Sorry, you need to enable JavaScript to visit this website.

കേരളത്തിൽ പ്രളയവും കടലാക്രമണവും തുടരും; ആഗോള താപനം മൂലമെന്ന് വിദഗ്ധർ

കൊച്ചി- കേരളത്തിൽ പ്രളയവും കടലാക്രമണവും തുടരുമെന്ന് റിപ്പോർട്ട്. ആഗോള താപനം കാരണമെന്ന് വിദഗ്ധർ. ആഗോളതാപനം മൂലമുള്ള സമുദ്രോപരിതല താപനില വർധനവാണ് കേരളത്തിൽ സമീപ കാലങ്ങളിലുണ്ടായ പ്രളയം, അതിശക്തമായ ചുഴലിക്കാറ്റ്, കടലാക്രമണം എന്നിവയ്ക്ക് കാരണമെന്ന് പ്രമുഖ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനും സെന്റർ ഫോർ മറൈൻ ലീവിങ് റിസോഴ്‌സസ് ആന്റ് ഇക്കോളജി മുൻ ഡയറക്ടറുമായ ഡോ. വി.എൻ. സജീവൻ പറഞ്ഞു. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) ലോക സമുദ്ര ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ 'കാലാവസ്ഥാ വ്യതിയാനങ്ങൾ കര-സമുദ്ര ബന്ധത്തിൽ വരുത്തിയ മാറ്റങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു കുഫോസിലെ അക്വാറ്റിക് റിസോഴ്‌സസ് മാനേജ്‌മെന്റ് ആന്റ് കൺസർവേഷൻ പ്രൊഫസർ ചെയർ കൂടിയായ ഡോ. വി.എൻ. സജീവൻ. വേമ്പനാട് കായലിന്റെ ആഴത്തിലും ജലസംഭരണ ശേഷിയിലുണ്ടായ വ്യതിയാനം മധ്യകേരളത്തിൽ പ്രളയം രൂക്ഷമാകാൻ കാരണമായി എന്നും ഡോ. വി.എൻ. സജീവൻ പറഞ്ഞു. വൈസ് ചാൻസലർ ഡോ. കെ. റിജി ജോൺ സമുദ്ര ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സമുദ്ര സംരക്ഷണത്തിനായുള്ള പരിശ്രമങ്ങളിൽ നാം ഒരോരുത്തരും പങ്കാളികളാകണമെന്ന് ഡോ. റിജി ജോൺ പറഞ്ഞു. രജിസ്ട്രാർ ഡോ. ബി.മനോജ് കുമാർ, ഗവേഷണ വിഭാഗം മേധാവി ഡോ. ദേവിക പിള്ള, ഓഷൻ സയൻസ് ആന്റ് ടെക്‌നോളജി ഫാക്കൽറ്റി ഡീൻ ഡോ. എസ്. സുരേഷ് കുമാർ, ഡോ. ലിംനാ മോൾ, ഡോ. സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു. വിവിധ സർവകലാശാല ഡിപ്പാർട്ട്‌മെന്റുകളിൽ നിന്ന് നൂറോളം വിദ്യാർഥികളും ഗവേഷകരും പരിസ്ഥിതി പ്രവർത്തകരും ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു.
 

Latest News