ഇസ്്ലാമാബാദ്- മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക്കിസ്ഥാനിലെ ജമാഅത്തുദ്ദഅ്വയുടെ നേതാവുമായ ഹാഫിസ് സഈദിന്റെ സാമ്പത്തിക ആസ്തികളുടേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഫാഫിസിനേയും സംഘനയേയും അമേരിക്ക ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഹാഫിസിന്റെ രണ്ട് ചാരിറ്റി സംഘടനകളായ ജമാഅത്തുദ്ദഅ്വ, ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷന് എന്നിവക്കെതിരായാണ് സര്‍ക്കാര്‍ നീക്കം. ഇവ ഏറ്റെടുക്കുന്നതു സംബന്ധിച്ച് വിശദമായ പദ്ധതി തയാറാക്കി അറിയിക്കാന്‍ പ്രവിശ്യകളിലടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ അയിച്ചിട്ടുണ്ട്. ഹാഫിസിന്റെ സംഘടനകളെ നിയന്ത്രിക്കാനുള്ള നീക്കം ഇതുസംബന്ധിച്ച സുപ്രധാന യോഗങ്ങളില്‍ പങ്കെടുത്ത മൂന്ന് പേരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സംഘടനകള്‍ സംഭാവന സ്വീകരിക്കുന്നത് പാക്കിസ്ഥാന് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന് തടഞ്ഞിട്ടുമുണ്ട്.
ഫാഫിസ് സഈദ് 1987 ല്‍ ആരംഭിച്ച ലശ്കറെ തയ്യിബയെന്ന ഭീകര സംഘടനയാണ് മുംബൈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നു. ലശ്കറിന്റെ കീഴിലുള്ള ചാരിറ്റി സംഘടനകളാണ് ജമാഅത്തുദ്ദഅ്വയും ഫലാഹെ ഇന്‍സാനിയത്തും. 166 പേര് കൊല്ലപ്പെട്ട മുംബൈ ആക്രമണവുമായി തനിക്ക് യാതൊരു പങ്കുമില്ലെന്ന് ഹാഫിസ് സഈദ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ കുറ്റക്കാരനാക്കുന്നതിന് ആവശ്യമായ തെളിവുകളില്ലെന്ന് പാക്കിസ്ഥാന് കോടതിയും വ്യക്തമാക്കിയിരുന്നു.
ഫിനാന്‍ഷ്യല്‍ ആക്്ഷന്‍ (എഫ്എടിഎഫ്) ഡിസംബര്‍ 19-ന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പാക്കിസ്ഥാനിലെ രണ്ട് ചാരിറ്റി സ്ഥാപനങ്ങളുടെ പേരുകള്‍ മാത്രമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇവക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്യുന്നു. ഭീകരരുടെ സാമ്പത്തിക സ്രോതസ്സും പണം വെളുപ്പിക്കുന്നതും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംവിധാനമാണ് എഫ്എടിഎഫ്. ഭീകരരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയുന്നതിന് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കരമ്പട്ടികയില്‍ പെടുത്തുമെന്ന് എഫ്എടിഎഫ് പാക്കിസ്ഥാന് സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹാഫിസിന്റെ സംഘടനകള്‍ക്കെതിരായ നടപടികളെ കുറിച്ചുള്ള ചോദ്യത്തിന് നിരോധിത സംഘടനകള്‍ ഫണ്ട് ശേഖരിക്കുന്നത് തടയാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി അഹ്്സന്‍ ഇഖ്ബാല്‍ പറഞ്ഞു. അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങിയല്ല പാക്കിസ്ഥാന് നടപടി സ്വീകരിക്കുന്നതെന്ന് റോയിട്ടേഴ്സിന് അയച്ച മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ ആരേയും പ്രീണിപ്പിക്കാനല്ല പ്രവര്‍ത്തിക്കുന്നത്. ജനങ്ങളോടും അന്താരാഷ്ട്രസമൂഹത്തോടുമുള്ള ബാധ്യതകള്‍ കണക്കിലെടുത്ത് ഉത്തരവാദപ്പെട്ട രാഷ്ട്രമെന്ന നിലയിലാണ് ഞങ്ങളുടെ പ്രവര്‍ത്തനം- അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അതിനുശേഷം പ്രതികരിക്കാമെന്നുമാണ് ജമാഅത്തുദ്ദഅ്വയുടെയും ഫൗണ്ടേഷന്റേയും മറുപടി.






