പോള്‍ ഈ റിപ്പോര്‍ട്ടുകളെക്കുറിച്ചു പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് മരക്കാറിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍. മരക്കാര്‍ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.
ബിഗ് സ്‌ക്രീനില്‍ മാത്രം ആസ്വദിക്കാന്‍ സാധിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍. ഇനി ഒരു ആറ് മാസം കാത്തിരിക്കേണ്ടി വന്നാലും മരക്കാര്‍ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു. നിര്‍മ്മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലും തനിക്കും ഇക്കാര്യത്തില്‍ സമാനമായ അഭിപ്രായം തന്നെയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.തിയേറ്ററില്‍ റിലീസ് ചെയ്തിട്ടേ മരക്കാര്‍ ഡിജിറ്റല്‍ റിലീസ് ചെയ്യുകയുള്ളൂവെന്ന് ആവര്‍ത്തിച്ച പ്രിയദര്‍ശന്‍ അതിനുള്ള കാരണങ്ങളും വ്യക്തമാക്കി. മരക്കാറിന്റെ പ്രീമിയര്‍ റൈറ്റ്‌സിനു വേണ്ടി ഏത് ഒ..ടി.ടി. പ്ലാറ്റ്‌ഫോമാണ് 150 കോടി തരാന്‍ തയ്യാറാവുകയെന്ന് പ്രിയദര്‍ശന്‍ ചോദിച്ചു. അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളിലായി ഇറങ്ങാനിരുന്ന ചിത്രമാണ്. മികച്ച ചിത്രത്തിനുള്ളതടക്കം മൂന്ന് ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് മരക്കാറെന്ന് മറക്കരുത്. ആ ചിത്രത്തിന് തിയേറ്റര്‍ റിലീസ് കൂടിയേ തീരുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മരക്കാറിന്റെ ഡിജിറ്റല്‍ റിലീസിനുള്ള അവകാശം വാങ്ങിയിരിക്കുന്നത് ആമസോണ്‍ പ്രൈമാണ്. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ആമസോണില്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
മാലികിന്റെയും കോള്‍ഡ് കേസിന്റെയും റിലീസ് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ് സിനിമാ സംഘടനകള്‍ക്ക് കത്തയച്ചത്. ഇരു ചിത്രങ്ങളും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് കത്തില്‍ പറയുന്നുണ്ട്.
ഇരു ചിത്രങ്ങളും വന്‍ മുതല്‍മുടക്ക് ഉള്ളവയാണ്. മാലിക് 2019 സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങിയതാണ്. ഈ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനായി പരമാവധി ശ്രമിച്ചിരുന്നു. കോവിഡ് വ്യാപനം കുറയുകയും സെക്കന്റ് ഷോ നടപ്പാവുകയും ചെയ്തതിനാല്‍ മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ്.

Latest News