Sorry, you need to enable JavaScript to visit this website.

മരംമുറി കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കൊപ്പം; ചിത്രം പുറത്തുവിട്ട് പി.ടി. തോമസ്

തിരുവനന്തപുരം- മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ സ്ഥാപനമായ മാംഗോ മൊബൈൽ ഉദ്ഘാടന ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പി.ടി തോമസ് എം.എൽ.എ. ആരോപണ വിധേയനായ കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനിൽക്കുന്ന ചിത്രം പുറത്തുവിട്ടാണ് തോമസ് മറുപടിയുമായി രംഗത്തെത്തിയത്. ഈ ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി. തോമസ് ചോദിച്ചു. പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തോമസ് വ്യക്തമാക്കി. 

'ആരാണ് മാപ്പ് പറയേണ്ടതെന്ന് പടം നോക്കിയിട്ട് തീരുമാനിക്കൂ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തു നിൽക്കുന്ന പടമാണ്. ഇത് കോഴിക്കോട് എം.ടി. വാസുദേവൻ നായരെ ആദരിക്കുന്ന ചടങ്ങാണെന്നാണ് ഞാൻ മനസിലാക്കുന്നത്. മുഖ്യമന്ത്രിക്ക് കൈകൊടുത്ത് നിൽക്കുന്നയാളാണ് ഈ കുപ്രസിദ്ധ കേസിലെ ഒന്നാമത്തെയാൾ. ഇത് യഥാർത്ഥ പടത്തിൽ നിന്ന് എടുത്തതാണ്. ഇത് സഭയിൽ ഞാൻ കാണിച്ചു. 2017 ജനുവരി 22ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് മാറ്റിവെച്ചതിന് ശേഷം, 2017 ഫെബ്രുവരി 16,18,20,24 തീയതികളിൽ ദേശാഭിമാനി മാംഗോയുടെ പരസ്യം കൊടുത്തതിന് ശേഷം ഇങ്ങനെ ഒരാൾക്ക് സൗഹാർദപരമായി, ചിരപരിചിതനായി കൈ കൊടുക്കുന്നതിൽ എന്തെങ്കിലും അർഥമുണ്ടോയെന്ന് കേരളം തീരുമാനിക്കട്ടെ. എം.ടിയെ ആദരിക്കുന്ന ചടങ്ങ് 24നായിരുന്നു. അവിടെവെച്ചാണ് കൈ കൊടുത്തതെന്നാണ് വിചാരിക്കുന്നത്. ഇല്ലെങ്കിൽ ഈ വാർത്ത മുഖ്യമന്ത്രി നിഷേധിക്കട്ടെ' പി.ടി. തോമസ് പറഞ്ഞു. 2016ൽ ഇവരെ ഇതേപോലെ ഒരു സ്‌റ്റേജിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി അത് പറഞ്ഞു. 2017 ജനുവരി 21ന് മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ട്, 22ന് രാവിലെ 9 മണിക്കായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പറയപ്പെടുന്ന സംഭവം ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മുഖ്യമന്ത്രി കാൻസൽ ചെയ്തു. ഈപ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് തേവര പോലീസ് സ്‌റ്റേഷനിൽ നേരത്തെ കൊണ്ടുപോയിട്ടുണ്ട്. കർണാടക പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ വയനാട്ടിൽ വന്നപ്പോൾ, പോലീസിനെ ഓടിച്ചിട്ട് അടിച്ചതിന്റെ കേസുണ്ട്. ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത് സിനിമാ നടൻ കൂടിയായ എം.എൽ.എ മുകേഷാണെന്നും തോമസ് ആരോപിച്ചു.
 

Latest News