സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ച യുവതിയെ തീകൊളുത്തി കൊന്ന യുവാവിനെതിരെ കേസ്

കൊല്ലം- സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിനെ തുടർന്നുള്ള തർക്കത്തിൽ യുവതിയെ കൂടെ താമസിക്കുന്ന യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പ്രതിയാക്കി പോലിസ് കേസെടുത്തു. ഇടമുളക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര (28) ഗുരുതരമായി പൊള്ളലേറ്റ് മരിച്ച കേസിലാണ് രണ്ടുവർഷമായി കൂടെ താമസിക്കുന്ന ഷാനവാസിനെതിരെ കേസെടുത്തത്. നാൽപത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ആയിരുന്നു സംഭവം. ആതിരയുടെ വീട്ടിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ദേഹത്ത് തീപടർന്ന ആതിരയെയാണ്.ഒപ്പം പൊള്ളലേറ്റ നിലയിൽ ഷാനവാസിനെയും കണ്ടെത്തി. നാട്ടുകാരുടെ സഹായത്തോടെ അഞ്ചൽ പോലിസ് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ ആതിര മരിച്ചു.

ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചതിനെ തുടർന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് ചികിത്സയ്ക്കിടെ യുവതി ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തിയതായി അഞ്ചൽ പോലിസ് പറഞ്ഞു. ആതിരയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഷാനവാസിനെതിരേ കേസെടുത്തത്. ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി ഒന്നിച്ചായിരുന്നു താമസം. ഇവർക്ക് മൂന്ന് മാസം പ്രായമായ കുട്ടിയുണ്ട്. ആതിര വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. ആദ്യ വിവാഹത്തിൽ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്. എന്നാൽ ഇരുവരും വിവാഹിതരാകാതെ ഒരുമിച്ച് കഴിയുകയായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുമ്പോൾ ഷാനവാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പോലിസ് അറിയിച്ചു.
 

Latest News