Sorry, you need to enable JavaScript to visit this website.

കേരള എൻട്രൻസ്: പ്രധാന വിവരങ്ങൾ മറക്കാതിരിക്കാം

കേരളത്തിലെ എൻജിനീയറിങ്, മെഡിക്കൽ, ആർക്കിടെക്ച്ചർ, ഫാർമസി കോഴ്‌സുകളിലെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള  അവസാന തിയതി ഈ മാസം 21 ആണ്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ അവസാന ദിവസം വരെ കാത്തിരിക്കാതെ താഴെക്കൊടുത്ത കാര്യങ്ങൾ മനസ്സിലാക്കി പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കുക. 

  •  എൻജിനീയറിങ്/ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. 
  •  ഫാർമസി കോഴ്‌സുകളിലേക്ക് മാത്രം പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പർ (ഫിസിക്‌സ്, കെമിസ്ട്രി) മാത്രം എഴുതിയാൽ മതി. എൻജിനീയറിങ്/ഫാർമസി ഒഴികെയുള്ള മറ്റു കോഴ്‌സുകളിലേക്ക് കേരളത്തിൽ പ്രത്യേകം പ്രവേശന പരീക്ഷ ഇല്ലെങ്കിലും മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കും കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഇപ്പോൾ നിർബന്ധമായും അപേക്ഷിക്കണം. അല്ലാത്ത പക്ഷം കേരളത്തിലെ അലോട്ട്‌മെന്റിൽ പങ്കെടുക്കാനും പ്രവേശനം നേടാനും സാധിക്കാതെ വരും എന്നത് ഓർക്കുക. 
  •  എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്.(ആയുർവേദ), ബി.എച്ച്.എം.എസ്. (ഹോമിയോ), ബി.എസ്.എം.എസ്.(സിദ്ധ), ബി.യു.എം.എസ്.(യുനാനി) എന്നീ മെഡിക്കൽ കോഴ്‌സുകൾ, ബി.വി.എസ്.സി. ആൻഡ് എ.എച്ച്. (വെറ്ററിനറി), ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ, ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി, ബി.എഫ്.എസ്.സി. (ഫിഷറീസ്), ബി.എസ്‌സി. (ഓണേഴ്‌സ്) കോഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്‌സി. (ഓണേഴ്‌സ്) ക്ലൈമറ്റ് ചെയിഞ്ച് ആൻഡ് എൻവയോൺമന്റൽ സയൻസ്, കേരള കാർഷിക സർവകലാശാലയുടെ ബി.ടെക്. ബയോടെക്‌നോളജി എന്നീ കോഴ്‌സുകളിലെ പ്രവേശനം ആഗ്രഹിക്കുന്നവർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ്  യുജി പരീക്ഷക്ക് അപേക്ഷിച്ച് യോഗ്യത നേടണം. ഇതിൽ  ബി.എസ്‌സി. (ഓണേഴ്‌സ്) കോഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്.സി. (ഓണേഴ്‌സ്) ക്ലൈമറ്റ് ചെയിഞ്ച് ആൻഡ് എൻവയോൺമന്റൽ സയൻസ്, കേരള കാർഷിക സർവകലാശാലയുടെ ബി.ടെക്. ബയോടെക്‌നോളജി എന്നിവ ഈ വർഷം മുതൽ ആരംഭിക്കുന്ന കോഴ്‌സുകളാണ്.  എൻ.ഐ.ടി, ഐ.ഐ.ടി എന്നിവിടങ്ങളിൽ ഒഴികെയുള്ള  സ്ഥാപനങ്ങളിൽ ആർക്കിടെക്ചർ കോഴ്‌സിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് പരീക്ഷ കൂടി എഴുതി യോഗ്യത നേടണം. 
  •  2021 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയായിരിക്കണം. എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകൾക്ക്, ഉയർന്ന പ്രായപരിധിയല്ല. മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സ് പ്രവേശനത്തിന് പ്രായപരിധി നീറ്റ് യു.ജി. 2021 ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും.

 

  •  അപേക്ഷ സമർപ്പിക്കുന്നതിന് ഉപയോഗത്തിലിരിക്കുന്ന ഇ-മെയിൽ, മൊബൈൽ നമ്പർ(ഇന്ത്യൻ നമ്പർ), jpeg ഫോർമാറ്റിലുള്ള ഫോട്ടോ, ഒപ്പ് എന്നിവ ആവശ്യമാണ്. ഫോട്ടോ, ഒപ്പ് എന്നിവ  അപ് ലോഡ് ചെയ്യുന്നതിന് മുമ്പായി നിഷ്‌ക്കർഷിക്കപ്പെട്ട നിബന്ധനകൾ പാലിച്ചുവെന്ന് ഉറപ്പു വരുത്തണം. 
  •  ഒന്നിലധികം കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതിയാവും. എൻജിനീയറിങ്, ആർക്കിടെക്ച്ചർ, ബി.ഫാം, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവയിൽ ഉദ്ദേശിക്കുന്ന കോഴ്‌സുകൾ ഏതെല്ലാമാണ് എന്ന് അപേക്ഷാ സമർപ്പണ വേളയിൽ തന്നെ സെലക്ട് ചെയ്യണം. എന്നാൽ ഓരോ കാറ്റഗറിയിലും പെട്ട കോഴ്‌സ്/ബ്രാഞ്ച് എന്നിവയുടെ വിശദാംശങ്ങൾ ഇപ്പോൾ തിരഞ്ഞെടുക്കേണ്ടതില്ല. 
  •  പ്ലസ്ടു പരീക്ഷ വിജയിച്ചവർക്കും ഇപ്പോൾ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓരോ കോഴ്‌സുകൾക്കും വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ/മാർക്ക് നിബന്ധനകൾ സംബന്ധിച്ച വിശദവിവരങ്ങൾ പ്രോസ്‌പെക്ടസിൽ ഉണ്ട്.
  •  അപേക്ഷയും അനുബന്ധ രേഖകളും www.cee.kerala.gov.in  എന്ന വെബ്‌സൈറ് വഴി ഓൺലൈനായി മാത്രം സമർപ്പിച്ചാൽ മതിയാവും. ഹാർഡ് കോപ്പി അയക്കേണ്ടതില്ലെങ്കിലും  പ്രിന്റെടുത്തത് സൂക്ഷിക്കണം. പ്രവേശനത്തിന്റെ തുടർനടപടി വേളയിൽ ആവശ്യപ്പെടുന്ന പക്ഷം സമർപ്പിക്കേണ്ടി വരും.
  •  സമർപ്പിക്കുന്ന രേഖകൾ പൂർണമായും പൂരിപ്പിച്ചതും ബന്ധപ്പെട്ട അധികാരികളുടെ ഒപ്പ്, സ്റ്റാമ്പ് എന്നിവ ഉള്ളതുമായിരിക്കണം.
  •  അപേക്ഷകനോ പിതാവ്, മാതാവ് എന്നിവരിൽ ആരെങ്കിലുമൊരാളോ, അല്ലെങ്കിൽ രണ്ട് പേരുമോ കേരളത്തിൽ ജനിച്ചവരെങ്കിൽ കേരളീയൻ എന്ന പരിഗണന ലഭിക്കും. ഇത് തെളിയിക്കുന്ന രേഖ, ജനനതീയതി തെളിയിക്കാനായുള്ള സർട്ടിഫിക്കറ്റ് എന്നിവ  അപേക്ഷയോടൊപ്പം സമർപ്പിക്കണം. കേരളീയർ അല്ലാത്തവർക്കും പരിമിതമായ പ്രവേശന സൗകര്യങ്ങൾ ഉണ്ട്.
  •  സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർ, മറ്റർഹ സമുദായത്തിൽ പെട്ടവർ എന്നിവർ വില്ലേജ് ഓഫീസിൽ നിന്ന് കേരള സർക്കാറിന്റെ പഠനാവശ്യങ്ങൾക്കുള്ള നിശ്ചിത മാതൃകയിലുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങി അപ് ലോഡ് ചെയ്യേണ്ടതാണ്. ജോലി ആവശ്യങ്ങൾക്കുള്ളതോ  കേന്ദ്ര ആവശ്യങ്ങൾക്കുള്ള ആയ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതല്ല. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർ തഹസീൽദാർമാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റാണ് സമർപ്പിക്കേണ്ടത്. സംവരണത്തിന് അർഹതയില്ലെങ്കിലും ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന മുസ്ലിം, ക്രിസ്ത്യൻ വിദ്യാർഥികൾ വില്ലേജ് ഓഫീസിൽനിന്ന് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. 
  •  സംവരണത്തിന് അർഹരല്ലാത്ത അപേക്ഷകരും ഫീസ് ആനുകൂല്യം, സ്‌കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

  •  ആയുർവേദ കോഴ്‌സിന് പഠിക്കാൻ ഉദ്ദേശിക്കുന്നവർ പ്രത്യേകം വെയിറ്റേജ് ലഭിക്കാൻ  പ്ലസ്ടു തലത്തിൽ സംസ്‌കൃതം ഒരു വിഷയമായി പഠിക്കുന്നുണ്ടെങ്കിൽ സ്ഥാപനമേധാവി നൽകുന്ന നിശ്ചിത മാതൃകയിലുള്ള കോഴ്‌സ് സർട്ടിഫിക്കറ്റ്, വി.എച്ച്.എസ്.ഇ കോഴ്‌സിൽ പഠിക്കുന്നവർ അവർക്കായി സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനം ലഭിക്കുന്നതിനായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള കോഴ്‌സ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതാണ് 
  •  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർ പ്രസ്തുത ആനുകൂല്യം ലഭിക്കുന്നതിനായി വില്ലേജ് ഓഫീസിൽ നിന്ന് നിശ്ചിത ഫോർമാറ്റിലുള്ള EWS സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. 
  •  ബന്ധപ്പെട്ട രേഖകളുടെ ഇഡിസ്ട്രിക്ട് സർട്ടിഫിക്കറ്റുകളും സ്വീകരിക്കുന്നതാണ്. പ്രത്യേക സംവരണം ആവശ്യമായുള്ളവർ സമർപ്പിക്കേണ്ട മറ്റു രേഖകളുടെ വിശദ വിവരങ്ങൾ പ്രോസ്‌പെക്ട്‌സിലുണ്ട്.
  •  എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങൾ, മുംബൈ, ദൽഹി, ദുബായ് എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. ദുബായ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുക്കുന്നവർ ഓൺലൈൻ പേമെന്റ് വഴി 12,000 രൂപ അധിക ഫീസ് നൽകണം. കേരളത്തിന് പുറത്ത് കേന്ദ്രം തിരഞ്ഞെടുക്കുക്കുന്നവർ രണ്ടാം ചോയ്‌സായി കേരളത്തിലെ താലൂക്കും തിരഞ്ഞെടുക്കണം. 
  •  സ്വാശ്രയ മെഡിക്കൽ/ ഡെന്റൽ കോളേജുകളിൽ ലഭ്യമായ എൻ ആർ ഐ ക്വാട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം 22/2/2020 ലെ ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പ്രകാരമുള്ള രേഖകൾ കൂടി അപ്‌ലോഡ് ചെയ്യണ്ടതാണ്.

പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ

  •  ഓൺലൈൻ അപേക്ഷ, ഫോട്ടോ, ഒപ്പ്, ജനനത്തീയതി, സ്വദേശം സംബന്ധിച്ച രേഖകൾ  എന്നിവ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂൺ 21 
  •  അനുബന്ധ രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി : ജൂൺ 30 
  •  അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്:  ജൂലായ് 14  മുതൽ
  •  എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷ തീയതി: ജൂലായ് 24 
  •  വെബ്‌സൈറ്റ് :     https://cee.kerala.gov.in/,  http://www.cee-kerala.org/ 
     

Latest News