Sorry, you need to enable JavaScript to visit this website.

ഒറ്റ പ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍, അപൂര്‍വ നേട്ടവുമായി ഒരമ്മ

ജോഹന്നസ്ബര്‍ഗ്- ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന അവകാശവാദവുമായി ദക്ഷിണാഫ്രിക്കന്‍ യുവതി.ഗൊസ്യമെ തമര സിതോള്‍ എന്ന 37കാരിയാണ് താന്‍ ഒറ്റപ്രസവത്തിലൂടെ 10 കുഞ്ഞുങ്ങളുടെ അമ്മയായതായി അവകാശപ്പെട്ടത്.
സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരം 8 കുട്ടികള്‍ ഉണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പ്രസവശേഷം ലഭിച്ചത് പത്ത് പേരെ. ഇതില്‍ ഏഴ് ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും. ഗര്‍ഭിണിയായി 7 മാസവും 7 ദിവസവും ആയപ്പോഴാണ് സിസേറിയന്‍ നടത്തിയത്. ഞാനാകെ സന്തോഷത്തിലാണ് വികാരാധീനനാണ്. കുഞ്ഞുങ്ങളുടെ പിതാവ് തെബോഹോ സോതെത്‌സി പറഞ്ഞതായി ഐഒഎല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
എട്ട് കുഞ്ഞുങ്ങളുണ്ടാകുമെന്ന് സ്‌കാനിങിന് ശേഷം ഡോക്ടര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് യുവതി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. അത്രയും കുഞ്ഞുങ്ങളെ എങ്ങനെ വയര്‍ ഉള്‍ക്കൊള്ളും, അവര്‍ അതിജീവിക്കുമോ, പൂര്‍ണ വളര്‍ച്ചയുണ്ടാകുമോ എന്നെല്ലാമായിരുന്നു ആശങ്ക. കുഞ്ഞുങ്ങളെ ഉള്‍ക്കൊള്ളാന്‍ വയര്‍ സ്വയം വികസിക്കുന്നുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.ഒരു സങ്കീര്‍ണതയുമില്ലാത കുഞ്ഞുങ്ങള്‍ വയറ്റിനുള്ളില്‍ കഴിഞ്ഞു. ദൈവത്തിന്റെ അത്ഭുത പ്രവൃത്തി എന്നല്ലാതെ എന്ത് പറയാന്‍. കുഞ്ഞുങ്ങളുടെ അമ്മ പറഞ്ഞു.
പത്ത്  കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അത് റെക്കോര്‍ഡ് തന്നെയാകുമെന്ന് ഗിന്നസ് ബുക്ക് പ്രതിനിധികള്‍ പറഞ്ഞു. നിലവില്‍ അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയ ശേഷം റെക്കോഡ് പ്രഖ്യാപിക്കും. ഗിന്നസ് ബുക്ക് അധികൃതര്‍ വ്യക്തമാക്കി.
 

Latest News