മുറിവൈദ്യന്‍ ബാബയുടെ വേഷത്തില്‍; പരാതിയുമായി ഐസിഎമ്മാറിന് ഡോക്ടര്‍മാരുടെ കത്ത്

ന്യൂദല്‍ഹി- യോഗ പരീശീലകന്‍ ബാബ രാംദേവും ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ.എം.എ) തമ്മിലുള്ള 'വൈദ്യശാസ്ത്ര' പോര് അവസാനിക്കുന്നില്ല. ആധൂനിക വൈദ്യശാസ്ത്രത്തിനെതിരെ മുന്‍വിധികളോടെ വ്യാജ പ്രചരണങ്ങളാണ് ബാബ രാംദേവ് നടത്തുന്നതെന്നും ഇത് തടയാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ചിന് (ഐ.സി.എം.ആര്‍) ഐ.എം.എ കത്തെഴുതി. ഈ പ്രതിസന്ധിഘട്ടത്തിലും ഐസിഎംആര്‍ വൈദ്യശാസ്ത്രത്തിനു നല്‍കുന്ന വിലപ്പെട്ട സംഭാവനകളേയും പഠനങ്ങലേയും അട്ടിമറിക്കുകയും താറടിച്ചു കാണിക്കുകയുമാണ് മുറിവൈദ്യനായി ബാബ രാംദേവ് ചെയ്യുന്നതെന്ന് കത്തില്‍ പരാതിപ്പെട്ടു. ബാബയുടെ വേഷത്തിലെത്തിയ ഈ മുറിവൈദ്യന്റെ വാക്കുകള്‍ അപകീര്‍ത്തിപരവും ഐ.സി.എം.ആര്‍ മുന്നോട്ടു വച്ച പ്രോട്ടോകോളുകളേയും സ്ഥാപനത്തിന്റെ സല്‍പ്പേരിനേയും കളങ്കപ്പെടുത്തുന്നതുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. 

ശക്തമായ ഭാഷയിലാണ് രാംദേവിനെ കത്തില്‍ ഐഎംഎ തുറന്നുകാട്ടുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരേയും മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരേയും അതിനീചമായ രീതിയിലാണ് രാംദേവ് അവഹേളിക്കുന്നതെന്നും കത്തില്‍ പറയുന്നു. അലോപ്പതി പരാജയപ്പെട്ട ശാസ്ത്രമാണെന്നും അസംബന്ധമാണെന്നും രാംദേവ് പറയുന്ന ഒരു വിഡിയോ പ്രചിരച്ചതോടെയാണ് രാംദേവിനെതിരെ ഐഎംഎ പരസ്യമായി രംഗത്തെത്തിയത്. നേരത്തേ കേന്ദ്ര ആരോഗ്യ മന്ത്രിക്കും ഐഎംഎ പരാതി നല്‍കിയിരുന്നു. കോവിഡ് വാക്‌സിനേഷനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് നടപടി എടുക്കണമെന്ന് ഐഎംഎ കഴിഞ്ഞയാഴ്ച പ്രാധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
 

Latest News