Sorry, you need to enable JavaScript to visit this website.

ഹോളിവുഡ്, സൗദി സിനിമാ ചിത്രീകരണങ്ങൾ വിപുലമാക്കാൻ അൽഉല ഫിലിം ഡിപ്പാർട്ട്‌മെന്റ്

അൽഉലയിലെ ദൃശ്യവിസ്മയങ്ങൾ. 

മദീന- അൽഉല റോയൽ കമ്മീഷന് കീഴിലുള്ള അൽഉല ഫിലിം ഡിപ്പാർട്ട്‌മെന്റ് മേഖലയിൽ കൂടുതൽ ഹോളിവുഡ് സിനിമ നിർമാണ കമ്പനികളുമായി സഹകരിക്കാൻ തയാറെടുക്കുന്നു. സൗദിയിലെ നിർമാതാക്കൾക്കും അൽഉലയുടെ പ്രകൃതിമനോഹാരിത പശ്ചാത്തലമാക്കി സിനിമ നിർമിക്കാൻ ഡിപ്പാർട്ട്‌മെന്റ് അവസരമൊരുക്കും. അവഞ്ചേഴ്‌സ്: എൻഡ് ഗെയിം എന്ന ലോകപ്രശസ്ത സിനിമ സംവിധാനം ചെയ്ത റൂസ്സോ സഹോദരന്മാരുടെ 'ചെറി' എന്ന ഫിലിം സൗദിക്കകത്ത് വിജയകരമായി ചിത്രീകരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അൽഉല ഫിലിം ഡിപ്പാർട്ട്‌മെന്റ് പുതിയ നീക്കം നടത്തുന്നത്. ജോ റൂസോ, ആന്റണി റൂസോ എന്നിവരുടെ സംവിധാനത്തിൽ നിർമിച്ച സിനിമയുടെ ചിത്രീകരണം അൽഉലയിലും റിയാദിലുമായാണ് പൂർത്തിയായത്. 

 


പ്രശസ്തരായ നടീനടന്മാരുടെ ഒരു നിരതന്നെ അൽഉലയിൽ ചിത്രീകരണം തുടങ്ങുന്ന രണ്ടാമത് ഹോളിവുഡ് സിനിമയിൽ ഉണ്ടാകുമെന്നാണ് മനസ്സിലാകുന്നത്. ഇതിന് പുറമെ, രണ്ട് പുതിയ സൗദി സിനിമകളുടെ ചിത്രീകരണത്തിനും ഫിലിം ഡിപ്പാർട്ട്‌മെന്റ് അനുവാദം നൽകി. മുഹമ്മദ് അൽഅത്വാവി സംവിധാനം ചെയ്യുന്ന 'ബയ്‌ന അൽറിമാൽ', തൗഫീഖ് അൽസായിദി സംവിധാനം ചെയ്യുന്ന 'നൂറ' എന്ന ചിത്രങ്ങൾക്കാണ് അധികൃതർ അനുവാദം നൽകിയിരിക്കുന്നത്. സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സൗദി ഫിലിം അതോറിറ്റിയാണ് ഇരുചിത്രങ്ങളുടെയും നിർമാണച്ചെലവ് വഹിക്കുന്നത്. സൗദി കാബിനറ്റിന്റെ അംഗീകാരത്തോടെ 2020 ഫെബ്രുവരിയിലാണ് സൗദി ഫിലിം അതോറിറ്റി സ്ഥാപിതമാകുന്നത്. രാജ്യത്ത് സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കമ്പനികളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ചരിത്രപരമായ തീരുമാനമെടുക്കാൻ കാബിനറ്റിനെ പ്രേരിപ്പിച്ചത്. സൗദി സാംസ്‌കാരിക മന്ത്രി അധ്യക്ഷനായ ഡയറക്ടർ ബോർഡിനാണ് ഫിലിം അതോറിറ്റിയുടെ നിയന്ത്രണം.

 


സൗദി ചരിത്രത്തിന്റെ ഗതിമാറ്റി ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങിയത് മുതൽതന്നെയാണ് രാജ്യത്ത് ടെലിവിഷൻ, സിനിമ ചിത്രീകരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും പ്രവർത്തനം തുടങ്ങുന്നത്. ആഗോള പ്രശസ്തി നേടിയ നിരവധി കമ്പനികൾ അതിനുശേഷം അൽഉലയിലും സൗദിയുടെ വിവിധ പ്രദേശങ്ങളിലും സന്ദർശനം നടത്തുകയും ശേഷം ഇവിടങ്ങൾ കേന്ദ്രീകരിച്ച് ചിത്രീകരണം നടത്തുകയും ചെയ്തു. ലോകത്തെ ഏറ്റവും മികച്ച ഷൂട്ടിംഗ് കേന്ദ്രങ്ങളിലൊന്ന് എന്ന നിലക്ക് പ്രശസ്തരായ ചലച്ചിത്ര നിർമാതാക്കളെ മേഖലയിലേക്ക് ആകർഷിക്കാൻ അൽഉല ഫിലിം ഡിപ്പാർട്ട്‌മെന്റ് അനേകം പദ്ധതികൾ ഇതിനോടകം ആവിഷ്‌കരിച്ചിട്ടുണ്ട്.  


പ്രകൃത്യാൽ തന്നെ മനോഹരമായ ഈ പ്രദേശത്തേക്ക് ലോകോത്തര സിനിമാ പ്രവർത്തകരെ ആകർഷിക്കാൻ വ്യത്യസ്തമായ സേവന പാക്കേജുകളും ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രീകരണത്തിന് സഹായിക്കാൻ വിദഗ്ധരായ ടീം അംഗങ്ങൾ, അൽഉലയെയും ഇതര പ്രദേശങ്ങളെ കുറിച്ചും വിശദീകരിക്കുന്ന മികച്ച ഗൈഡുമാർ, സിനിമ പ്രവർത്തകർക്ക് വിസ, റിയാദിനും അൽഉലക്കുമിടയിൽ കര, വ്യോമ യാത്രക്ക് ഇൻഷുറൻസ് സേവനം, ആവശ്യമായ പെർമിറ്റുകൾ, ചലച്ചിത്രോപകരണങ്ങൾ കൊണ്ടുവരാനുള്ള സൗകര്യം, ആവശ്യമായ വിവരങ്ങൾ അതിവേഗം ലഭ്യമാക്കൽ തുടങ്ങിയവ ഈ പാക്കേജിൽ ഉൾപ്പെടും.


മാനവിക ചരിത്രത്തിന്റെ ഉൽപത്തി മുതൽതന്നെ അൽഉലയുടെ ചരിത്രവും നീളുന്നു. ഏകദേശം 7,000 വർഷത്തിന്റെ സാംസ്‌കാരിക, പൈതൃകം ഏകദേശം 22,500 കി.മീ. വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശത്തിന് അവകാശപ്പെടാനുണ്ട്. നീണ്ടുകിടക്കുന്ന മണൽപരപ്പിൽ സ്വർണനിറമണിഞ്ഞ മണൽകല്ലുകളും ഇടക്ക് അഗ്നിപർവത സ്‌ഫോടനത്തിന് അവശിഷ്ടങ്ങളായ കറുകറുത്ത പാറകൾ, ആയിരക്കണക്കിന് വർഷങ്ങളോളം കാറ്റും ജലപ്രവാഹവും പാറകളിൽ തീർത്ത ശിൽപചാതുരികൾ, ഇതിനുപുറമെ, ഗ്രാമങ്ങളും കൃഷിയിടങ്ങളും നഗരങ്ങളിലെ പഴയതും പുതിയതുമായ കെട്ടിടങ്ങൾ, ഹോട്ടലുകൾ ഇതൊക്കെയാണ് അൽഉലയിലേക്ക് ചലച്ചിത്ര നിർമാതാക്കളെ മാടിവിളിക്കുന്നത്. 
 

Latest News