ലളിത്പൂര്‍-ഉത്തര്‍പ്രദേശില്‍ അഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ ഒരാള്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. യു.പിയിലെ ലളിത്പൂര്‍ ജില്ലയിലാണ് നഴ്‌സുമാരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയും വീഴ്ചയും. രാവര്‍പുര പ്രദേശത്തെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നടന്ന സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്.
ബുധനാഴ്ച കുത്തിവെപ്പിനു ചെന്നപ്പോള്‍ നഴ്‌സുമാര്‍ തമ്മില്‍ സംസാരിക്കുന്ന തിരക്കിലായിരുന്നുവെന്നും അഞ്ച് മിനിറ്റിനിടെ രണ്ട് കുത്തിവെപ്പും നല്‍കിയെന്നും വാക്‌സിന്‍ ലഭിച്ചയാള്‍ പറഞ്ഞു.
കുറഞ്ഞ സമയ വ്യത്യാസത്തില്‍ രണ്ടാമത്തെ ഡോസാണ് നല്‍കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തിയതിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫീസറെ സമീപിച്ച് പരാതി നല്‍കി. ഇദ്ദേഹത്തെ എമര്‍ജന്‍സി വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. രണ്ട് ഡോസ് നല്‍കിയത് ആരോഗ്യത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ ഡി.എം.ഒ സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും പറഞ്ഞു.