Sorry, you need to enable JavaScript to visit this website.

ഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ മന്ത്രിസഭ തീരുമാനം

ദോഹ- ഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ മന്ത്രി സഭ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനിയുടെ അധ്യക്ഷതയിൽ ദീവാൻ അമീരിയിൽ നടന്ന മന്ത്രി സഭയുടെ പ്രതിവാരയോഗമാണ് നിലവിലെ കോവിഡ് പ്രതിരോധ നടപടികൾ തുടരുവാൻ തീരുമാനിച്ചത്.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും അവ നേരിടുന്നതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ വിശദീകരണത്തെ തുടർന്നാണ് നിലവിലെ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുവാൻ മന്ത്രി സഭ തീരുമാനിച്ചതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ പ്രതിദിന കോവിഡ് കേസുകളും ആശുപത്രികളും കേസുകളും കുറയുകയും വാ്‌സിനേഷൻ ഊർജിതമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡ് മഹമാരിയെ കൈകാര്യം ചെയ്യുന്നതിനുളള ദേശീയ സമിതിയുടെ പദ്ധതിയനുസരിച്ച് നിയന്ത്രണങ്ങൾ നീക്കി താമസിയാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ആദ്യ ഘട്ടം മെയ് 28 ന് ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടം ജൂൺ 18 നാണ് പ്രതീക്ഷിക്കുന്നത്.

റഷ്യൻ തുറമുഖ നഗരമായ സെന്റ് പീറ്റേർസ് ബർഗിൽ സമാപിച്ച ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ അമീർ ചെയ്ത പ്രസംഗത്തെ മന്ത്രി സഭ യോഗം പ്രശംസിച്ചു. പൊതുവായ ആഗോള സാമ്പത്തിക പ്രതിസന്ധികൾക്ക് ക്രിയാത്മക പരിഹാരങ്ങൾ നിർദേശിച്ചും കോവിഡിന്റെ സാമ്പത്തിക ആഘാതങ്ങൾ മറി കടക്കുന്നത് സംബന്ധിച്ച ആശയങ്ങൾ പങ്കുവെച്ചും അമീർ അവതരിപ്പിച്ച കാഴ്ചപ്പാടുകൾ ദിശാബോധവും ഉൾകാഴ്ചയും പ്രതിഫലിപ്പിക്കുന്നതാണെന്ന് മന്ത്രി സഭ വിലയിരുത്തി. ഭാവിയിലെ ഊർജം, പരിസ്ഥിതി സംരക്ഷണം, കായിക വികസനം തുടങ്ങിയവ സംബന്ധിച്ച അമീറിന്റെ കാഴ്ചപ്പാടുകളും പ്രശംസനീയമായിരുന്നുവെന്ന് മന്ത്രി സഭ വിലയിരുത്തി
 

Latest News